സുൽത്താൻ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാനാർത്ഥിയാക്കാൻ സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ച് പ്രസീത അഴീക്കോട്. ബിജെപി അന്വേഷണത്തെ ഭയക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ടവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കാണാതായത് ദുരൂഹമാണെന്നും പ്രസീത ആരോപിച്ചു.

തെരഞ്ഞെടുപ്പിനായി ബിജെപി നൽകിയത് മൂന്നരക്കോടി രൂപയാണെന്നാണ് പ്രസീതയുടെ അവകാശവാദം. ബത്തേരിയിലെ ബിജെപി നേതാക്കൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പണം മുഴുവൻ തെരഞ്ഞെടുപ്പിന് ചെലവഴിച്ചിട്ടില്ല. പലരും ഇത് വീതിച്ചെടുത്തു. പലരും ഇതുപയോഗിച്ച് ഭൂമി ഉൾപ്പെടെ വാങ്ങിയെന്നും പ്രസീത ആരോപിച്ചു.ബത്തേരി കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ശബ്ദസാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിക്കാനിരിക്കെയാണ് പ്രസീത ആരോപണം വീണ്ടും ശക്തമാക്കുന്നത്. കൊച്ചി കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് പ്രധാന സാക്ഷി പ്രസീത അഴീക്കോടിന്റേതടക്കമുള്ള സാമ്പിൾ എടുക്കുക.

എൻഡിഎ സ്ഥാനാർത്ഥിയാകാൻ സികെ.ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബി എസ്‌പി. സ്ഥാനാർത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്. കേസിൽ കെ.സുരേന്ദ്രനെ കഴിഞ്ഞ മാസം ചോദ്യംചെയ്തിരുന്നു. കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.