ലഖ്നൗ: യു.പി തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പുറത്തുവരുന്ന ആദ്യഫല സൂചനകൾ ബിജെപിക്ക് അനുകൂലം. പതിനൊന്ന് കോർപറേഷനുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ബി.എസ്‌പി നാലിടത്തും കോൺഗ്രസ് ഒരിടത്തും മുന്നിട്ടു നിൽക്കുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന ഫലവും. ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയ ശേഷം യോഗി ആദിത്യനാഥ് നേരിടുന്ന ആദ്യ അഗ്‌നിപരീക്ഷയാണ് ഇത്. ഗുജറാത്തിലെ വോട്ടെടുപ്പിന് മുമ്പുള്ള ഫലമായതു കൊണ്ട് തന്നെ ബിജെപിക്കും ഏറെ നിർണ്ണായകമായിരുന്നു ഈ ജനവിധി.

പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലും തെരഞ്ഞെടുപ്പ് കാലമാണ്. പതിനാറ് മുനിസിപ്പൽ കോർപറേഷനുകളിലേക്കും 198 മുനിസിപ്പൽ കൗൺസിലുകളിലും 438 നഗര പഞ്ചായത്തുകളിലുമാണ് മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. വാരണാസി, അലഹബാദ്, ലഖ്നൗ, കാൺപൂർ, ഗസ്സിയാബാദ്, മീററ്റ് , ആഗ്ര, ഗൊരഖ്പൂർ, മൊറാദാബാദ്, ബറേലി, അയോധ്യ എന്നിവിടങ്ങളിലാണ് ബിജെപിക്ക് മുന്നേറ്റം. ഫിറോസാബാദ്, സഹരൺപുർ, അലിഗഡ്, ഝാൻസി എന്നിവിടങ്ങളിലാണ് ബി.എസ്‌പി ലീഡ് ചെയ്യുന്നത്. മഥുരയാണ് കോൺഗ്രസിനൊപ്പം നിൽക്കുന്നത്.

എന്നാൽ സമാജ്വാദി പാർട്ടിക്ക് ഒരിടത്തുപോലും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ചില വാർഡുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. സിതാപൂരിലെ ലെഹെർപുർ, ഫിറോസാബാദിലെ ഒരു വാർഡ് എസ്‌പിക്കൊപ്പമാണ്.