- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും; തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ; കുമ്മനം നേമം മണ്ഡലത്തിൽ തന്നെ; പാലക്കാട് ഇ ശ്രീധരൻ തന്നെ; പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്തും സ്ഥാനാർത്ഥിയാകും; ധർമ്മടത്ത് പിണറായിയെ നേരിടാൻ സി കെ പത്മനാഭൻ; ബിജെപി സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആക്ഷൻ ഹീറോ സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കും എന്നതാണ് പ്രഖ്യാപനത്തിലുള്ള ഏറ്റവും വലിയ പ്രത്യേകത. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രൻ മത്സരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പ് തന്നെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു.
നേമത്ത് കുമ്മനം തന്നെ മത്സരിക്കും.പാലക്കാട് മെട്രോമാൻ ഇ ശ്രീധരൻ മത്സരിക്കും. പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്തും സ്ഥാനാർത്ഥിയാകും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായിയെ നേരിടാൻ എത്തുന്നത് മുതിര്ന്ന നേതാവ് സി കെ പത്മനാഭനാണ്. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും സ്ഥാനാർത്ഥിയാകും. ഡോ എം അബ്ദുസ്സലാം തിരൂർ സീറ്റിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയും സ്ഥാനാർത്ഥിയാകും. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ എഞ്ചിനീയറായ മണിക്കുട്ടൻ മാനന്തവാടിയിൽ മത്സരിക്കും.
115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതിൽ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. അതേ സമയം നിലവിൽ പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയിൽ ശോഭാ സുരേന്ദ്രന്റേയും വി.മുരളീധരന്റേയും പേരില്ല എന്നതും ശ്രദ്ധേയമാണ്. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കോഴിക്കോട് നോർത്തിൽ എം ടി.രമേശും തിരുവനന്തപുരം വട്ടിയൂർക്കാവിൽ വി.വി.രാജേഷും പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കേരളത്തെ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാന നേതാക്കൾ നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം മാറ്റങ്ങൾ നിർദ്ദേശിച്ച ശേഷമാണ് പട്ടിക പുറത്തുവിട്ടത്.
വലിയ വിജയപ്രതീക്ഷയാണ് തെരഞ്ഞെടുപ്പിലുള്ളതെന്ന് നബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കാസർകോട് പറഞ്ഞു. സർക്കാർ ഉണ്ടാക്കാനാണ് ബിജെപി മത്സരിക്കുന്നത്. വൈകാരിക ബന്ധമുള്ള മണ്ഡലം എന്ന നിലയിലാണ് കോന്നിയിൽ മത്സരിക്കുന്നത്. നിസാര വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലമെന്ന നിലയിലാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുന്നത് അസാധാരണകാര്യമല്ല. ശബരിമല ഇപ്പോഴും സജീവമായി നിലനിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