കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന് പിന്തുണ പ്രഖ്യപിച്ച് ബിജെപി നേതാക്കൾ. കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ കോൾ ലിസ്റ്റ് പൊലീസ് പരിശോധിക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു. കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് ഈ ആരോപണം ഉന്നയിച്ചത്.

പണം കവർച്ച ചെയ്ത കേസിലെ പ്രതികൾ സിപിഎമ്മുകാരും സിപിഐക്കാരുമാണ്. അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?. അവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ എന്തെല്ലാമാണ്? അവരുടെ ഫോൺ കോൾ ലിസ്റ്റുകൾ പരിശോധിച്ച് പൊലീസ് എന്തുകൊണ്ട് ബന്ധപ്പെടുന്നില്ല. അതിന്റെ പിന്നിലുള്ള ഗൂഢാലോചന, കരുനീക്കങ്ങൾ, തയ്യാറെടുപ്പുകൾ എന്നിവ എന്തായിരുന്നുവെന്ന് പറയാനുള്ള ബാധ്യത സർക്കാരിനില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കേസിൽ ധർമരാജൻ പരാതിക്കാരനാണ്. അദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ച് ആരെല്ലാം വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് ചോദ്യം ചെയ്യാൻ വിളിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും കുമ്മനം ചോദിച്ചു. കേസിലെ പ്രതികൾക്ക് സിപിഎമ്മിന്റെയും സിപിഐയുടേയും ഉന്നത നേതാക്കളുമായി ബന്ധമുണ്ട്. എംഎൽഎ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികൾ. അവരെക്കുറിച്ച് വെളിപ്പെടുത്താൻ പൊലീസ് എന്തുകൊണ്ട് വിമുഖത കാണിക്കുന്നുവെന്നും കുമ്മനം ചോദിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ മകനെ ചോദ്യംചെയ്യാൻ പോകുന്നത് പാർട്ടിയെ അവഹേളിക്കാനാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. വെല്ലുവിളി പാർട്ടി ഒറ്റക്കെട്ടായി നേരിടും. ഇന്നുചേരുന്ന കോർകമ്മിറ്റി എല്ലാ വിഷയവും വിശദമായി പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു.

ബിജെപി കോർകമ്മിറ്റി യോഗം ഹോട്ടലിൽ നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നു. എന്നാൽ ഹോട്ടലിൽ യോഗം ചേരുന്നതിന് എതിരെ പൊലീസ് നോട്ടീസ് അയച്ചു. സർക്കാർ ഇടപെടലിനെ തുടർന്നാണ് പൊലീസ് നോട്ടീസ് നൽകിയതെന്നും കുമ്മനം പറഞ്ഞു. ബിജെപിയ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കുന്നില്ലെന്നും കുമ്മനത്തിന്റെ വിമർശനം.

കൊടകര കേസിൽ വാദിയുടെ കോൾ ലിസ്റ്റ് പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയുടെ കോൾ ലിസ്റ്റിലുള്ള ആരെയും വിളിക്കുന്നില്ല. ഇഡി അന്വേഷണം വേണമെങ്കിൽ അതിന് ചില നടപടിക്രമങ്ങൾ ഉണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.