ഭോപ്പാൽ: ലോക്‌സഭാ സെമിഫൈനൽ എന്നു പറയപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഛത്തീസ്‌ഗഡിനു പിന്നാലെ മധ്യപ്രദേശും മിസോറാമും പോളിങ് ബൂത്തിലേക്ക്. ഛത്തീസ്‌ഗഡിൽ രണ്ടു ഘട്ടമായി വോട്ടിങ് നേരത്തെ തീർന്നുവെങ്കിലും മധ്യപ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ നാളെയാണ് വോട്ടെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഒരേപോലെയാണ് പ്രതീക്ഷ വച്ചുപുലർത്തുന്നതും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം 2019 മെയ്‌ മാസത്തിൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാവി നിർണയിക്കുമെന്നതിനാൽ ഒട്ടും പ്രഭ കുറച്ചല്ല ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയനിരീക്ഷകരും കാണുന്നത്.

അഞ്ചു സംസ്ഥാനങ്ങളിൽ ജനവികാരം തേടുമ്പോൾ ബിജെപിക്കാണ് ഇത് അഗ്നിപരീക്ഷയായിത്തീർന്നിരിക്കുന്നത്. കേന്ദ്രത്തിൽ ബിജെപി ഭരിക്കുമ്പോൾ അതിന്റെ പ്രതിഫലനമായിരിക്കും അഞ്ചു സംസ്ഥാനങ്ങളിലും ഉണ്ടാകുകയെന്നും ബിജെപി നേതൃത്വത്തിന് വ്യക്തമാണ്. രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയം ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. അന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലും കോൺഗ്രസ് മുന്നേറിയത് മോദി മാജിക്ക് മങ്ങിയതിന് വലിയ ഉദാഹരണമായി എടുത്തുകാട്ടിയിരുന്നു. ബിജെപി പിന്നോക്കം പോകുന്നുവെന്ന് തിരിച്ചറിഞ്ഞ സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായത്.

കോൺഗ്രസ് അധികാരത്തിലേറുമെന്ന് പ്രവചിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമാണ് ഇപ്പോൾ രാജസ്ഥാൻ. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രകടമായിരുന്നു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നേടിയ വിജയവുമായി താരതമ്യം ചെയ്യുമ്പോൾ ഈ രണ്ടു സംസ്ഥാനങ്ങളിലേയും ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ നില പരുങ്ങലിലായിരുന്നു. അതുതന്നെയാണ് നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ഭയപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും കർഷകരോഷം ആളിക്കത്തി നിൽക്കുന്ന സമയമാണിത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കാർഷികമേഖലയ്ക്ക് ഏറ്റ തിരിച്ചടിക്ക് കാരണം പറയുന്നത് ബിജെപി സർക്കാരിന്റെ നയങ്ങളെയാണ്.

അടുത്തിടെ നടന്ന കർണാടക ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് ഏറ്റ തിരിച്ചടി ആരും മറന്നിട്ടില്ല. കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ് കർണാടകയിൽ വൻ വിജയം നേടിയത്. ഉപതെരഞ്ഞെടുപ്പുകളിൽ അടിക്കടി ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഈ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ അത് മോദി യുഗത്തിന് അന്ത്യം കുറിക്കുമെന്നും ഭയപ്പെടുന്നുണ്ട്. രണ്ടു വർഷം മുമ്പ് മോദി സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ? പിന്നാലെ ജിഎസ്ടിയും കൂടി എത്തിയതോടെ ചെറുകിട സംരംഭകരേയും കർഷകരേയും ഒരുപോലെ വലയ്ക്കുകയായിരുന്നു. അഴിമതി തുടച്ചുനീക്കാനെന്ന പേരിൽ നോട്ടു നിരോധനം നടപ്പാക്കുമ്പോൾ മോദി പോലും ഓർത്തില്ല, ഇതു ബൂമറാംഗ് പോലെ തനിക്കുനേരേ തിരിഞ്ഞുകുത്തുമെന്ന്.

