ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി രാജ്യസഭയിലെ അംഗബലത്തിൽ കോൺഗ്രസിന് ഒന്നാം സ്ഥാനം നഷ്ടമായി. ഇതോടെ രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷിയായി ബിജെപി മാറി. മധ്യപ്രദേശിൽ നിന്നുള്ള സമ്പാദ്യ ഉയ്കി എംപിയുടെ വരവോടെയാണ് ഉപരിസഭയിൽ ആരപ്പതിറ്റാണ്ട് നിന്ന കോൺഗ്രസ് മേൽക്കോയ്മ ബിജെപി അവസാനിപ്പിച്ചത്. നിലവിൽ ബിജേപിക്ക് 58ഉം കോൺഗ്രസിന് 57ഉം അംഗങ്ങളാണ് ഉള്ളത്. അതേസമയം ബിജെപി ഏറ്റവും വലിയ പാർട്ടിയായെങ്കിലും ഇപ്പോഴും സഭയിൽ പ്രതിപക്ഷത്തിന് തന്നെയണ് മുൻതൂക്കം.245 അംഗസഭയിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അണ്ണാ ഡിഎംകെയുടെ 13 പേർ ഉൾപ്പെടെ ഇപ്പോൾ 101 അംഗങ്ങളാണ് ഉള്ളത്. എന്നാൽ പ്രതിപക്ഷത്തിന് മൊത്തം 123അംഗങ്ങളുണ്ട്.

കഴിഞ്ഞ ദിവസം എംപിയായി സത്യപ്രതിജ്ഞ ചെയ്ത സമ്പാദ്യ ഉയ്കി കഴിഞ്ഞ മെയിൽ അന്തരിച്ച അനിൽ മാധവ് ധവേയ്ക്ക് പകരമായാണ് സഭയിൽ എത്തുന്നത്. മധ്യപ്രദേശിൽ നിന്ന് എതിരില്ലാതെയണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്.

അതിനിടെ ബുധനഴ്ച രാജ്യസഭയിലെ ആറു സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകൾ രാജ്യസഭയിലെ ബിജെപി മേധാവിത്വത്തെ സ്വാധീനിക്കില്ല. പശ്ചിമബംഗാളിൽ നിന്ന് മൂന്നും ഗുജറാത്തിൽ നിന്നും മൂന്നും സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തിൽ നിന്ന് രണ്ട്എംപിമാരെ ബിജിപിക്ക് സഭയിലെത്തിക്കാനാകും. മൂന്നാം സീറ്റിൽ കോൺഗ്രസിനണ് വിജയ സാധ്യത. ഈ സീറ്റിൽ മത്സരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോൽപ്പിക്കാനുള്ള സർവ്വ സന്നാഹങ്ങളുമൊരുക്കുകയാണ് ബിജെപി. എന്നാൽ സഭയിലെ കോൺഗ്രസ് ജനപ്രതിനിധികൾ പാലം വലിച്ചിട്ടില്ലെങ്കിൽ പട്ടേൽ രാജ്യസഭയിലെത്തും. പശ്ചിമബംഗാളിൽ നിന്നുള്ള ഒരു സീറ്റിൽപോലും ബിജെപിക്ക് വിജയസാധ്യത ഇല്ല. ഇവിടെ രണ്ട് സീറ്റ് തൃണമൂലിനും ഒരുസീറ്റ് കോൺഗ്‌സിനുമാണ് ലഭിക്കുക.

ഉത്തർപ്രദേശിൽ നിന്ന് അടുത്ത വർഷം ഒമ്പത് എംപിമാരെ എത്തിക്കാനാകുന്നതോടെ, സഭയിൽ ബിജെപിക്ക് വലിയ മേധാവിത്വം ഉണ്ടാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടിയതാണ് സഭയിൽ പ്രതിഫലിക്കുക. ബീഹാറിൽ ജെ ഡി യുവുമായുള്ള സഖ്യവും എൻഡിഎയ്ക്ക് തുണയാകും. പത്ത് രാജ്യസഭാ എംപിമാരാണ് ജെഡിയുവിന് ഉള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽവൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയിട്ടും രാജ്യസഭയിൽ വേണ്ടത്ര അംഗങ്ങളില്ലാതിരുന്ന സർക്കാരിന്റെ പല തീരുമാനങ്ങൾ നടപ്പാക്കുന്നതിന് തടസ്സമായിരുന്നു. ലോക്‌സഭയിൽ പാസാക്കിയ ബില്ലുകൾ അതുകൊണ്ട് തന്നെ രാജ്യസഭയുടെ കടമ്പകടന്നിരുന്നില്ല. രാജ്യസഭ മറികടക്കാൻ ആധാർ ഉൾപ്പെടെയുള്ള പല ബില്ലുകളും ധനബില്ലായി അവതരിപ്പിച്ചാണ് സർക്കാർ ഇതിന് പോം വഴി കണ്ടെത്തിയിരുന്നത്. എന്നാൽ ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.