കോട്ടയം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പത്മനാഭനെതിരെ വിരട്ടൽ മാത്രം. നടപടി ഇല്ല. ഇന്നലെ നടന്ന സംസ്ഥാന നേത്യയോഗത്തിൽ രൂക്ഷ വിമർശം ഉയർന്നെങ്കിലും നടപടി വേണ്ടന്ന നിലപാടിൽ കോർകമ്മറ്റിയിൽ തീരുമാനിച്ചു. ചേഗുവരെ സ്തുതിച്ച പത്മനാഭനെതിരെ കടുത്ത നടപടിയാണ് സംസ്ഥാന കൗൺസിലിന്റെ ആദ്യ ദിനത്തിൽ നടന്ന നേതൃയോഗത്തിൽ ഉയർന്നത്. ഭൂരിപക്ഷവും പത്മനാഭന്റെ പ്രസ്താവന അനവസരത്തിലും പ്രസ്ഥാനത്തിന്റെ ആശയത്തിന് എതിരാണെന്നും വാദിച്ചു.

സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും അഭിപ്രായത്തിന് മുൻതൂക്കം ലഭിച്ചു നടപടി താക്കീതിലൊതുക്കാൻ സി.കെ.പി ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യം. അതേ സമയം വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമെന്ന നിലപാടിൽ നിന്നു പിന്മാറാൻ സി.കെ പത്മനാഭൻ തയാറായിട്ടില്ല.അതെ സമയം സി.കെ പത്മനാഭൻ നടത്തിയ പ്രസ്ഥാവന നേത്യയോഗം പൂർണ്ണമായി തള്ളി.സി.കെ.പിയുടെ പ്രശ്നം ഇന്നലെ കൊണ്ട് അവസാനിപ്പിക്കാൻ തീരുമാനമായി. ചെഗുവേരയെയും കമലിനെയും എം ടിയെയും വിമർശിച്ച എ.എൻ രാധാകൃഷ്ണനെ തള്ളി പരസ്യ നിലപാടുകളുമായി രംഗത്ത് വന്ന മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭനെതിരെ കടുത്ത നടപടി വേണമെന്ന അഭിപ്രായമാണ് നേതൃയോഗത്തിൽ ഉയർന്നത്. യോഗത്തിൽ പങ്കെടുത്ത കെ. സുരേന്ദ്രന് മാത്രമായിരുന്നു ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം.

സി.കെ.പി മുമ്പും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുള്ളതിനാൽ അതിനെ അത്തരത്തിൽ കണ്ടാൽ മതിയെന്ന് സുരേന്ദ്രൻ വാദിച്ചു. എന്നാൽ ആർ.എസ്.എസ് നേതൃത്വം വിഷയം ഗൗരവമായിത്തന്നെ കാണണമെന്ന് നേതാക്കളെ അറിയിച്ചു. ചെഗുവേരയെ പ്രകീർത്തിക്കേണ്ട പാർട്ടിയല്ല ബിജെപി. അത്തരം നിലപാടുകൾ സ്വീകരിക്കാൻ പാർട്ടിക്കാകില്ല. സി.കെ പത്മനാഭന്റെ പ്രസ്ഥാവന അനുചിതമെന്നും അവർ ബിജെപി നേതാക്കളെ അറിയിച്ചു. ആർ എസ് എസ് എടുത്ത പരസ്യ നിലപാടാണ് സികെ പത്മനാഭനെതിരെ ആക്രമണം ശക്തമാക്കാൻ ബിജെപി നേതാക്കളേയും പ്രേരിപ്പിച്ചത്.

അതേ സമയം വിവാദങ്ങൾക്ക് തുടക്കമിട്ട എ.എൻ രാധാകൃഷ്ണനെതിരെ കൂടുതൽ ചർച്ചകൾ നടന്നില്ല.എന്നാൽ ഒ.രാജഗോപാൽ രാധാക്യഷ്ണന്റെ പ്രസ്ഥാവനയക്കെതിരെ യോഗത്തിൽ പ്രതികരിച്ചു.ഇന്ന നടക്കുന്ന സംസ്ഥാനകമ്മറ്റിയോഗത്തിൽ ഇതിനെതിരെ ശബ്ദം ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല. പാർട്ടിയുടെ സംസ്ഥാനത്തെ വളർച്ചയുടെ ഘട്ടത്തിൽ ഇതുവേണ്ടിയിരുന്നില്ല എന്ന നിലപാടിൽ വിവിധ നേതാക്കൾ രംഗത്തുണ്ട്. ഇന്നത്തെ യോഗത്തിൽ രാധാക്യഷ്ണൻ പരസ്യ വിമർശനത്തിനും ചെറിയ നടപടിക്കും വിധേയനാകുമെന്നാണ് അറിയുന്നത്. എഎൻ രാധാകൃഷ്ണനെ നിയന്ത്രിക്കണമെന്ന ആഗ്രഹം ആർ എസ് എസിനുമുണ്ട്.

ന്യൂനപക്ഷ മേഖലയിൽ സ്വാധീനം ഉറപ്പിക്കാനും കൗൺസിലിലൂടെ പാർട്ടി ലക്ഷ്യമിടുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസർക്കാരിന്റെ വികസന പരിപാടികൾ താഴേത്തട്ടിലേക്കു എത്തിക്കാനുള്ള കർമപദ്ധതി ആവിഷ്‌കരിക്കുകയാണു മുഖ്യ അജൻഡ. ന്യൂനപക്ഷങ്ങൾക്കു സ്വാധീനമുള്ള കോട്ടയം തിരഞ്ഞെടുത്തതും ഇക്കാര്യം മുന്നിൽകണ്ടുതന്നെയാണ്.കേന്ദ്രബോർഡുകളിൽ സ്ഥാനം ലഭിക്കാത്തതിൽ വിമർശനമുയർന്നു. സഭാമേലധ്യക്ഷന്മാരുമായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇതിനോടകം പലകുറി ചർച്ചകളും നടത്തി.

ഇന്ന് നടക്കുന്ന സംസ്ഥാന കമ്മറ്റിയോഗത്തിൽ ദേശീയ ജനറൽമാരായ നളീൻകുമാർ കട്ടീൽ,എച്ച് രാജ എന്നിവർ പങ്കെടുക്കും.നാളെ സംസ്ഥാന കൗൺസിൽ യോഗത്തിൽ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും.