കോഴിക്കോട്: മെഡിക്കൽകോളജ് കോഴവിവാദം പുറത്തുവന്നതിനുപിന്നാലെ ബിജെപി നേതാക്കളുടെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തുവരുന്നു.പാർട്ടി സമ്മേളനത്തിന് വ്യാജ റസീറ്റ് അടിച്ചതുമുതൽ പാർട്ടി ഓഫീസ് മറിച്ചുവിറ്റത് അടക്കമുള്ള കോടികളുടെ അഴിമതിയാണ് കോഴിക്കോട്ടുനിന്ന് മാത്രം പുറത്തുവരുന്നത്. ഇതുസംബദ്ധിച്ചകാര്യങ്ങൾ അക്കമിട്ട് നിരത്തി ബാലുശ്ശേരിയിലെ കർഷകമോർച്ച സംസ്ഥാന ഭാരവാഹി,പാർട്ടി കേന്ദ്രനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ നടന്ന ബിജെപി ദേശീയ കൗൺസിലിന്റെ മറവിലും നേതാക്കൾ കീശ വീർപ്പിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പാർട്ടി നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എം ടി. രമേശിന്റെ അടുത്ത അനുയായിയായ സംസ്ഥാന സമിതിയംഗം, ദേശീയ കൗൺസിലിന്റെ പേരിൽ വ്യാജ രസീതികൾ അടിച്ച് പണപ്പിരിവ് നടത്തിയതിന്റെ വിവരങ്ങളാണ് അറിവായിരിക്കുന്നത്. ഒരു കോടിയിൽപരം രൂപയുടെ അഴിമതി ആരോപിക്കപ്പെട്ട സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തിയെങ്കിലും ആർക്കെതിരെയും നടപടിയെടുക്കാതെ പ്രശ്‌നം ഒതുക്കിയെന്നാണ് ജില്ലയിലെ ഒരുവിഭാഗം നേതാക്കൾ പറയുന്നത്. ഇവർ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സമ്മേളനത്തിന്റെ സാമ്പത്തിക കാര്യ ചുമതല വഹിച്ചിരുന്ന ദേശീയ ജോയന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ എന്നിവരിൽനിന്ന് കേന്ദ്ര നേതൃത്വം വരുംദിവസങ്ങളിൽ വിവരങ്ങൾ ആരായുമെന്നാണ് സൂചന.

കഴിഞ്ഞ സെപ്റ്റംബറിലാണ് ബിജെപി ദേശീയ കൗൺസിൽ അത്യാഡംബരമായി കോഴിക്കോട് സ്വപ്നനഗരിയിലും കടവ് റിസോർട്ടിലുമായി നടന്നത്. അഞ്ചുകോടി രൂപയായിരുന്നു ഇതിന്റെ ചെലവ് കണക്കാക്കിയിരുന്നത്. സമ്മേളനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വൻതോതിൽ പിരിവ് നടത്തിയിരുന്നു. ഇതിനു പുറമെ ഉത്തരവാദപ്പെട്ടവർ അറിയാതെ പലയിടങ്ങളിലും പിരിവ് നടന്നതായാണ് ആരോപണം ഉയർന്നത്. ഒരു സംസ്ഥാന സമിതിയംഗത്തിന്റെ നിർദേശ പ്രകാരം വടകര എടോളിയിലെ പ്രസിൽ വ്യാജ രസീതുകൾ അച്ചടിച്ച് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തത്രെ.

സംഭവം പാർട്ടിവേദികളിൽ ചർച്ചയാവുകയും ചിലർ ഇതിന്റെ പേരിൽ കലാപക്കൊടി ഉയർത്തുകയും ചെയ്തതോടെ ഉത്തരമേഖല ഓർഗനൈസിങ് സെക്രട്ടറിയെ കുമ്മനം രാജശേഖരൻ അന്വേഷണത്തിന് നിയോഗിച്ചു. യഥാർഥ രസീതിയുടെ ചിത്രം വാട്‌സ്ആപ്പിലൂടെ നൽകി അതുപോലെ അച്ചടിക്കാൻ സംസ്ഥാന സമിതി അംഗം നിർദ്ദേശം നൽകിയതായി പ്രസ് ഉടമ കമീഷന് മൊഴി നൽകി. ഈ മൊഴി പുറത്തുവന്നത് ചില നേതാക്കൾ തമ്മിലെ മുറുമുറുപ്പിന് ഇടയാക്കി. ഇതോടെ കമീഷനെ മാറ്റണമെന്ന ആവശ്യവും ഉയർന്നു. അതോടെ പിന്നെ പ്രശ്‌നം ആരും ഉന്നയിക്കാതെയായി.

ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഉണ്ണികുളം പഞ്ചായത്തിലെ രാജഗിരിയിൽ അഞ്ച് ഏക്കർ സ്ഥലം വാങ്ങുകയും ആയുർവേദ ആശുപത്രിക്ക് പണം പരിച്ച് കോടികൾ തട്ടിയ സംഭവമാണ് കർഷകമോർച്ച നേതാവിന്റെ പരാതിയിൽ പ്രധാനവിഷയമായി പറയുന്നത്. മൂന്നുലക്ഷം വീതമുള്ള 600 ഓഹരികൾ സമാഹരിക്കാനായിരുന്നു ബിജെപി നേതൃത്വത്തിലെ ചിലരുടെ പദ്ധതി. ഇപ്രകാരം 300പേരിൽ നിന്ന് 20കോടി പിരിച്ച് വഞ്ചിച്ചതായാണ് ആക്ഷേപം ഉയരുന്നത്. കേന്ദ്രസർക്കാറിന്റെ അംഗീകാരത്തോടെയാണ് ആയുർവേദ കേന്ദ്രം പണിയുക എന്നാണ് അന്ന് അറിയിച്ചിരുന്നത്.

അഞ്ചുഓഹരിയെടുക്കുന്ന ഒരാൾക്ക് ആയുർവേദ കോളജിൽ സീറ്റും വാഗ്ദാനം ചെയ്യപ്പെട്ടു.പക്ഷേ ഒന്നും നടപ്പായില്ല.ആരോപണ വിധേയരായ മൂന്ന് നേതാക്കൾ ചേർന്ന് രണ്ടരക്കോടി പങ്കിട്ടു.ബാക്കിയുള്ള പണത്തെക്കുറിച്ച് വിവരമില്ല. ആയുർവേദാശുപത്രിയുടെ ഭൂമിയുടെ പേരിലും നേതാക്കൾ കമ്മീഷനടിച്ചതായി പരാതിയുണ്ട്. സെന്റിന് ഇരുപത്തിമൂവായിരം രൂപക്ക് വാങ്ങിയ സ്ഥലം ജനറൽബോഡിയിൽ നാൽപ്പത്തിമൂവായിരം രുപയായെന്നാണ് ജനറൽബോഡിയിൽ അറിയിച്ചത്.

ഉള്ള്യേരിയിലും കോഴിക്കോടും പാർട്ടി ഓഫീസുകൾക്കായി സ്ഥലമിടപാടുകൾ നടത്തിയതിലും വ്യാപക അഴിമതി നടന്നതായി ആക്ഷേപമുണ്ട്.ഉള്ള്യേരിയിലെ ബിജെപി ഓഫീസ് ജനസംഘത്തിന്റെ കാലംതൊട്ട് പാർട്ടിക്ക് ഉള്ളതാണ്.ഒരു സ്വകാര്യ വ്യക്തി സൗജന്യമായി പാർട്ടിക്ക് നൽകിയതാണത്. ഈ ഓഫീസിന്റെ എഴര സെന്റ് സ്ഥലംമാണ് സംസ്ഥാന നേതാവ് ഇടപെട്ട് വിറ്റത്. ഈ ഇടപാടിലും കമീഷൻ ബിനാമിയായി കിട്ടിയിട്ടുണ്ട്. ഓഫീസ് നഷ്ടമായത് അണികൾക്കിടയിൽ വലിയ ചർച്ചയായതോടെ ഒരു കൊടിയും ബോർഡും ഇവിടെ നിലനിർത്തുകയായിരുന്നെന്നും സംസ്ഥാന നേതൃത്വത്തിന് അയച്ച പരാതിയിൽ പറയുന്നു.

കോഴിക്കോട് പൂന്താനം ജംഗ്ഷനിലെ പഴയ ജില്ലാകമ്മറി ഓഫീസ് വിററതിലും തളിഫചാലപ്പുറം റോഡിൽ പാർട്ടി ഓഫീസിനെന്ന് പറഞ്ഞ് സ്ഥലം വാങ്ങിയതിലും വ്യാപക പരാതിയുണ്ട്. പൂന്താനം ജംഗ്ഷനിലെ നഗരത്തിലെ കണ്ണായ സ്ഥലത്തെ ഓഫീസ് ഒരു പ്രമുഖ സംസ്ഥാന നേതവിന്റെ ബിനാമി ഇടപാടുമൂലമാണ് നഷ്ടമായതെന്നും പരാതിയിൽ പറയുന്നു. 2012-2014ൽ തളിഫചാലപ്പുറം റോഡിൽ പാർട്ടി ഓഫീസിനായി വ്യാപക പണപ്പിരിവ് പക്ഷേ കണക്കുകൾ ഓഡിറ്റ് ചെയ്തില്ല. ഇതിലും വലിയ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് ബാലുശ്ശേരിയിലെ കർഷകമോർച്ച സംസ്ഥാന ഭാരവാഹി നൽകിയ പരാതിയിൽ പറയുന്നത്.