തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കാൻ ബിജെപി. കോർ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ബി.ഡി.ജെ.എസ്. മുന്നേറ്റം ഉണ്ടാക്കാത്തതിലും യോഗത്തിൽ വിമർശനമുണ്ടായി. തിരഞ്ഞെടുപ്പിൽ വീഴ്ച പറ്റിയെന്നും കമ്മറ്റി വിലയിരുത്തി.

ഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട ദയനീയ പരാജയത്തെ പ്രാഥമികമായി വിലയിരുത്തുന്നതിനാണ് ബിജെപി. അടിയന്തരമായി കോർ കമ്മറ്റി യോഗം ഓൺലൈൻ ആയി ചേർന്നത്. ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനാണ് യോഗത്തിൽ തീരുമാനം കൈക്കൊണ്ടത്.

ബിജെപി മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന് വ്യാപക പ്രചാരണമുണ്ടായെന്നും പാർട്ടിക്ക് എതിരെ മുസ്ലിം ധ്രുവീകരണമുണ്ടായി എന്നും അടിയന്തരമായി ഓൺലൈൻ വഴി ചേർന്ന കോർ കമ്മിറ്റി യോഗം കണ്ടെത്തി.

സമിതി അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ 2016-ൽ നേടിയ വോട്ടിനേക്കാൾ കുറച്ച് വോട്ടാണ് ഇത്തവണ നേടിയത്. ഈ പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സ്വാധീനമുള്ള മുപ്പതിലേറം മണ്ഡലങ്ങളിൽ ജയം നേടി സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തി തെളിയിക്കാൻ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ പ്രവർത്തനങ്ങൾ. തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ് നേരിട്ടതെങ്കിലും ഏക സിറ്റിങ് സീറ്റായ നേമം പോലും നിലനിർത്താൻ ബിജെപിക്ക് സാധിച്ചിരുന്നില്ല.

കോടികൾ ചിലവഴിച്ചുള്ള വൻ പ്രചാരണം, ദേശീയ നേതാക്കന്മാർ ഉൾപ്പെടെ എത്തി ക്യാമ്പ് ചെയ്ത് നടത്തിയ പ്രചരണത്തിന് ശേഷവും ദയനീയ പരാജയമുണ്ടായത് എന്തുകൊണ്ടെന്ന് പഠിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ഉരുക്കുകോട്ടയായി പരിഗണിച്ചിരുന്ന നേമം നഷ്ടപ്പെട്ടത് ബിജെപി. നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂരിൽ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുപ്പതോളം മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്നു. എന്നാൽ വെറും ഒമ്പതിടത്തു മാത്രമാണ് രണ്ടാമത് എത്താൻ സാധിച്ചത്.

11.3 ശതമാനം മാത്രമാണ് ബിജെപിയുടെ ഇത്തവണത്തെ വോട്ട് വിഹിതം. 2016-ൽ വോട്ട് വിഹിതം 10.6 ശതമാനം ആയിരുന്നു. 0.7 ശതമാനം മാത്രം വർധനയാണ് ഇത്തവണ വോട്ട് വിഹിതത്തിലുണ്ടാക്കാൻ സാധിച്ചത്.

കൂടാതെ ബി.ഡി.ജെ.എസിന്റെ ഭാഗത്തുനിന്ന് മോശം പ്രകടനമാണ് ഉണ്ടായതെന്നും ബിജെപി. വിലയിരുത്തുന്നു. 2016-ൽ നാലുശതമാനം വോട്ട് ബി.ഡി.ജെ.എസ്. നേടിയിരുന്നു. എന്നാൽ ഇത്തവണ വോട്ട് വിഹിതത്തിൽ വലിയ കുറവാണുണ്ടായത്. വൈകാതെ തന്നെ എൻ.ഡി.എ. യോഗവും ഓൺലൈൻ ആയി ചേരുമെന്നാണ് സൂചന.