തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിൽ കുരുക്ക് മുറുകുന്നതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി കേന്ദ്രനേതൃത്വത്തിന് കേരളത്തിൽ നിന്നുള്ള ചാരസംഘത്തിന്റെ അന്വേഷണറിപ്പോർട്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കേന്ദ്രനേതൃത്വം നൽകിയ കോടിക്കണക്കിന് രൂപയിൽ എട്ടുശതമാനം സംസ്ഥാന നേതൃത്വം കമീഷനായി കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്.

കർണാടകയിലെ വ്യവസായികളിൽ നിന്നാണ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെത്തിയത്. ഇതിൽ എട്ടു ശതമാനം കേരളത്തിലെ നേതാക്കൾ കമ്മീഷനായി പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടു ദിവസം മുൻപാണ് മിഥുൻ റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ ദേശീയനേതാക്കളുമായി അടുത്തബന്ധമുള്ള കോഴിക്കോട് സ്വദേശി മിഥുൻ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

അമിത് ഷായുടെ വിശ്വസ്തനായ മിഥുൻ പിഎം ഓഫീസുമായി നേരിട്ട് ബന്ധമുള്ള മിഥുൻ ഐടി പ്രൊഫഷണലാണ്. മിഥുന് ദേശീയനേതാക്കളുമായി നേരിട്ടുള്ള ബന്ധമാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ ഇടപെടാനുള്ള സ്വാധീനവും കേരളത്തിലെ നേതാക്കൾക്കില്ല. മാത്രമല്ല, മിഥുൻ കേന്ദ്രത്തിന്റെ ചാരസംഘത്തിലുള്ള വ്യക്തിയാണെന്ന് റിപ്പോർട്ട് പോയശേഷമാണ് നേതാക്കളും അറിയുന്നതും.

കൊടകര കള്ളപ്പണക്കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക് എത്തിനിൽക്കുന്നതിനിടയാണ്, പാർട്ടിക്കുള്ളിൽ നിന്ന് മറ്റൊരു റിപ്പോർട്ട് കേന്ദ്രത്തിന് പോയിരിക്കുന്നത്. 

ഇതിനിടെ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാവിന്റേയും പരാതിക്കാരന്റേയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബിജെപി തലപ്പത്തുള്ള നേതാവ് പണവുമായി എത്തിയ ധർമരാജുമായി നിരവധി തവണ സംസാരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ചോദ്യംചെയ്യലിൽ ബിജെപി നേതാക്കൾ നൽകിയ മൊഴികൾ അന്വേഷകസംഘം തള്ളി. ഉന്നതരെയടക്കം വീണ്ടും ചോദ്യം ചെയ്യും. ഈ ലിസ്റ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമുണ്ടെന്നാണ് സൂചന.

ചൊവ്വാഴ്ച ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശിനെ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ പ്രസിഡന്റിനെ അന്വേഷകസംഘം വിളിപ്പിച്ചത്. കവർച്ച നടന്ന ദിവസം അർധരാത്രി അനീഷ്‌കുമാർ ഉൾപ്പെടെ ബിജെപി നേതാക്കൾ തൃശൂർ നഗരത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. അനീഷിന്റെ മൊഴി കേസ് അന്വേഷണത്തിൽ നിർണ്ണായകമാകും. ഹോട്ടലിൽ താമസിക്കാൻ ധർമ്മരാജനും സഹായിക്കും മുറി എടുത്തു നിൽകിയത് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നാണ്.

കവർച്ച നടന്ന ദിവസവും അടുത്തദിവസവുമായി ബിജെപി തലപ്പത്തുള്ള നേതാവും ധർമരാജും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതായി പൊലീസിന് രേഖകൾ ലഭിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജുമായി സംസാരിച്ചതെന്നാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ് ഉൾപ്പെടെ മൊഴി നൽകിയത്. അന്വേഷണത്തിൽ ധർമരാജന് തെരഞ്ഞെടുപ്പിന്റെ ചുമതലകൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് നേതാക്കളുടെ മൊഴികൾ അന്വേഷകസംഘം തള്ളിയത്.

ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. കൊടകര ദേശീയപാതയിൽ ക്രിമിനൽസംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ കൊണ്ടുവന്നത് കോഴിക്കോട് സ്വദേശിയായ ധർമരാജനായിരുന്നു. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷണ സംഘം സൂചന നൽകി.അതേസമയം, പൊലീസ് നിയമപരിധിക്കപ്പുറത്താണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്ന നിലപാടിലാണ് ബിജെപി. കവർച്ചക്കേസ് അന്വേഷിക്കേണ്ട പൊലീസ് പണത്തിന്റെ ഉറവിടവുമായി ബിജെപിയെ ബന്ധപ്പെടുത്താനാണു ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു.


ഇതിനിടെ എൻഡിഎയിൽ ചേരാൻ സി.കെ.ജാനു പണം ആവശ്യപ്പെട്ടെന്ന് ആരോപണവും ഉയർന്നു. ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പത്തുലക്ഷം രൂപ കൈമാറിയെന്നും സൂചിപ്പിക്കുന്നു.

ജാനു ആവശ്യപ്പെട്ടത് പത്തുകോടിയാണെന്നും പ്രസീത ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ സി.കെ.ജാനു നിഷേധിച്ചു. 10 കോടി രൂപയും പാർട്ടിക്ക് 5 നിയമസഭാ സീറ്റും കേന്ദ്രമന്ത്രിസ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. എന്നാൽ കെ. സുരേന്ദ്രൻ ഇത് അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ. സുരേന്ദ്രൻ മറുപടി നൽകി.

തിരുവനന്തപുരത്ത് വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിനു മുൻപായി ജാനുവിന് സുരേന്ദ്രൻ 10 ലക്ഷം രൂപ കൈമാറിയിരുന്നുവെന്നും പ്രസീത കൂട്ടിച്ചേർത്തു. ഇതോടെ സംസ്ഥാന ബിജെപി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം, അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റുന്നത് സംബന്ധിച്ച ചർച്ചകളും കേന്ദ്രനേതൃത്വം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.