ശ്രീനഗർ: ജമ്മു കശ്മീർ ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് തങ്ങളെന്ന് ബിജെപി. ഫലം പുറത്ത് വന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷി തങ്ങളാണെന്ന് തെളിഞ്ഞെന്ന് നേതാക്കൾ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷയുടെയും ജനാധിപത്യത്തിന്റെയും വിജയമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഗുപ്കാർ സഖ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നും വാർത്താ സമ്മേളനത്തിൽ ബിജെപി നേതാക്കൾ ആരോപിക്കുന്നു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ജമ്മു-കശ്മീരിലെ 20 ജില്ലകളിൽ 13ലും ഗുപ്കാർ സഖ്യമാണ് വിജയിച്ചത്. ജമ്മുവിലെ ആറ് ജില്ലകളിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. 100 സീറ്റുകളിൽ ഗുപ്കാർ മുന്നണി വിജയിച്ചപ്പോൾ ബിജെപി 74 സീറ്റിലൊതുങ്ങി. ഒറ്റക്ക് മത്സരിച്ച കോൺഗ്രസിന് 26 സീറ്റുകളാണ് നേടാനായത്. കശ്മീരിൽ മാത്രം 72 സീറ്റുകളിൽ ഗുപ്കാർ സഖ്യം വിജയിച്ചപ്പോൾ മൂന്ന് സീറ്റിലാണ് ബിജെപി ജയിച്ചത്.

ബിജെപിയുടെ അവകാശവാദത്തെ രൂക്ഷമായി പരിഹസിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുള്ള രംഗത്തെത്തി. ബിജെപിയുടെ ഈ നിരാശ കാണുന്നത് രസകരമാണെന്നും ഇത്തരത്തിൽ പച്ചക്കള്ളം വിളിച്ചുപറയാൻ അവർക്ക് ലജ്ജയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ അവർ പറഞ്ഞത് കശ്മീർ താഴ്‌വരയിൽ മൂന്ന് സീറ്റ് വരെ കിട്ടിയെന്നായിരുന്നു. ഇന്ന് പറയുന്നു ഏറ്റവും വലിയ ഒറ്റകക്ഷി അവരാണെന്ന്. സഖ്യം ഉള്ളതുകാരണം കുറഞ്ഞ സീറ്റുകളിലാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. എന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയാണ് അവരെന്ന് സ്വയം അവകാശപ്പെടുന്നു. ഇതിലൊന്നും അവർക്ക് നാണം തോന്നുന്നില്ലേ.

അവർ മൂന്ന് സീറ്റ് നേടിയെങ്കിൽ അവരെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷേ 35 സീറ്റു നേടിയ ഞങ്ങളുടെ കാര്യം എങ്ങനെയാണ്? ബിജെപി ഞങ്ങളെ വിളിക്കുന്നത് കശ്മീർ അടിസ്ഥാനമാക്കിയുള്ള പാർട്ടിയെന്നാണ്. അങ്ങനെ വിളിച്ച ഞങ്ങൾക്ക് ജമ്മുവിൽ 35 സീറ്റുകിട്ടി. എന്നാൽ അവർ ജമ്മു മാത്രം അടിസ്ഥാനമാക്കിയല്ലല്ലോ പ്രവർത്തിച്ചത്', ഉമർ അബ്ദുള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം ബിജെപിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടി തന്നെയാണെന്നും പൂർണമായും ഗുപ്കാർ സഖ്യത്തിന്റെ വിജയമാണ് സംഭവിച്ചതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. അവർ ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചു. ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിച്ചു. ഇന്ത്യയുടെ ഭരണഘടന ദുരുപയോഗം ചെയ്തു. വ്യാപകമായി റെയ്ഡു നടത്തി. ഒരു അടിസ്ഥാനവുമില്ലാതെ തങ്ങളെ തടങ്കലിലാക്കി. എന്തൊക്കെ സംഭവിച്ചാലും അവസാനം ശ്വാസം വരെ 370 പുനഃസ്ഥാപിക്കാൻ പോരാടും. ആളുകളെ ഭയപ്പെടുത്തി നിശബ്ദരാക്കുന്ന ബിജെപിയുടെ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് ഈ പരാജയമെന്നും മുഫ്തി പറഞ്ഞു.

ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചാണ് ജമ്മു കശ്മീരിലെ 22 ജില്ലകളിലും വികസന കൗൺസിലുകൾ സ്ഥാപിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. കൗൺസിൽ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. അംഗങ്ങൾ അദ്ധ്യക്ഷൻ അല്ലെങ്കിൽ അദ്ധ്യക്ഷയെ നിശ്ചയിക്കും. നിലവിൽ മന്ത്രിമാരുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാ വികസന ബോർഡിനു പകരമാണ് ഈ സംവിധാനം. ആദ്യം വികസന കൗൺസിൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോ​ഗമിക്കുന്നത്. ജമ്മു കശ്മീരിൻറ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രമുഖ പാർട്ടികൾ നിലപാട് കടുപ്പിക്കുമ്പോഴായിരുന്നു ജില്ലാ വികസന കൗൺസിലുകൾ സ്ഥാപിച്ചു കൊണ്ട് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം.

ഏഴ് രാഷ്ട്രീയ കക്ഷികളാണ് ഗുപ്കാർ സഖ്യത്തിലുള്ളത്. കേന്ദ്രസർക്കാർ എടുത്തു കളഞ്ഞ കശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കാൻ വേണ്ടി രൂപകീരിച്ച മുന്നണിയാണിത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് നീങ്ങാൻ ഓ​ഗസ്റ്റിൽ കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുന്നതിനാണ് ഒരുമിച്ചു പോരാടാൻ ദീർഘനാളായുള്ള വൈരം മറന്ന് പാർട്ടികൾ ഒന്നിച്ചത്. നാഷണൽ കോൺഫറൻസ്, പിഡിപി, പീപ്പിൾസ് കോൺഫറൻസ്, സിപിഎം, കോൺഗ്രസ്, അവാമി നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് ഒരുമിച്ചു നിൽക്കുന്നതിന് അന്ന് തീരുമാനിച്ചത്. 2019 ഓഗസ്റ്റ് നാലിന് നടത്തിയ ഗുപ്കർ പ്രഖ്യാപനത്തിന്റെ തുടർച്ചയായിരുന്നു പാർട്ടികളുടെ പുതിയ നീക്കം. ഗുപ്കർ പ്രഖ്യാപനം-2 എന്നാണ് ഓ​ഗസ്റ്റ് 23ലെ ഇവരുടെ സംയുക്ത പ്രസ്താവനയെ വിശേഷിപ്പിച്ചിരുന്നത്. ഫറുഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജാദ് ലോൺ, എം.വൈ. താരിഗാമി, മുസാഫിർ ഷാ, ജി.എ. മിർ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നത്.

മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ശ്രീനഗറിലുള്ള ഗുപ്കർ റോഡ് വസതിയിലെത്തി കണ്ടത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി നിലനിർത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും പാർട്ടികൾ പ്രതിജ്ഞ എടുത്തു. ഇതിൽ എല്ലാ പാർട്ടികളും ഒപ്പുവെച്ചിരുന്നു. ഇതാണ് ഗുപ്കർ പ്രഖ്യാപനം എന്ന പേരിൽ അറിയപ്പെടുന്നത്. ഫാറൂഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ജിഎ മിർ, സിപിഎം നേതാവ് എംവൈ തരിഗാമി, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജദ് ഗാനി ലോൺ അവാമി നാഷണൽ കോൺഫറൻസ് മേധാവി മുസഫർ ഷാ എന്നിവരായിരുന്നു പ്രസ്താവനയിൽ ഒപ്പുവെച്ചത്.