- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് ഗോപിയും മുരളീധരനും മത്സരിക്കും; മോദിയുടെ മനസ്സിലുള്ളത് പുതിയ മുഖങ്ങൾ; എംടി രമേശിനോട് ഇനിയും തടിച്ചില്ലേ എന്നും ഫൊട്ടോഗ്രാഫർ റെഡിയെന്നുമുള്ള ട്രോളുകളിൽ പ്രധാനമന്ത്രി ഒളിപ്പിക്കുന്നതും അതൃപ്തി; വന്ന ആളുകളിൽ വേഗം ഉയർന്നത് അബ്ദുല്ലക്കുട്ടിയെന്ന പരാമർശത്തിലും ചർച്ചകൾ; കണ്ണൂർ നേതാവ് കേന്ദ്രമന്ത്രിയാകുമോ?
കൊച്ചി: കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളെ മുഖത്ത് നോക്കി ട്രോളിയെന്ന് സൂചന. കോർകമ്മിറ്റി യോഗത്തിന്റെ തുടക്കത്തിൽ സംസ്ഥാന നേതാക്കളെ പരിചയപ്പെടുന്നതിനിടെ, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശിനോട് ഇനിയും തടിച്ചില്ലേ എന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുമൊത്ത് ഫോട്ടോ എടുക്കാനുള്ള നേതാക്കളുടെ താൽപര്യം വി.മുരളീധരൻ അറിയിച്ചപ്പോൾ, അവരുടെ മനസ്സ് അറിയാമെന്നും അതിനാൽ ഫൊട്ടോഗ്രഫർ നേരത്തേ റെഡിയാണെന്നും മോദി പറഞ്ഞു. ഇതെല്ലാം ഫോട്ടോ എടുക്കാനുള്ള താൽപ്പര്യം മാത്രമേ നേതാക്കൾക്കുള്ളൂവെന്ന പരിഹാസമായിരുന്നു.
കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുമ്പോൾ കേരളത്തിൽ നിന്ന് പുതിയ മുഖത്തിന് അവസരം കിട്ടും. അത് എപി അബ്ദുള്ള കുട്ടിയാകുമെന്ന ചർച്ചയും സജീവമാണ്. കേരളത്തിലെ പാർട്ടിയിലേക്കു വന്ന ആളുകളിൽ വേഗം ഉയർന്നത് അബ്ദുല്ലക്കുട്ടിയെന്ന് പ്രധാനമന്ത്രി കൊച്ചിയലെ യോഗത്തിനിടെ പറഞ്ഞിരുന്നു. വിവിധ തലങ്ങളിലെ ആളുകളെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുമ്പോഴായിരുന്നു പാർട്ടി ദേശീയ വൈസ് പ്രസിഡന്റിനെക്കുറിച്ചുള്ള പരാമർശം. ഇനിയും നിരവധിപേർ സംഘടനയിലേക്കു കടന്നുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം അബ്ദുല്ലകുട്ടി കേന്ദ്രമന്ത്രിയാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ വി മുരളീധരൻ കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കാനും സാധ്യതയുണ്ട്. രാജി വച്ച ശേഷം മത്സരത്തിനെത്തിയാൽ അത് ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാൻ വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. ജയം ഉറപ്പിച്ചാണ് രാജി വച്ചതെന്ന ചർച്ചകളും ഉയർത്താം. ഈ സാഹചര്യത്തിലാണ് അബ്ദുല്ലകുട്ടിയുടെ മന്ത്രിപദത്തിലും ചർച്ച സജീവമാകുന്നത്. കുമ്മനം രാജശേഖരൻ, മിസോറാം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള എന്നിവരും മന്ത്രിയാകാൻ സാധ്യതയുള്ളവരാണ്.
ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണത്തിനും സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കുമായി ഇന്നു ദേശീയ നേതാക്കളെത്തും. കേരളത്തിന്റെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരാണു തൃശൂരിൽ നടക്കുന്ന യോഗത്തിനെത്തുന്നത്. സംസ്ഥാന ഭാരവാഹികളും മുതിർന്ന നേതാക്കളുമാണു തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയിലുള്ളത്. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിമാരും യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയ് യാത്ര 21 ന് തുടങ്ങും. യാത്രയ്ക്കൊപ്പം സ്ഥാനാർത്ഥി നിർണയ ചർച്ചകളും നടക്കും. മുതിർന്ന നേതാക്കളെല്ലാം മത്സരിക്കേണ്ടി വരും. എംപിമാരായ സുരേഷ് ഗോപിയും വി.മുരളീധരനും ഉൾപ്പെടെ മത്സരരംഗത്തുണ്ടാകുമെന്നാണു സൂചന. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കാര്യത്തിൽ പ്രഭാരിമാരുടെ അഭിപ്രായം നിർണ്ണായകമാകും. ജയത്തിൽ കുറഞ്ഞൊന്നും കാര്യമില്ലെന്ന സന്ദേശമാണു കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി കൈമാറിയത്. മറ്റു സംസ്ഥാനങ്ങളെല്ലാം ബിജെപിയെ ജയിപ്പിക്കുമ്പോൾ കേരളം ഇനിയും വൈകരുത്. അതിനായി സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്നും നിർദ്ദേശിച്ചു.
