ഹൈദരാബാദ് : ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ ഇനിയും തെലുങ്കാന രാഷ്ട്ര സമിതി തന്നെ ഭരിക്കും. തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലെങ്കിലും ബിജെപിയെ ഒഴിവാക്കാനുള്ള ഒത്തു ചേരലാകും ടി ആർ എസിന് തുണയാകുക. ഫലം പ്രഖ്യാപിച്ച 149ൽ 55 വാർഡുകളിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചപ്പോൾ, 48 സീറ്റുകൾ പിടിച്ചെടുത്ത് ബിജെപി നേട്ടമുണ്ടാക്കി. കഴിഞ്ഞ ഭരണസമിതിയിൽ 4 അംഗങ്ങൾ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സമാനതകളില്ലാത്ത നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.

അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) 44 സീറ്റിലും കോൺഗ്രസ് 2 സീറ്റിലും ജയിച്ചു. 150 വാർഡുകളുള്ള ഹൈദരാബാദ് കോർപറേഷനിൽ 76 പേരുടെ പിന്തുണയാണ് ഭരണം പിടിക്കാൻ വേണ്ടത്. ടിആർഎസിനെ ഒവൈസിയുടെ എഐഎംഐഎം പിന്തുണച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് പാർ്ട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്. അതിന് ശേഷം രണ്ട് പേരും രണ്ടു വഴിക്കായി. എങ്കിലും ബിജെപിയെ അകറ്റി നിർത്തുകയെന്ന അജണ്ടയുമായി കോർപ്പറേഷനിലും വീണ്ടും ഒരുമിക്കും. കോൺഗ്രസിനാണ് വമ്പൻ തിരിച്ചടിയുണ്ടായത്.

തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എൻ.ഉത്തംകുമാർ റെഡ്ഡി രാജിവച്ചു. 4 വർഷം മുൻപു നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ ടിആർഎസ് 99 സീറ്റുകൾ നേടിയിരുന്നു. ഡിസംബർ ഒന്നിനു നടന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. പ്രചാരണരംഗത്ത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയിൽ വേരുറപ്പിക്കാനുള്ള ശ്രമഫലമായാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പ്രചാരണത്തിൽ സജീവമായത്.

ഇത് ചലനമുണ്ടാക്കിയെന്നാണ് അന്തിമ ഫലം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ സ്വാധീന മേഖലകളിൽ ഒവൈസിയുടെ പാർട്ടി വമ്പൻ വിജയം നേടി. ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾ പോലും ഒവൈസിയുടെ പാർട്ടിയുടെ സീറ്റ് നേട്ടത്തെ സ്വാധീനിച്ചില്ല. 150 വാർഡുകളിൽ നൂറിലും ടിആർഎസ്-ബിജെപി നേരിട്ടുള്ള പോരാട്ടമായിരുന്നു. ഈ വാർഡുകളിലാണ് ബിജെപി ജയിച്ചു കയറിയതെന്നാണ് റിപ്പോർട്ട്. അതായത് ടി ആർ സിന്റെ സ്വാധീനത്തിന് വെല്ലുവിളിയായി ബിജെപി മാറുകയാണ്.

തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് മുമ്പും ഈ മേഖലയിൽ ടി ആർ എസിന് വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. ഇതിനാണ് ഇടിവുണ്ടാകുന്നത്. ദക്ഷിണേന്ത്യയിൽ വേരുകൾ ശക്തമാക്കാനുള്ള നീക്കങ്ങൾക്ക് ബലം പകരുന്നതാണ് ബിജെപിക്ക് ഹൈദരാബാദിലെ നേട്ടം. പത്ത് ഇരട്ടിയോളം സീറ്റുകൾ വർധിപ്പിക്കാൻ സാധിച്ച തെലുങ്കാനയിൽ ബിജെപി ഇനി ലക്ഷ്യമിടുക 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പാകും. തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഹൈദരാബാദ് മാതൃകയിൽ വേരുകൾ ശക്തമാക്കാനാണ് ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തെലുങ്കാനയിൽ കിട്ടിയത് ഒരു സീറ്റാണ്. അതായത് വോട്ട് ശതമാനം 7.1 ശതമാനം മാത്രം. തൊട്ടടുത്ത വർഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ ആയി അത് ഉയർന്നു. വോട്ട് ശതമാനം വർധിച്ചത് 19.5 ശതമാനം ആയി. ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഉപതെരഞ്ഞെടുപ്പ് വിജയം ഹൈദരാബാദിലേക്ക് ബിജെപിയുടെ ശ്രദ്ധ തിരിച്ചു. തെലങ്കാനയിൽ ആകെയുള്ളത് 119 നിയമസഭാ മണ്ഡലങ്ങളാണ്. എഐഎംഐഎമ്മിന്റെ പിന്തുണ ഇല്ലാതെ ഹൈദരാബാദ് കോർപറേഷനിൽ ഇനി ടിആർഎസിന് ഭരണം തുടരാനാകില്ല. ഇതോടെ ഫലത്തിൽ സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷപർട്ടിയായ് ബിജെപി മാറും.

2023 ലെ തെരഞ്ഞെടുപ്പ് പ്രചാരണമാകും ഇതോടെ ബിജെപി മുൻകൂറായി തുടങ്ങുക. ഹൈദരാബാദിൽ ചുവടുറപ്പിച്ച ബിജെപി അവിടെ നിന്നും അടുത്തതായി ലക്ഷ്യമിടുന്നത് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പാണ്.