ന്യൂഡൽഹി: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് ഈമാസം 31നാണ്. കേരളം അന്ന് ചെങ്ങന്നൂരിലേക്ക് കാതോർക്കുമ്പോൾ രാജ്യം ഉറ്റുനോക്കുക ഉത്തർ പ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കുമാകും. ബിജെപിക്ക് ശക്തമായ തിരിച്ചടി നൽകാൻ വേണ്ടി രൂപംകൊണ്ട പ്രതിപക്ഷ പാർട്ടികളുടെ ഐക്യശക്തി വെളിപ്പെടുത്തുന്നെ തെരഞ്ഞെടുപ്പു ഫലവും അന്ന് പുറത്തുവരും. ഇവിടങ്ങളിലൊക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ലോക്‌സഭാ സീറ്റുകളിലാണ് ബിജെപി തോൽവി ഭയക്കുന്നത്.

ഉത്തർപ്രദേശിലെ കയ്‌റാന ലോക്‌സ ഭാ ഉപതിരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷത്തിന് കരുത്തേകി ലോക്ദൾ സ്ഥാനാർത്ഥി കൻവർ ഹസൻ രാഷ്ട്രീയ ലോക്ദളിൽ (ആൽഎൽഡി) ചേർന്ന്, മൽസരത്തിൽനിന്നു പിന്മാറി. ബിജെപിയുടെ സിറ്റിങ് സീറ്റിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി ആർഎൽഡിയുടെ തബസും ഹസനാണ് മത്സരിക്കുന്നത്. തബസുത്തിന്റെ ബന്ധുവാണ് കൻവർ ഹസൻ. കയ്‌റാന എംപിയായിരുന്ന ഹുക്കുംസിങ്ങിന്റെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന ഇവിടെ അദ്ദേഹത്തിന്റെ മകൾ മൃഗാംഗ സിങ്ങാണ് ബിജെപി സ്ഥാനാർത്ഥി. ഇവിടെ ബിജെപി തോൽവി ഭയക്കുന്നുണ്. മായാവതിയും എസ്‌പി സ്ഥാനാർത്ഥിയും ഒരുമിച്ചാമ് നിൽക്കുന്നത്.

മഹാരാഷ്ട്രയിലെ പാൽഘർ ലോക്‌സഭാ മണ്ഡലത്തിലെ പോരാട്ടം എൻഡിഎയ്ക്കുള്ളിലാണ്. ബിജെപിയോടു നേർക്കു നേർ പോരാടുന്നത് ഘടകകക്ഷിയായ ശിവസേനയും പ്രാദേശിക സഖ്യകക്ഷിയായ ബഹുജൻ വികാസ് അഘാഡി (ബിവിഎ) യും. കോൺഗ്രസും സിപിഎമ്മും മൽസരരംഗത്തുണ്ടെങ്കിലും ബലാബലം ബിജെപിയും ഘടകകക്ഷികളും തമ്മിലാണ്. ബിജെപി എംപി ചിന്താമൻ വൻഗയുടെ നിര്യാണത്തെത്തുടർന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്തേണ്ടത് പാർട്ടിയുടെ അഭിമാന പ്രശ്‌നമാണ്. അതേസമയം, വൻഗയുടെ മകൻ ശ്രീനിവാസ് വൻഗയെ തങ്ങളുടെ സ്ഥാനാർത്ഥിയായി ബിജെപിക്കെതിരെ രംഗത്തിറക്കിയിരിക്കുകയാണു ശിവസേന. കേന്ദ്രത്തിലും സംസ്ഥാനത്തും സഖ്യകക്ഷിയായ ശിവസേനയുടെ യുദ്ധ പ്രഖ്യാപനം എൻഡിഎയുടെ കെട്ടുറപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

വിദർഭയിലെ ഭണ്ഡാര-ഗോണ്ടിയ ലോക്‌സഭാ സീറ്റിൽ ബിജെപിയുടെ ഹേമന്ത് പഠ്‌ളെയും എൻസിപിയുടെ മധുകർ കുക്കാഡെയും തമ്മിലാണു പോരാട്ടം. കോൺഗ്രസ് പിന്തുണ എൻസിപിക്ക് തുണയാകുമ്പോൾ, മറുപക്ഷത്ത് ഇടഞ്ഞുനിൽക്കുന്ന ശിവസേന ബിജെപിയുടെ സമ്മർദം കൂട്ടുന്നു. പ്രധാനമന്ത്രി മോദിയോട് ഇടഞ്ഞ് ബിജെപി എംപി നാനാ പഠോളെ രാജിവച്ച് കോൺഗ്രസിൽ ചേർന്നതു മൂലമാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.

ാഗാലാൻഡിലെ ഏക ലോക്‌സഭാ സീറ്റിലേക്ക് 28നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിനെതിരെ മൽസരിക്കുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) സ്ഥാനാർത്ഥിക്കു കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.ബിജെപി ഉൾപ്പെടുന്ന പിഡിഎ സഖ്യത്തിന്റെ സ്ഥാനാർത്ഥി, മുന്മന്ത്രികൂടിയായ നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി)യിലെ ടൊക്കീഹോ യെപ്‌തൊമിയാണ്. എൻപിഎഫിലെ അപോക് ജമീറിനാണ് കോൺഗ്രസ് പിന്തുണ. ലോക്‌സഭാംഗമായിരുന്ന നെയ്ഫുറിയോ രാജിവച്ചു മുഖ്യമന്ത്രിയായതോടെയാണ് ഒഴിവു വന്നത്.

കർണാടകത്തിൽ ജെഡിഎസിന് മുഖ്യമന്ത്രിയാക്കി നടത്തിയ നീക്കം നിർണായകമായിരുന്നു. ഈ നീക്കം രാജ്യം മുഴുവൻ വ്യാപിച്ചാൽ അത് ബിജെപിക്ക് കരത്ത തിരിച്ചടിയാകും. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ദിശാസൂചികയായി മാറുമെന്നത് ഉറപ്പാണ്.