- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാക്കളെ സുക്കർബർഗ്ഗും പേടിച്ചു തുടങ്ങിയോ? ബിജെപി നേതാക്കളുടെ വർഗീയ പരാമർശത്തിനെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്; കലാപത്തിനു വരെ ഇടയാക്കാവുന്ന വർഗീയ പ്രസ്താവനയും ഫേസ്ബുക്ക് കണ്ടില്ലെന്ന് നടിച്ചു; ഇത് ഭരിക്കുന്ന പാർട്ടിയോടുള്ള ഫേയ്സ്ബുക്കിന്റെ പക്ഷപാതപരമായ നടപടിയെന്നും വിമർശനം; ഫേസ്ബുക് ആർഎസ്എസ് നിയന്ത്രണത്തിൽ, വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് തുറന്നടിച്ചു രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: ഇന്ത്യയിൽ ഫേസ്ബുക്ക് നയങ്ങളിൽ വെള്ളം ചേർക്കുന്നു എന്ന വാൾ സ്ട്രീറ്റ് ജേണലിലെ വാർത്ത രാഷ്ട്രീയ വിവാദമാകുന്നു. ഫേസ്ബുക്ക് ഭരിക്കുന്ന പാർട്ടിയായ ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന വാർത്തയാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് വാൾസ്ട്രീറ്റ് ജേണലിൽ ഈ വാർത്ത വന്നത്. ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേയ്സ്ബുക്ക് നിലപാട് സ്വീകരിക്കുന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫേയ്ബുക്കിലെതന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് ചൂണ്ടിക്കാണിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ ഫേസ്ബുക്കിനെ വിമർശിച്ചു കൊണ്ട് കോൺഗ്രസും രംഗത്തെത്തി.
കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വർഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎൽഎ രാജ സിങ്ങിനെതിരെ നടപടിയെടുക്കാൻ ഫേയ്സ്ബുക്ക് തയ്യാറായില്ലെന്നതായിരുന്നു വാൾ സ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ട്. രാജ സിങ്ങിനെ ഫേയ്സ്ബുക്കിൽനിന്ന് വിലക്കാതിരിക്കാൻ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അൻഖി ദാസ് ഇടപെട്ടുവെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയതിന്റെ പേരിൽ ഫേയ്സ്ബുക്കിൽനിന്ന് രാജ സിങ്ങിനെ വിലക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അൻഖി ദാസിന്റെ ഇടപെടലുകൾ ഉണ്ടായത്. ഇത് ഭരിക്കുന്ന പാർട്ടിയോടുള്ള ഫേയ്സ്ബുക്കിന്റെ പക്ഷപാതപരമായ നടപടിയായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. ഫേസ്ബുക്കിലെ ചില മുൻ ഉദ്യോഗസ്ഥരെയും നിലവിലുള്ള ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചുകൊണ്ടാണ് വാൾസ്ട്രീറ്റ് ജേണൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിവാദ പ്രസ്താവനകളുടെ പേരിൽ കുപ്രസിദ്ധനായ രാജ സിങ് റോഹിങ്യൻ മുസ്ലിങ്ങൾക്കെതിരെ നടത്തിയ പ്രസ്താവന ഫേസ്ബുക്കിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ഫേയ്സ്ബുക്ക് തന്നെ വിലയിരുത്തിയിരുന്നു. എന്നാൽ, ഫേസ്ബുക്ക് നയങ്ങൾ ലംഘിക്കുന്നതിന്റെ പേരിൽ മോദിയുടെ പാർട്ടിയിൽപ്പെട്ട നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ വളർച്ചയ്ക്ക് തടസ്സമാകുമെന്ന് അൻഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അക്രമങ്ങൾക്ക് ഇടയാക്കുന്ന വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷജനകമായ ഉള്ളടക്കങ്ങളും തടയുക എന്നത് ഫേസ്ബുക്കിന്റെ നയമാണ്. രാഷ്ട്രീയവും പാർട്ടി ബന്ധങ്ങളും പരിഗണിക്കാതെ ലോകമൊട്ടുക്കും ഈ നയം നടപ്പാക്കുകയെന്നാണ് കമ്പനിയുടെ നിലപാടെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്ക് വക്താവ് പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരും ബിജെപിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇത് കാണിക്കുന്നതെന്നും ഇത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
വിഷയത്തിൽ രാഹുൽ ഗാന്ധി ഫേസ്ബുക്കിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തി. ഫേസ്ബുക് ഇന്ത്യയും വാട്സാപ്പും ആർഎസ്എസ് - ബിജെപി നിയന്ത്രണത്തിൽ ആണെന്നാണ് രാഹുൽ ആരോിച്ചത്. 'ഫേസ്ബുക്കും വാട്സാപ്പും വഴി വിദ്വേഷവും വ്യാജവാർത്തയും പ്രചരിപ്പിക്കുന്നു. വോട്ടർമാരെ സ്വാധീനിക്കാനും ശ്രമമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിഷയം ഇന്ത്യയിൽ രാഷ്ട്രീയ വിവാദമായി ഉയർന്നു വരികയാണ്.
മറുനാടന് ഡെസ്ക്