ഭുവനേശ്വർ:കേരളത്തിനെ സംബന്ധിച്ച് ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പൊക്കെ അക്ഷാരാർത്ഥത്തിൽ ഞാണിന്മേൽ കളിയാണ്.തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം.അതുകൊണ്ട് തന്നെ എന്ത് സാഹസത്തിനും മുതിർന്നാണ് അവിടത്തെ പാർട്ടി പ്രവർത്തകർ നിൽക്കുന്നത്.

സ്ട്രോംഗ് റൂമിലും വലിയ സുരക്ഷയിലുമെല്ലാം ബാലറ്റ് പെട്ടികൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് സൂക്ഷിച്ചുവയ്ക്കുന്നതാണ് നമ്മൾ കേരളത്തിലുള്ളവർ കണ്ടിരിക്കുന്നത്. എന്നാൽ താഴത്ത് വച്ചാൽ ഉറുമ്പരിച്ചാലോ തലയിൽ വച്ചാൽ പേനരിച്ചാലോ എന്ന് പേടിയുള്ളവരാണ് ഒഡീഷയിലെ ഒരുകൂട്ടം ബിജെപി പ്രവർത്തകർ.

അവർ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പെട്ടിയിൽ മറ്റാരും കൃത്രിമം നടത്തുന്നില്ല എന്നുറപ്പാക്കാൻ നിരീക്ഷണത്തിന് ഉയരമുള്ളൊരു ഏറുമാടം കെട്ടി.പകലും രാത്രിയും ഇവിടെ ഊഴം വച്ച് കാവലിരുന്ന് തങ്ങളുടെ വോട്ട് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയാണ് ഇവർ.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ കിയോഞ്ചർ ജില്ലയിലെ ഹരിചന്ദൻപൂർ സർക്കാർ സ്‌കൂളിലെ രണ്ടാം നിലയിലാണ് ബാലറ്റ് പെട്ടി സൂക്ഷിച്ച സ്ട്രോംഗ് റൂം. ഭരണകക്ഷിയായ ബിജു ജനതാദൾ അട്ടിമറി നടത്തുമോ എന്ന് ഭയന്ന ബിജെപി പ്രവർത്തകരാണ് ഇത്തരത്തിൽ വാച്ച്ടവർ കെട്ടി കാവലിരിക്കുന്നത്.

നാളെയാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം.20 മീറ്റർ ഉയരവും 10 മീറ്റർ വീതിയുമുള്ളതാണ് ഈ ഏറുമാടം. അഞ്ചുപേർക്ക് ഒരുസമയം ഇവിടെ കയറാം. ഇവിടെ ഷിഫ്റ്റ് അനുസരിച്ച് ആളുകൾ കയറി നിരീക്ഷിക്കും. താഴെയായി അൻപത് പേരും കാവലിരിക്കുന്നുണ്ട്. അട്ടിമറി ഭയന്നാണ് സ്ട്രോംഗ് റൂമിനെ നിരീക്ഷിക്കാൻ പാകത്തിന് ഈ ഏറുമാടം കെട്ടിയതെന്നാണ് ബിജെപിയുടെ ബ്‌ളോക്ക് കോ ഓർഡിനേറ്റർ സുശാന്ത് കുമാർ പറയുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് ഒഡീഷയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.