ന്യൂഡൽഹി; ഛത്തീസ്‌ഗഡിൽ പുത്തൻ കരുനീക്കവുമായി ബിജെപി. തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനർത്ഥി പട്ടിക പ്രഖ്യാപിച്ചു. മോശം പ്രകടനം കാഴ്ചവച്ച 14 എംഎൽഎമാരെ വെട്ടിയും 14 സ്ത്രീകൾക്കു സീറ്റ് നൽകിയും ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടികയുമായി ബിജെപിയെത്തിയത്. ഛത്തീസ്‌ഗഡിൽ കോൺഗ്രസിന് വമ്പൻ തിരിച്ചടി കൊടുത്ത് ബിജെപിയിൽ ചേർന്ന പാർട്ടിയുടെ വർക്കിങ് പ്രസിഡന്റും മുതിർന്ന നേതാവും എംഎൽഎയുമായ രാം ദയാൽ ഉയിക്കും സീറ്റ് നൽകിയിട്ടുണ്ട്.

അതേസമയം 2013 ലെ തിരഞ്ഞെടുപ്പിൽ തോറ്റ 14 നേതാക്കൾക്ക് വീണ്ടും സീറ്റ് നൽകിയിട്ടുമുണ്ട്. 91 അംഗ നിയമസഭയിൽ 77 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയമാണ് പൂർത്തിയാക്കിയത്. മുഖ്യമന്ത്രി രമൺ സിങ് സ്വന്തം തട്ടകമായ രാജ്‌നന്ദഗാവ് മണ്ഡലത്തിൽ മൽസരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ പങ്കെടുത്ത തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷമാണ് പട്ടിക പുറത്തുവിട്ടത്. 14 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിയ നടപടി അപ്രതീക്ഷിതമായി. തുടർച്ചയായി നാലാം തവണയും ഭരണം പിടിക്കാനിറങ്ങുമ്പോൾ മോശം പ്രകടനം കാഴ്ചവച്ചവരുടെ സാന്നിധ്യം ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലാണ് നീക്കത്തിനു പിന്നിൽ.

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഒ.പി. ചൗധരിയും ആദ്യപട്ടികയിൽ ഇടം പിടിച്ചു. 65ൽ കൂടുതൽ സീറ്റുകൾ പിടിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് പാണ്ഡെ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി നവംബർ 12, 20 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 11ന് വോട്ടെണ്ണൽ.

119 സീറ്റുകളുള്ള തെലങ്കാനയിൽ 38 സീറ്റിലും 40 അംഗ മിസോറം നിയമസഭയിൽ 13 സീറ്റിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി (എസ്‌പി) ചേർന്നു മത്സരിക്കുമെന്ന് ഗോണ്ട്വാന ഗണതന്ത്ര പാർട്ടി (ജിജിപി) അറിയിച്ചു. കോൺഗ്രസുമായുള്ള സഖ്യ സാധ്യതയില്ലെന്ന് പാർട്ടി നേതാവ് ഹീര സിങ് മാർകം പറഞ്ഞു.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവായ രാം ദയാൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ചുവട് മാറ്റം നടത്തിയത്. പാലി തനാഘർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാം ദയാൽ. ഇതോടെ ആദിവാസി വോട്ടുകളും കോൺഗ്രസിന് വീഴില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.

സ്വപ്നത്തിൽ പോലും വിചാരിക്കാതിരുന്ന തിരിച്ചടി ലഭിച്ച സംസ്ഥാന കോൺഗ്രസ് നേതൃത്വം രാം ദയാൽ പാർട്ടി വിട്ടതിന്റെ ആഘാതത്തിലാണ്. ദിവസങ്ങൾക്ക് മുമ്പ് രാം ദയാലുവുമായി സംസാരിച്ചതാണെന്നും അന്ന് അദ്ദേഹം ഒരു പരാതിയും പറഞ്ഞില്ലെന്നുമാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ഭഗേൽ പ്രതികരിച്ചത്.