ന്യൂഡൽഹി : ചണ്ഡീഗഡ് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം . ഫലമറിവായ 22 സീറ്റുകളിൽ 18 ഉം ബിജെപി ശിരോമണി അകാലിദൾ സഖ്യം നേടി. ബിജെപി 17 സീറ്റുകളും അകാലിദൾ ഒരു സീറ്റും നേടി. കോൺഗ്രസിന് മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

ഒരു സീറ്റ് സ്വതന്ത്രനാണ്. രണ്ട് സീറ്റുകളിൽ ബിജെപി മുന്നിൽ നിൽക്കുന്നെന്നാണ് റിപ്പോർട്ട്. ബിജെപി മുന്നേറ്റത്തിൽ ചണ്ഡീഗഡ് കോൺഗ്രസ് വനിത അദ്ധ്യക്ഷ പൂനം ശർമ പരാജയപ്പെട്ടു. ബിജെപിയുടെ സുനിത ധവാനാണ് വിജയിച്ചത്. നേരത്തെ ബിജെപി- അകാലിദൾ സഖ്യത്തിന് 12 സീറ്റുകളും കോൺഗ്രസിന് 11 ഉം ബിഎസ്‌പിക്ക് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു ശേഷം നടന്ന എല്ലാ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയമാണ് നേടിയത് . മഹാരാഷ്ട്രയിലും ഗുജറാത്തിലും കോൺഗ്രസിനെ നിഷ്പ്രഭമാക്കിയ ബിജെപി ഉപതെരഞ്ഞെടുപ്പുകളിലും മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്.