ന്യൂഡൽഹി: കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രവാക്യവുമായി ദേശീയ തലത്തിൽ മുന്നോട്ടു പോകുന്ന ബിജെപിയെ തടയിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ലെന്നാണ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ കോൺഗ്രസ് മുന്നോട്ടു വെച്ച കർണാടക മോഡലും വിശാല സഖ്യവും ബിജെപിയുടെയും മോദിയുടെയും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് സഖ്യം രൂപപ്പെടുന്നത് കണക്കിലെടുത്ത് മറുതന്ത്രം മെനയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. പ്രതിപക്ഷമായി കോൺഗ്രസ് ഒറ്റക്കെട്ടായി എത്താനില്ലെങ്കിൽ പിന്നെ തങ്ങൾക്ക് ഇന്ത്യ ഭരിക്കാൻ ആരിൽ നിന്നും എതിർപ്പു നേരിടേണ്ടി വരില്ലെന്നും ബിജെപി നേതൃത്വത്തിന് വ്യക്തം. ഈ സാഹചര്യത്തിലാണ് മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടിയുമായി മുന്നോട്ടുപോകാൻ മോദി തന്ത്രം മെനയുന്നത്.

കോൺഗ്രസിനെ രാഷ്ട്രത്തു നിന്നു തുടച്ചുനീക്കുകയെന്ന പ്രധാന അജണ്ട മുന്നിൽക്കണ്ടു കൊണ്ടു തന്നെയാണ് ബിജെപിയിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്ന മായാവതിയേയും മമ്താ ബാനർജിയേയും അഖിലേഷ് യാദവിനേയും കൂട്ടുപിടിക്കാൻ മോദി ഒരുങ്ങുന്നത്. വെസ്റ്റ് ബംഗാളിൽ ഇടതുമായോ മമ്തയുമായോ കൈകോർക്കുന്നതിനും യുപിയിൽ അഖിലേഷ് യാദവുമായോ മായാവതിയുമായോ സഖ്യമുണ്ടാക്കുന്നതിനും വിരോധമില്ലെന്ന് തന്റെ പ്രസംഗങ്ങളിലെല്ലാം തന്നെ മോദി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന മോദിക്ക് കോൺഗ്രസിനെ ഏതു വിധേനയും തുടച്ചു നീക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലുള്ളത്.

മമ്ത, അഖിലേഷ്, മായാവതി എന്നിവരുമായി കൂട്ടുകച്ചവടത്തിന് ബിജെപി ഒരുങ്ങുന്നത് മോദിയുടെ ഇതൊരു രാഷ്ട്രീയ തന്ത്രമായി മാത്രം കാണാൻ സാധിക്കൂ എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 2013-ൽ ബിജെപി അധികാരത്തിലേറിയത് തങ്ങൾക്ക് 30 വർഷത്തിനു ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തിന്റെ ബലത്തിലാണ്. അഞ്ചു വർഷത്തെ ഭരണം കൈയാളുമ്പോൾ ഒരുപക്ഷെ ബിജെപി മറന്ന ഒരു കാര്യമുണ്ട്. രാജ്യമെമ്പാടുമുള്ള സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം നേടാൻ ബിജെപിക്ക് ആയില്ല. കോൺഗ്രസിന്റെ വീഴ്ചയാണ് തങ്ങളെ അധികാരത്തിലേക്ക് നയിച്ച ഘടകമെന്ന് ബിജെപി മറന്നു പോകുകയും ചെയ്തു. ദേശീയപാർട്ടിയുടെ ലേബലിൽ ഉള്ള സിപിഎം തങ്ങൾക്കൊരു ബദലല്ലെന്നും ബിജെപിക്ക് അറിയാം.