സംസ്ഥാനത്ത് ബിജെപിയുടെ സമീപനവും രീതിയും മാറ്റിയേ തീരൂവെന്ന് മോദി പറഞ്ഞതും നേതൃത്വത്തിനെതിരെയുള്ള വിമർശനമാണ്. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിനുള്ള തടസം നീക്കാൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെ തയാറാകണമെന്ന സൂചനയും നരേന്ദ്ര മോദിയുടെ വാക്കുകളിലുണ്ടായിരുന്നു. 'കേരളത്തിൽ പാർട്ടി ശക്തമാണ്, വളർന്നുകൊണ്ടുമിരിക്കുന്നു, സമർപ്പിതരായ പ്രവർത്തകരും ധാരാളം. എന്നാൽ മതിൽ കെട്ടിയതുപോലെ നിർത്താനുള്ളതല്ല സംഘടന. എല്ലാവരെയും ഉൾക്കൊള്ളാൻ പാകത്തിന് അതു വിപുലമാക്കണം. വർഷങ്ങളായുള്ള മുഖങ്ങൾ തന്നെയാണ് ഞാൻ ഇപ്പോഴും കാണുന്നത്. ദേശീയതലത്തിൽ പലഭാഗത്തുനിന്നും ആളുകൾ പാർട്ടിയിലേക്കു വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലും അതുവേണം. അതിനായി എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. മികച്ച പ്രവർത്തനത്തിനുള്ള സാഹചര്യം ഇവിടെയുണ്ട്. അതു കൃത്യമായും സമയത്തിനും പ്രയോഗിക്കണം. കീഴടക്കാൻ കഴിയുമെന്നു സ്വയം ചിന്തിക്കണം. കേരളത്തിൽ വിജയം നേടാൻ കഴിയുമെന്ന് 100% എനിക്ക് ഉറപ്പുണ്ട്.' മോദി പറഞ്ഞു.
സാധാരണക്കാർക്കും മധ്യവർത്തി കുടുംബങ്ങൾക്കുമുള്ള കേന്ദ്ര പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങൾ ജനങ്ങൾക്കിടയിലെത്തിക്കാൻ പ്രവർത്തകർ ശ്രമിക്കണമെന്നും കേരളം പോലൊരു സംസ്ഥാനത്ത് വികസനം തന്നെയാണ് പ്രധാന പ്രചാരണ വിഷയമാക്കേണ്ടതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കേന്ദ്രപദ്ധതികളിൽ അവകാശവാദമുന്നയിച്ച് സംസ്ഥാന സർക്കാർ പത്രങ്ങളിലും ചാനലുകളിലും വ്യാപക പ്രചാരണവും പരസ്യവും നൽകുന്നുവന്ന് ചില സംസ്ഥാന നേതാക്കൾ അറിയിച്ചപ്പോൾ, സമൂഹമാധ്യമങ്ങൾ ശക്തമായി ഉപയോഗിച്ചാൽ അതിനെയെല്ലാം മറികടക്കാമെന്നായിരുന്നു മോദിയുടെ മറുപടി. അതുവഴി പദ്ധതികളെക്കുറിച്ചും അതിന്റെ ഗുണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഓരോ വ്യക്തിയിലേക്കും എത്തിക്കാം. ബംഗാളിൽ ഇത്തരത്തിൽ 3 ലക്ഷം വാട്സാപ് ഗ്രൂപ്പുകളാണ് സംഘടന ഉപയോഗിച്ചത്. അതിനു ഫലവുമുണ്ടായി-പരാതിക്കപ്പുറം പ്രവർത്തിക്കണമെന്ന സന്ദേശം അദ്ദേഹം നൽകി.
പാർട്ടി കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു കോർകമ്മിറ്റി യോഗം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സാന്നിധ്യത്തിൽ, പി.എസ്. ശ്രീധരൻപിള്ള ഒഴികെ, ഒ.രാജഗോപാലും കേന്ദ്രമന്ത്രി വി. മുരളീധരനും ഉൾപ്പെടെയുള്ള മുൻ സംസ്ഥാന പ്രസിഡന്റുമാർ, പ്രഭാരി സി.പി. രാധാകൃഷ്ണൻ, സഹപ്രഭാരി വി.സുനിൽകുമാർ, ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംഘടനാസെക്രട്ടറി എം.ഗണേശ്, പി.സുധീർ എ.എൻ.രാധാകൃഷ്ണൻ, സി.കൃഷ്ണകുമാർ, എം ടി.രമേശ് തുടങ്ങിയവർ യോഗത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