പാട്‌ന: ആസന്നമായ ബീഹാർ തിരഞ്ഞെടുപ്പിൽ ആര് നേട്ടമുണ്ടാക്കുമെന്നത് അപ്രവചനീയമായ തലത്തിലേക്ക് നീങ്ങുന്നു. ബിജെപി സഖ്യവും ലാലു പ്രസാദ് യാദവ്-നിതീഷ് കുമാർ സഖ്യവും തമ്മിലുള്ള അന്തരം വളരെ നേർത്തുനേർത്ത് വരികയാണ്. ടൈംസ് നൗ നടത്തിയ അഭിപ്രായ സർവേയിൽ ബിജെപിക്ക് നേരീയ മുൻതൂക്കം മാത്രമാണുള്ളത്.

സർവേ അനുസരിച്ച് ബിജെപി സഖ്യം 117 സീറ്റിൽ വിജയിക്കും. നിതീഷ് കുമാറിന്റെ സഖ്യം 112 സീറ്റിലും.14 സീറ്റുകളിൽ മറ്റുള്ള കക്ഷികളും വിജയിക്കും. 243 അംഗ നിയമസഭയിൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ഒരുമുന്നണിക്കും ഉണ്ടാവില്ലെന്നാണ്ഈ സർവേ സൂചിപ്പിക്കുന്നത്. വോട്ട് വിഹിതത്തിൽ ഇരുമുന്നണികളും തമ്മിൽ ഒരു ശതമാനത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂ. ബിജെപി സഖ്യത്തിന് 43 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, ലാലു-നിതീഷ് സഖ്യത്തിന് 42 ശതമാനം വോട്ടുകൾ നേടാനാവും.

ബിജെപി സഖ്യത്തിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നുവെങ്കിലും സംവരണത്തെച്ചൊല്ലി ആർ.എസ്.എസ്. നേതാക്കൾ നടത്തിയ വിവാദ പരാമർശം അത് നഷ്ടപ്പെടുത്തിയെന്നാണ് സൂചന. പിന്നോക്ക വിഭാഗക്കാർ ഏറെയുള്ള ബീഹാറിൽ സംവരണം ചൂടുപിടിച്ച വിഷയമാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സംവരണം അനാവശ്യമാണെന്ന തരത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവത് നടത്തിയ പരാമർശങ്ങൾ ബീഹാറിൽ തിരിച്ചടിയാകുമോ എന്നും ബിജെപി നേതൃത്വം ഭയക്കുന്നുണ്ട്

സെപ്റ്റംബർ ആദ്യവാരം നടത്തിയ സർവേയിൽ നിതീഷ് കുമാർ സഖ്യം 124 സീറ്റുകൾ നേടുമെന്നാായിരുന്നു സൂചന. ബിജെപി സഖ്യം 102 സീറ്റുകളും. അവിടെനിന്ന് നില മെച്ചപ്പെടുത്തി വരുമ്പോഴാണ് സംവരണ പ്രസ്താവന വരുന്നത്. ഇതേത്തുടർന്ന് പ്രശ്‌നം ലാലു പ്രസാദ് യാദവടക്കമുള്ളവർ ഏറ്റെടുക്കുകയും ആർ.എസ്.എസിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടാൻ ബിജെപിക്ക് മികച്ചൊരു നേതാവില്ല എന്ന പോരായ്മയും ബീഹാറിലുണ്ട്. സർവേയിൽ പങ്കെടുത്ത 47 ശതമാനം പേരും നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തണമെന്ന് അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. ബിജെപി സഖ്യം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുന്ന സുശീൽ മോദിയെ 16 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയെ 6.7 ശതമാനം പേരും ബിജെപി നേതാവ് ഷാനവാസ് ഹുസൈനെ 5.4 ശതമാനം പേരും അനുകൂലിക്കുന്നു.