ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ തന്ത്രപരമായ നിലപാടാണ് കോൺഗ്രസ് എടുത്തത്. ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനുള്ള നീക്കം. ചെന്നിത്തലയിൽ പട്ടിക ജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. 18 അംഗ ഭരണ സമിതിയിൽ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിക്കും എൽഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. അതുകൊണ്ട് തന്നെ ഈ രണ്ട് കൂട്ടർക്കും മാത്രമേ പ്രസിഡന്റാകാൻ കഴിയൂ.

ഇത് മനസ്സിലാക്കിയാണ് സിപിഎമ്മിന് പിന്തുണ നൽകിയത്. എന്നാൽ സിപിഎമ്മിന് ആ പിന്തുണ വേണ്ട. ഫലത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരും. അതും എതിരില്ലാതെ. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ പ്രസിഡന്റ് സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രൻ രാജിവയ്ക്കുന്നതോടെയാണ് ഈ അധികാര കൈമാറ്റം സാധ്യമാകുന്നത്. സംസ്ഥാനത്ത് ബിജെപി.യുമായി രഹസ്യസഖ്യത്തിന് സിപിഎം. ശ്രമംനടത്തുന്നതായി കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നതും ഈ സാഹചര്യത്തിലാണ്.

കോൺഗ്രസ് പിന്തുണയിൽ ലഭിച്ച പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് സിപിഎം നിർദേശിച്ചിരുന്നു. പാർട്ടി നിർദ്ദേശം വിജയമ്മ ആദ്യം അംഗീകരിച്ചിരുന്നില്ല. അച്ചടക്കനടപടി ഉറപ്പായതിനെത്തുടർന്നാണു മനംമാറ്റം. ഇതോടെ ബിജെപി ഒരു പഞ്ചായത്തിൽ കൂടി അധികാരത്തിൽ എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണ് ഇത്. ഇവിടെ ബിജെപി അധികാരത്തിൽ എത്തുന്നതിനെ കോൺഗ്രസ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് സിപിഎമ്മിന് പിന്തുണ നൽകിയത്.

എന്നാൽ കോൺഗ്രസ്-സിപിഎം ബന്ധം ചർച്ചയാക്കുന്നത് സിപിഎം ആഗ്രഹിക്കുന്നില്ല. ബംഗാളിൽ സിപിഎമ്മും കോൺഗ്രസും പരസ്യ സഖ്യത്തിലാണ്. ബിജെപിയെ അകറ്റുകയെന്നതാണ് ഈ കൂട്ടുകെട്ടിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ കേരളത്തിൽ എത്തുമ്പോൾ ബിജെപിയെ അകറ്റാൻ ഇതിന് സിപിഎം തയ്യാറാകുന്നുമില്ല. വോട്ട് ചോർച്ച ഭയന്നാണ് ഇത്. ഇത് ഗുണം ചെയ്യുന്നത് ബിജെപിക്കും. ഇതിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ എല്ലാം ബിജെപി നിഷേധിക്കുകയാണ്. കോൺഗ്രസും സിപിഎമ്മുമാണ് സുഹൃത്തുക്കളെന്ന് അവർ പറയുന്നു. ബംഗാളിലും തമിഴ്‌നാട്ടിലും ഇത് വ്യക്തമാണെന്നും അവർ പറയുന്നു.

സംസ്ഥാനത്ത് ബിജെപി.യുമായി രഹസ്യസഖ്യത്തിന് സിപിഎം. ശ്രമംനടത്തുന്നതായി കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി, അദ്ദേഹത്തിന് വർഷങ്ങളായി സിപിഎമ്മുമായി അഭേദ്യബന്ധമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പിലും വ്യാപകമായി ബിജെപി.-സിപിഎം. ധാരണയുണ്ടായിരുന്നു. തില്ലങ്കേരിയിലുണ്ടായ മാതൃക വ്യാപകമാക്കാനാണ് ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു. ചെന്നിത്തല പഞ്ചായത്തിലെ സിപിഎം രാജി ഉയർത്തി ബിജെപിക്ക് വേണ്ടി ഇടതുപക്ഷം നിലപാട് എടുക്കുന്നുവെന്ന് കോൺഗ്രസ് ഇനിയും വിശദീകരിക്കും. തില്ലങ്കേരിയെ ചർച്ചയാക്കുന്നതും ഇതിന് വേണ്ടിയാണ്.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കാസർക്കോട് മുതൽ തിരുവനന്തപുരം വരെ വോട്ട് കച്ചവടത്തിന് സിപിഎമ്മും-ബിജെപിയും ധാരണയുണ്ടാക്കിയിരുന്നു. ഡൽഹിയിൽ നിന്നാണ് ചർച്ച നടന്നത്. അത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും മുല്ലപ്പള്ളി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. തില്ലങ്കരി ഉപതിരഞ്ഞെടുപ്പ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്. ആർ.എസ്.എസിന്റെ പ്രമുഖ നേതാവ് വത്സൻ തില്ലങ്കരിയുടെ നാടാണത്. അവിടെയാണ് ബിജെപിക്ക് 2000 വോട്ടോളം കുറഞ്ഞതും സിപിഎം സ്ഥാനാർത്ഥി വിജയിച്ചതും. ഇതിലപ്പുറം എന്ത് തെളിവാണ് വേണ്ടതെന്നും മുല്ലപ്പള്ളി ചോദിച്ചു.

താനും സിപിഎമ്മും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വത്സൻ തില്ലങ്കരി ആദ്യമേ പറഞ്ഞതാണ്. ഇതിന്റെ സ്വാധീനമാണ് ഇപ്പോൾ അവിടെ കണ്ടത്. അതുകൊണ്ട് കരുതിയിരിക്കണം. വിലകുറഞ്ഞ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. ഹൈന്ദവ, ഹൈന്ദവേതര വർഗീയതയെ നേരത്തെ വാരിപ്പുണർന്നവരാണ് സിപിഎം. അവരുടെ ചരിത്രം അതാണ്. എന്നിട്ടാണ് ഇപ്പോൾ എ.വിജയരാഘവനെ പോലുള്ളവർ കപട മതേതരത്വം പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.