ന്യൂഡൽഹി: കേട്ടപാതി  കേൾക്കാത്ത പാതി ഹർത്താൽ പ്രഖ്യാപിക്കാൻ കാത്തിരിക്കയാണോ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ. ഇന്നലെ ന്യൂഡൽഹിയിൽവച്ച് ബിജെപി നേതാക്കളായ വി.മുരളീധരനും കെ. സുരേന്ദ്രനും ഇത്തരമൊരു ഹർത്താൽ പ്രഖ്യാപനത്തിലൂടെ ശരിക്കും അക്കിടിയിലായി.

ഭൂപതിവ് ചട്ട നിയമം ഭേദഗതിചെയ്ത് പുറത്തിറക്കിയ വിവാദ ഉത്തരവ്, സംസ്ഥാന സർക്കാർ പിൻവലിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ഇവർ വിവരം അറിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ ഹർത്താൽ ആഹ്വാനം ചെയ്യാനായി കേരളഹൗസിൽ രാത്രി ഏഴുമണിക്ക് അടിയന്തരമായി വാർത്താസമ്മേളനം വിളിച്ചാണ് ബിജെപി നേതാക്കൾ 'ശശി'യായത്.

വാർത്താസമ്മേളനം എന്തിനാണെന്ന് മാദ്ധ്യമപ്രവർത്തകരെ നേരത്തേ അറിയിച്ചിരുന്നില്ല. അടിയന്തര വാർത്താസമ്മേളനമെന്ന നിലക്ക് ചില ചാനലുകൾ ഏഴു മണിക്ക് ലൈവും നൽകി. ഭൂപതിവ് ചട്ടഭേദഗതികൊണ്ട് ആദിവാസികൾക്കുണ്ടാകുന്ന കെടുതികൾ വിശദീകരിച്ച് സംസാരിച്ചുതുടങ്ങിയ വി. മുരളീധരൻ ബിജെപി ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങുകയാണെന്ന് വ്യക്തമാക്കി.

നിയമഭേദഗതിയെക്കുറിച്ച് അൽപം വിശദീകരിച്ച്, നടത്താൻ പോകുന്ന ഹർത്താൽ അടക്കമുള്ള പ്രക്ഷോഭം മുരളീധരൻ പറയാനായി തുടങ്ങിയതും, അത് രണ്ടു മണിക്കൂർ മുമ്പ് പിൻവലിച്ചെല്ലോ എന്ന് മാദ്ധ്യമപ്രവർത്തകർ അറിയിച്ചു. സ്തബ്ധനായ മുരളീധരൻ വിശ്വാസംവരാതെ പറയുന്നത് നേരോ എന്ന് ചോദിച്ചു. അമളി മനസ്സിലാക്കി ഇനിയൊന്നും പറയാനില്ലെന്ന് പറഞ്ഞ് ഇരുനേതാക്കളും വാർത്താസമ്മേളനം പാതിവഴിക്ക് അവസാനിപ്പിക്കുന്നതുവരെ പല ചാനലുകളിലും ലൈവ് തുടർന്നു.

ബിജെപി അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തിയശേഷമാണ് ഹർത്താൽ ആഹ്വാനം നടത്താൻ ഇരുനേതാക്കളും എത്തിയത്. അമിത് ഷായുമായുള്ള ചർച്ച കഴിഞ്ഞിട്ടില്‌ളെന്നും അതിനിടയിൽ അടിയന്തര കാര്യം പറയാനായി വന്നതാണെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ വീണത് വിദ്യയാക്കാള്ള നീക്കമെന്ന നിലയിൽ , ബിജെപിയുടെ ഹർത്താൽ തീരുമാനം ചോർന്നതോടെയാണ് ഉത്തരവ് പിൻവലിച്ചതാണോയെന്ന് സംശയമുണെന്ന് ഇരുനേതാക്കളും പിന്നീട് പറഞ്ഞു.

എന്തായാലും ബിജെപിയുടെ പൊളിഞ്ഞ വാർത്താസമ്മേളനം സോഷ്യൽ മീഡിയക്ക് ആഘോഷമായി. ചമ്മുകയാണെങ്കിൽ ഇങ്ങനെ ചമ്മണമെന്ന് ചിലർ പറയുന്നത്.നവ സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് രണ്ടുമണിക്കുറായിട്ടും ഒരു വിഷയത്തിൽ അപ്‌ഡേറ്റായില്‌ളെന്നത് അത്ഭുദമാണെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രധനമാന്ത്രി സദാ സമയവും ട്വിറ്ററിൽ ജീവിക്കുമ്പോൾ അണികൾ ടീവിപോലും കാണാത്ത അവസ്ഥയാണെന്നും ബിജെപി എതിരാളികൾ പരിഹസിക്കുന്നു.