ന്യൂഡൽഹി: 'മാനസസരോവർ തടാകത്തിലെ ജലം ശാന്തവും സൗമ്യവും, പ്രസന്നവുമാണ്. അത് എല്ലാം നൽകുന്നു..ഒന്നും നഷ്ടപ്പെടുത്തുന്നില്ല. ആർക്കും ഈ ജലം നുകരാം. ഇവിടെ വെറുപ്പോ, വിദ്വേഷമോ ഇല്ല, അതുകൊണ്ടാണ് മാനസസരോവറിനെ നമ്മൾ ആരാധിക്കുന്നത്, രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മാനസസരോവർ യാത്രയ്ക്ക് പിന്നാലെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ട്വിറ്റർ പേജിൽ രാഹുൽ ഇതുകുറിച്ചത്. എന്നാൽ, സംഗതി ഫോട്ടോഷോപ്പാണെന്നാണ് ബിജെപി ആരോപണം. രാഹുലിന്റെ കൈലാസ് മാനസസരോവർ യാത്ര ഓരോ ദിവസവും പുതിയ വിവാദങ്ങൾക്ക് വഴി തുറക്കുകയാണ്. നേരത്തെ കാഠ്മണ്ഡുവിലെ റെസ്റ്റോറന്റിൽ സസ്യേതര ഭക്ഷണം കഴിച്ചുവെന്നായിരുന്നു ആരോപണം. ഇപ്പോൾ തീർത്ഥാടനത്തിലെ ചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്.

മറ്റൊരു തീർത്ഥാടകനൊപ്പം വാക്കിങ് സ്റ്റിക്കുമേന്തി രാഹുൽ നിൽക്കുന്ന ഫോട്ടോ ഫോട്ടോഷോപ്പാണെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചത്. ചിത്രത്തിൽ രാഹുലിന്റേയും കൂടെയുള്ള ആളുടേയും നിഴൽ കാണുന്നുണ്ടെന്നും എന്നാൽ വാക്കിങ് സ്റ്റിക്കിന്റെ നിഴൽ കാണുന്നില്ലെന്നും അതുകൊണ്ട് ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്നുമാണ് മന്ത്രിയുടെ ആരോപണം. രാഹുലിന്റെ ട്വീറ്റിന് മറുപടിയായി ബിജെപി വക്താവ് അമിത് മാളവ്യയാണ് രംഗത്ത് വന്നത്. ഭഗവാൻ ശിവനെയാണ് അങ്ങനെ പരാമർശിച്ചതെന്നും ട്രക്കിങ് എന്ന ഉദ്ദേശത്തിന് വേണ്ടി മാത്രമാണ് രാഹുൽ ഗാന്ധി കൈലാസയാത്ര നടത്തുന്നതെന്നും അത് തീർത്ഥാടനത്തിന്റെ സാംസ്‌കാരികവും മതപരവുമായ പ്രത്യേകതകളെ അവഹേളിക്കുന്നതാണെന്നാണ് അമിത് മാളവ്യ ആരോപിച്ചത്.

യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ചിക്കൻ സൂപ്പ് കഴിച്ചുവെന്നും ബിജെപി ആരോപിച്ചിരുന്നു. മാനസരോവർ യാത്രയിൽ മാംസാഹാരം കഴിച്ച് രാഹുൽ ഗാന്ധി ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ രാഹുൽ സസ്യാഹാരം മാത്രമാണ് കഴിച്ചതെന്ന് വ്യക്തമാക്കി ഹോട്ടലധികൃതർ തന്നെ രംഗത്തെത്തിയിരുന്നു. 12 ദിവസത്തെ മാനസസരോവർ യാത്രയ്ക്കായ് ഓഗസ്റ്റ് 31 നാണ് രാഹുൽ ഗാന്ധി യാത്ര തിരിച്ചത്. 13 മണിക്കൂർ കൊണ്ട് 34 കിലോമീറ്ററാണ് അദ്ദേഹം നടന്നത്.ഒരാൾ കൈലാസത്തിലേക്ക് പോകുന്നത് അവന് ഉൾവിളി വരുമ്പോഴാണ്. ഈ മനോഹര യാത്രയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നുവെന്ന് ആമുഖത്തോടെയാണ് രാഹുൽ ട്വീറ്റ് ചെയ്തത്.