തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിൽ ഉറപ്പായും ജയിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരമാണ് ഏറ്റവും സ്വാധീനമുള്ള സ്ഥലമായി കാണുന്നത്. ഇവിടെ അഞ്ച് മണ്ഡലങ്ങൾ വരെ ജയിക്കാമെന്നാണ് പ്രതീക്ഷ. നേമത്ത് വിജയം സുനിശ്ചിതമാണെന്നും കണക്ക് കൂട്ടുന്നു. കാസർഗോഡും പാലക്കാടും പത്തനംതിട്ടയിലും ജയിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഈ മണ്ഡലങ്ങളിൽ അതിശക്തരായ നേതാക്കളെ ഇറക്കി വീറോടെ തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമിടുന്നത്. ബിജെപിയുടെ വോട്ട് ഷെയർ 20 ആയി ഉയർത്തുകയാണ് ലക്ഷ്യം. അതിനുള്ള സാഹചര്യമുണ്ടെന്ന് തന്നെയാണ് കണക്ക് കൂട്ടൽ.

തദ്ദേശ തെരഞ്ഞെടുപ്പിൽ 25,000ത്തിന് മുകളിൽ വോട്ട് നേടാനായ 45- 50 മണ്ഡലങ്ങൾ ബിജെപി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, കാട്ടാക്കട, ചെങ്ങന്നൂർ, ആറന്മുള, പാലക്കാട്, കാസർകോട്, മഞ്ചേശ്വരം എന്നിവയാണ് ഏറ്റവും സാധ്യതയുള്ള മണ്ഡലങ്ങൾ. ഇവിടങ്ങളിൽ ബൂത്ത്തല പ്രവർത്തനങ്ങളിലടക്കം ഇതിനകം ഏറെ സജീവമായിട്ടുണ്ട്. നേമത്ത് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇറങ്ങണോ അതോ മുതിർന്ന നേതാവ് ഒ. രാജഗോപാൽ വേണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാജഗോപാലുമായി ആലോചിച്ചാകും തീരുമാനം. മത്സരത്തിനില്ലെന്ന് രാജഗോപാൽ നിലപാട് എടുക്കുന്നതിലാണ് ആശയക്കുഴപ്പം. ആർഎസ്എസിലെ ഒരു വിഭാഗം കുമ്മനത്തിനായി രംഗത്ത് വന്നതായിരുന്നു ഇതിനാ കാരണം.

അതിനിടെ ആറന്മുള വിമാനത്താവള വിരുദ്ധ സമര നായകനായ കുമ്മനം ആറന്മുളയിൽ മത്സരിക്കണമെന്ന വികാരവും പാർട്ടിയിലുണ്ട്. എന്നാൽ പാർട്ടിക്ക് ഏറെ സാദ്ധ്യതയുള്ള മണ്ഡലത്തിലൊന്നിൽ സംസ്ഥാന അദ്ധ്യക്ഷൻ വേണമെന്ന ആവശ്യത്തിലാണ് നേമത്ത് പരിഗണിക്കുന്നത്. വി. മുരളീധരൻ കഴക്കൂട്ടത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. മഞ്ചേശ്വരത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റുമെന്നാണ് സൂചന. പ്രാദേശിക നേതാവിനെ ഇവിടെ മത്സരിപ്പിക്കും. ആറന്മുളയിൽ കുമ്മനമില്ലെങ്കിൽ എം ടി. രമേശാവും സ്ഥാനാർത്ഥി. എങ്കിൽ, ചെങ്ങന്നൂരിൽ പി.എസ്. ശ്രീധരൻപിള്ള സ്ഥാനാർത്ഥിയാവും. ആറന്മുളയിൽ കുമ്മനമെത്തിയാൽ രമേശ് ചെങ്ങന്നൂരിലും ശ്രീധരൻപിള്ള കോഴിക്കോട് നോർത്തിലും പോകും.

കോഴിക്കോട് നോർത്തും കുന്ദമംഗലവും രണ്ടാമത്തെ പത്ത് സാദ്ധ്യതാ സീറ്റുകളുടെ പട്ടികയിലാണെങ്കിലും കുന്ദമംഗലത്ത് സി.കെ. പത്മനാഭൻ മത്സരിക്കും. ആദ്യ പത്തിൽ വരുന്ന പാലക്കാട്ട് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായേക്കും. നടൻ സുരേഷ്‌ഗോപി, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, സംവിധായകൻ രാജസേനൻ എന്നിവരും ബിജെപി സ്ഥാനാർത്ഥികളാവുമെന്നാണ് സൂചന. ബേപ്പൂർ, മലമ്പുഴ, കയ്പമംഗലം, തൃപ്പൂണിത്തുറ, പാറശാല, കാഞ്ഞിരപ്പള്ളി, നെന്മാറ, മാവേലിക്കര മണ്ഡലങ്ങൾ രണ്ടാമത്തെ പത്ത് സാദ്ധ്യതാ സീറ്റുകളുടെ പട്ടികയിലാണ്. നെടുമങ്ങാട് തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായ മറ്റൊരു മണ്ഡലമാണ്. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ഇവിടെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

ആ മാസം അവസാനത്തോടെ സ്ഥാനാർത്ഥി നിർണ്ണയം ബിജെപി പൂർത്തിയാക്കും. ബിജെഡിഎസുമായുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.