വഡോദര: കുടിയൊഴിപ്പിച്ചതിന് ബിജെപി കൗൺസിലറെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ തല്ലി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഹസ്മുഖ് പട്ടേൽ എന്ന ബിജെപി കൗൺസിലറെയാണ് ചേരിനിവാസികൾ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

വഡോദരയിലെ ചേരി മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. യാതൊരു വിധത്തിലുമുള്ള അറിയിപ്പും നല്കാതെ വീടും സ്വത്തും തകർത്തതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചേരിനിവാസികൾ മുൻസിപ്പൽ കമ്മീഷണറെ സമീപിച്ചെങ്കിലും പ്രാദേശിക കൗൺസിലർക്ക് നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു എന്നാണ് കമ്മീഷണർ പ്രതികരിച്ചത് . ഇതോടെ ജനക്കൂട്ടത്തിന്റെ രോഷം കൗൺസിലർക്കു നേരേയായി.

എന്നാൽ കമ്മീഷണർ പറഞ്ഞതു പോലെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ബിജെപി കൗൺസിലറായ ഹസ്മുഖ് പറഞ്ഞത്. ഇതു വിശ്വസിക്കാതെ രോഷാകുലരായ ജനക്കൂട്ടം കൗൺസിലറെ ഒരു മരത്തിൽ ബന്ധിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി മർദ്ദിക്കുകയും ചെയ്തു. പിന്നീട് പൊലീസ് എത്തിയാണ് കൗൺസിലറെ മോചിപ്പിച്ചത്. സംഭവത്തിൽ 30 പേരെ അറസ്റ്റു ചെയ്തങ്കിലും പിന്നീട് വിട്ടയച്ചു.