- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ; മർദ്ദനമേറ്റത് ജന്മഭൂമി ഫോട്ടോഗ്രാഫർ ദിനേശിന്; പ്രതിഷേധം അറിയിച്ച മാധ്യമപ്രവർത്തകരോട് ക്ഷമാപണം നടത്തി നേതാക്കൾ
കോഴിക്കോട്: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ. ജന്മഭൂമി ഫോട്ടോഗ്രാഫർ ദിനേശിനാണ് ബിജെപി പ്രവർത്തകരുടെ മർദനമേറ്റത്. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇയാളെ സ്മൃതി ഇറാനി സന്ദർശിച്ചു.
റോഡ് ഷോ നടക്കുന്നതിനിടെ കക്കോടി പരിസരത്ത് വെച്ച് ഒരു സംഘം ബൈക്കുമായി വാഹനത്തിന് മുന്നിലേക്ക് കയറി. ഇതിനിടെ ഫോട്ടോ എടുക്കുകയായിരുന്ന ദിനേശുമായി വാക്ക് തർക്കത്തിലാവുകയും മർദിക്കുകയുമായിരുന്നു. കക്കോടി മുതൽ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ റോഡ് ഷോ ഉണ്ടായിരുന്നത്.
സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ നടത്താൻ തീരുമാനിച്ചത്. ഇതുപ്രകാരം വാഹനത്തിൽ കയറിനിന്ന ഇവർ അൽപം കഴിഞ്ഞ് തനിക്ക് യാത്ര ചെയ്യാൻ സ്കൂട്ടർ ലഭിക്കുമോയെന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് സംഘാടകർ സ്കൂട്ടർ എത്തിച്ചു. സ്കൂട്ടറിൽ യാത്ര തുടർന്നതോടെ വാഹനത്തിന് മുന്നിൽ ഫോട്ടോഗ്രാഫർമാരും ഓടാൻ തുടങ്ങി. കക്കോടി പൊക്കിരാത്ത് ബിൽഡിങ്ങിന് മുന്നിലെത്തിയതോടെ പ്രകടനത്തിലുള്ളയാൾ ദിനേശനോട് തട്ടിക്കയറുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇതേതുടർന്ന് മറ്റുള്ളവരും അടിക്കാൻ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ തടയുകയായിരുന്നു. പ്രകടനത്തിലുള്ള ചിലർ തന്നെ ജന്മഭൂമി ഫോട്ടോഗ്രാഫർ ആണെന്നും ആക്രമിക്കരുതെന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു.
മാധ്യമപ്രവർത്തകർ ബിജെപി നേതാക്കളോട് മർദ്ദനെത്തെക്കുറിച്ച് ഉടൻ പരാതി പറഞ്ഞപ്പോൾ ജാഥയിൽ സിപിഎം പ്രവർത്തകർ കയറിക്കൂടിയോ എന്ന് പരിശോധിക്കുമെന്നാണ് പറഞ്ഞത്. മർദിച്ച ആളിന്റെ ഫോട്ടോ കാമറയിൽ ഉണ്ടെന്ന് പറഞ്ഞതോടെ മറ്റ് നേതാക്കൾ എത്തി ക്ഷമ ചോദിച്ചു. ഇതിനിടെ മാധ്യമ പ്രവർത്തകരിൽ ചിലർ പരിപാടി ബഹിഷ്കരിക്കുന്നതായി അറിയിച്ചതിനെ തുടർന്ന് ജില്ല വൈസ് പ്രസിഡൻറ് ടി. ദേവദാസ് ഉൾപ്പെടെയുള്ളവർ ക്ഷമാപണം നടത്തി. വാഹനം നിർത്തിച്ച് സ്ഥാനാർത്ഥി ടി.പി. ജയചന്ദ്രൻ മാസ്റ്ററോടും മാധ്യമ പ്രവർത്തകർ പരാതി അറിയിക്കുകയും ചെയ്തു. റോഡ് ഷോക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫർക്ക് തന്നെ മർദനമേറ്റത് ബിജെപിക്ക് നാണക്കേടായി.
മൂന്ന് ന്യൂസ് ഫോട്ടോഗ്രാഫർമാരും ജനം ചാനൽ സംഘവുമായിരുന്നു പ്രോഗ്രാം കവർ ചെയ്യാനായി സ്ഥലത്തുണ്ടായിരുന്നത്. ജന്മഭൂമി ഫോട്ടോഗ്രാഫർ കൂടുതൽ മികച്ച ഫോട്ടോയ്ക്ക് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് മർദ്ദനമുണ്ടായത്. ജന്മഭൂമി ഫോട്ടോഗ്രാഫറാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടരുകയായിരുന്നു. ന്യൂസ് ഫോട്ടോഗ്രാഫറെ അക്രമിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കാൻ തയ്യാറാകണമെന്ന് ആശുപത്രിയിൽ ദിനേശ് കുമാറിനെ സന്ദർശിക്കാനെത്തിയ സ്മൃതി ഇറാനിയോട് പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു.
തൊഴിലിനിടയിൽ മാധ്യമ പ്രവർത്തകരെ അക്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ദിനേശ് കുമാറിനെ ആക്രമിച്ചവരിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. ദിനേശിന് മികച്ച ചികിത്സ ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും അവർ പറഞ്ഞു. മുമ്പ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകരുടെ കല്ലേറിലും ജന്മഭൂമി ഫോട്ടോഗ്രാഫർ ദിനേശ് കുമാറിന് പരിക്കേറ്റിരുന്നു.