- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബിജെപി വനിതാ സ്ഥാനാർത്ഥി എത്തിയത് സിപിഎം പാർട്ടി ഗ്രാമത്തിൽ; കാസർകോട് ബേഡകം അരിച്ചെപ്പിലെ ക്ഷേത്രത്തിൽ സിപിഎം കുടുംബാംഗമായ കാമുകനുമായി വിവാഹം; നടുക്കം വിട്ടുമാറാതെ കണ്ണൂരിലെ ബിജെപി പ്രവർത്തകരും യുവതിയുടെ ബന്ധുക്കളും
കാസർകോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെ ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബിജെപി വനിതാ സ്ഥാനാർത്ഥി കാസർകോട് ബേഡകത്തെ സിപിഎം പാർട്ടി ഗ്രാമത്തിൽ എത്തി കാമുകനെ വിവാഹം കഴിച്ച് പുതിയ ദാമ്പത്യത്തിലേക്ക് കടന്നു. കണ്ണൂർ മാലൂർ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന യുവതിയാണ് ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് വീടുവിട്ടത്.നാല് ദിവസം മുമ്പ് രാത്രിയായിരുന്നു ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കി സ്ഥാനാർത്ഥിയെ കാണാതായത്.
ബേഡഡുക്കയിലെ സിപിഎം കോട്ടയായ അരിച്ചെപ്പ് സ്വദേശിയായ അഭിലാഷിനൊപ്പമാണ് സ്ഥാനാർത്ഥി ഒളിച്ചോടിയത്.അഭിലാഷിന്റെ കുടുംബം ഉറച്ച സിപിഎമ്മുകാരാണ്. ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും ബേഡകം പൊലീസിൽ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരായി. അതിനിടെ യുവതിയെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകൾക്കിടയിലാണ് പേരാവൂർ സ്റ്റേഷൻ പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് സ്ഥാനാർത്ഥി വന്നത്. ഇവിടെ നിന്നാണു കാമുകനൊപ്പം നാടകീയമായി കടന്നുകളഞ്ഞത്.
സ്ഥാനാർത്ഥി കാമുകനൊപ്പം ഒളിച്ചോടിയ വാർത്ത ബിജെപി കേന്ദ്രങ്ങളിൽ കനത്ത ആഘാതവും നാണക്കേടും ഉണ്ടാക്കി. വോട്ട് തേടി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും. സ്ഥാനാർത്ഥിയുടെ തിരോധാനം സംബന്ധിച്ച് പിതാവിന്റെ പരാതിയിൽ പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിതിനിടെയാണ് യുവതി ബേഡകത്തെ സിപിഎം കോട്ടയിൽ എത്തിയ വിവരം കിട്ടിയത്.
മറുനാടന് മലയാളി ബ്യൂറോ