2003 മുതൽ ഭരണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ എന്തുവില കൊടുത്തും അധികാരം തിരിച്ചുപിടിക്കണമെന്നുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശവും ബിജെപിയിൽ നേരിയ തോതിൽ ഭയം വളർത്തിയിട്ടുണ്ട്. നേതാവെന്ന നിലയിൽ ബഹുദൂരം മുന്നിലെത്തിയ രാഹുൽ ഗാന്ധി ഇപ്പോൾ കോൺഗ്രസിനെ നയിക്കാൻ പ്രാപ്തനായതും ബിജെപിക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല. 2013-ൽ നഷ്ടപ്പെട്ട സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കാൻ രണ്ടും കല്പിച്ച് ഗോദയിലിറങ്ങിയിരിക്കുന്ന കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളിയാണ് ബിജെപിക്ക് പ്രധാനമായും നേരിടേണ്ടത്. അതുകൊണ്ടു തന്നെ സർവേ ഫലങ്ങളെല്ലാം കോൺഗ്രസിനാണ് മുൻതൂക്കം നൽകുന്നത്. കോൺഗ്രസിനിത്അഭിമാനപ്പോരാട്ടമാണെന്നതിനാൽ തങ്ങളുടെ അടിത്തറ ഇളകാതെ കാക്കാൻ ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ബിജെപി നേതൃത്വത്തിന് തന്നെ അറിയാം. കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാിൽ 2013-ൽ അധികാരത്തിലേറിയ ബിജെപിക്ക് പക്ഷേ അഞ്ചു വർഷം കൊണ്ട് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ സാധിച്ചില്ല എന്നത് വൻ പരാജയമാണ്. സർക്കാരിനെ താഴെയിറക്കാൻ ചില ബിജെപി അനുഭാവികൾ പോലും രംഗത്തുണ്ട് എന്നത് പാർട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്. അതാണ് ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതും.

ബിജെപിയുടെ ഉരുക്കുകോട്ടയെന്നു വിശേഷിപ്പിച്ച മധ്യപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇവിടെയും നിലനിൽക്കുന്നത്. കാർഷിക മേഖലയുടെ പതനം, കർഷകരുടെ ആത്മഹത്യ, കാർഷികോത്പന്നങ്ങളുടെ വിലയിടിവ് എന്നിവയെല്ലാം ഏറെ ബാധിച്ച സംസ്ഥാനവും മധ്യപ്രദേശായിരുന്നു. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് വ്യക്തിപ്രഭാവം നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ നിന്നുള്ള വെല്ലുവിളി ചെറുതൊന്നുമല്ല. ഇവിടേയും ഒരു വർഷത്തിനുള്ളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പലയിടത്തും ബിജെപിക്ക് കാലിടറിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിലും മുനിസിപ്പൽ സീറ്റുകളിലും ബിജെപി വീണിരുന്നു.

തുടക്കത്തിൽ ബിജെപിക്കാണ് ഇവിടെ മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ പെട്ടെന്ന് മാറിമറിയുകയായിരുന്നു. വിമതരുടെ ശല്യം ബിജെപിയെ പിന്നോട്ടടിക്കുന്ന പ്രധാനഘടകമാണിവിടെ. അയോധ്യാവിഷയം ഉയർത്തിക്കാട്ടി വർഗീയ പ്രചാരണം ബിജെപി ഇവിടെ ആയുധമാക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രാപ്തി അണയുമെന്നും പ്രവചിക്കാനാവില്ല.

ഹിന്ദുത്വ വാദം ഉയർത്തിപ്പിടിച്ച് ബിജെപി എല്ലാ തെരഞ്ഞെടുപ്പുകളേയും നേരിട്ടുവെങ്കിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്വീകരി്ച്ചിരിക്കുന്ന മൃദുഹൈന്ദവ നയവും ബിജെപിക്ക് ഭീഷണിയാണ് ഉയർത്തുന്നത്. ബിജെപിയെ മറികടക്കാൻ ഹിന്ദുത്വ അജണ്ടകളിലൂന്നിയ പ്രചാരണമാണ് കോൺഗ്രസ് ഇത്തവണ നടത്തുന്നത്. മധ്യപ്രദേശിൽ ഗോ സംരക്ഷണ പദ്ധതികളും മറ്റും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.