കോഴിക്കോട്: ഫാസിസത്തിനെതിരെ പുരസ്‌ക്കാരങ്ങൾ തിരച്ചുകൊടുത്തുകെണ്ട് പ്രതിഷേധിക്കുന്ന എഴുത്തുകാരന്മാരുടെയും കലാകാരുടെയും പോലെ സ്ഥാനാർത്ഥിത്വം തിരച്ചുകൊടുത്ത് പ്രതിഷേധിക്കാനും ഒരാൾ. അതും ബിജെപി നിർത്തിയ വനിതാ സ്ഥാനാർത്ഥി. സംഘ്പരിവാർ ശക്തികളുടെ സഹായത്തോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദലിതരെ ചുട്ടുകൊല്ലുന്നതിൽ പ്രതിഷേധിച്ച്, ബി.പി മൊയ്തിന്റെ നാടായ മുക്കത്തിനടുത്തെ കൊടിയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമരചിഹ്നത്തിൽ മത്സരിക്കുന്ന കെ. കമലയാണ് തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചത് .

ഹരിയാനയിലെ പട്ടികജാതി കുടുംബത്തിലെ പിഞ്ചോമനകളെ ചുട്ടു കൊല്ലുകയും, ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത നടപടിയിൽ കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ മൗനംപാലിക്കുന്നതിലും, ഉത്തര വാദപ്പെട്ട കേന്ദ്രമന്ത്രി സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതിനുപകരം പട്ടിയോട് ഉപമിച്ചതിലും മനപ്രയാസമുള്ളതുകൊണ്ടാണ് പ്രതിഷേധസൂചകമായി സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതെന്ന് കമലം മാദ്ധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ നേതൃത്വത്തിന്റെ ദളിത് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി പിന്മാറിയത് ബിജെപി ക്ക് കനത്ത തിരിച്ചടിയായി. എന്നാൽ കമലത്തിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചു എന്ന പ്രസ്ഥാവനക്ക് പിന്നിൽ സിപിഐ(എം) ഗൂഢാലോചനയാണെന്ന് ബിജെപി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിലെ ബിജെപിയുടെ ശക്തമായ സാന്നിധ്യത്തിൽ അങ്കലാപ്പിലായ സിപിഐ(എം) നേതാക്കൾ സ്ഥാനാർത്ഥിയെ ഭീഷണിയും സമ്മർദവും ചെലുത്തി പ്രസ്താവനയിൽ ഒപ്പുവെപ്പിക്കുകയായിരുന്നെന്നും പാർട്ടി ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും മണ്ഡലം പ്രസിഡന്റ് ബാബു മൂലയിൽ അറിയിച്ചു.

നേരത്തെ ബി.എസ്‌പി പ്രവർത്തകയായിരുന്ന കമലം ഇത്തവണ ബിജെപിയിലേക്ക് മാറുകയായിരുന്നു.പക്ഷേ ആരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയല്ല, ദലിത് അതിക്രമത്തിന്റെ വാർത്തകളിൽ മനം നൊന്താണ് താൻ പിന്മാറുന്നതെന്ന് കമലം 'മറുനാടൻ മലയാളിയോട്' പറഞ്ഞു.ബി.എസ്‌പി പ്രവർത്തകയായിരുന്ന താൻ മോദിയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകൾ കണ്ടാണ് ബിജെപിയിൽ ആകൃഷ്ടയാവുന്നത്.പക്ഷേ അന്ധമായ ദളിത് വിരോധത്തിന്റെമാത്രമല്ല, എന്ത് ഭക്ഷണം കഴിക്കണമെന്നുപോലും സവർണർ തീരുമാനിക്കുന്ന രീതിയിൽ കാര്യങ്ങൾ ഇപ്പോൾ മാറുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്നും ഇനി ബിജെപിയിലേക്ക് ഇല്ലെന്നും അവർ വ്യക്തമാക്കി.