മമ്തയുടെ ഭരണത്തിലുള്ള വെസ്റ്റ് ബംഗാളിൽ 40 ലോക്‌സഭാ സീറ്റുകളിൽ വെറും 17 എണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. വളരെ കഷ്ടപ്പെട്ടു നേടിയ 17 സീറ്റ് ബിജെപിയുടെ ഭരണത്തിൽ വൻ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും അറിയാം. അതേസമയം യുപിയിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് ബിജെപി നടത്തിയത്. 80 സീറ്റുകളിൽ 71 എണ്ണവും കൈയടക്കാൻ ബിജെപിക്ക് ആയി. രാജ്യമെമ്പാടും 282 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിൽ വന്നത്. എന്നാൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വെറും 30 ശതമാനമായിരുന്നു.

അഞ്ചു വർഷം നീണ്ട മോദി പ്രഭാവത്തിന് ഇപ്പോൾ പഴയ തിളക്കമില്ലെന്ന് എല്ലാവർക്കുമറിയാം. 2017 ജനുവരിയിലെ റിപ്പോർട്ട് അനുസരിച്ച് മോദിപ്രഭാവം 65 ശതമാനമുണ്ടായിരുന്നെങ്കിൽ ഈ വർഷം ജൂലൈയിൽ അത് 49 ശതമാനമായി ഇടിഞ്ഞു. ബിജെപിയുടെ നയങ്ങളിൽ മോദി മാത്രം തീരുമാനമെടുക്കുന്നതിനെതിരേയും ശബ്ദം ഉയർന്നിരുന്നു. ബിജെപിയുടെയും മോദിയുടേയും പ്രിയപ്പെട്ട മുദ്രാവാക്യത്തെ തള്ളി നേരത്തെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് രംഗത്തെത്തിയിരുന്നു. ഇവരുടെ കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തോട് യോജിപ്പില്ലെന്നാണ് അദ്ദേഹം അന്ന് തുറന്നടിച്ചത്.

കോൺഗ്രസ് മുക്ത ഭാരതം എന്നത് വെറും രാഷ്ട്രീയമുദ്രാവാക്യമാണെന്നും ഇത്തരമൊരു ഭാഷ പ്രയോഗിക്കുന്നതു തന്നെ ഉചിതമല്ലെന്നുമാണ് മോഹൻ ഭഗവത് വ്യക്തമാക്കിയത്. രാഷ്ട്രനിർമ്മാണം ഒരാളുടെ മാത്രം ജോലിയല്ല. അതിന് ഭരണ, പ്രതിപക്ഷകക്ഷികളടക്കം എല്ലാവരുടേയും സംഭാവനകൾ ആവശ്യമാണ്. ഇത്തരം പ്രചാരണങ്ങൾ ഒഴിവാക്കി രാഷ്ട്രത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ഭാഗവത് പറഞ്ഞു.

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങൾ പാർട്ടിയുടെ നയങ്ങളുമായി എത്രത്തോളം വേർതിരിഞ്ഞിരിക്കുന്നു എന്ന് ഇതിൽനിന്നു മനസിലാക്കാം. കോൺഗ്രസുമായി പല പ്രാദേശിക പാർട്ടികളും സഖ്യമുണ്ടാക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചാൽ പ്രതിപക്ഷ ഐക്യം ഇല്ലാതാക്കുകയും കേന്ദ്രത്തിൽ തങ്ങൾക്ക് ഒറ്റയ്ക്ക് ഭരിക്കുകയുമാകാം എന്ന വിശ്വാസമാണ് ബിജെപിക്ക്. പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കി പ്രാദേശിക പാർട്ടികളെ ചാക്കിട്ടുപിടിക്കാനാണ് മോദി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മമ്താ ബാനർജിയോടും മായാവതിയോടും അഖിലേഷ് യാദവിനോടുമൊക്കെ ഇപ്പോൾ കാണിക്കുന്ന സ്‌നേഹം കോൺഗ്രസിൽ നിന്ന് ഇവരെ അകറ്റുകയെന്നതിന് മാത്രമാണ്. നിലവിൽ കോൺഗ്രസിനോടും അകലം പാലിച്ചിരിക്കുന്ന നേതാക്കളാണ് ഇവർ. യുപിയിൽ അഖിലേഷ് മായാവതിയുടെ ബിഎസ്‌പിയുമായി കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത് ബിജെപിയുടെ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായിരുന്നു. ഏതെങ്കിലും കാരണവശാൽ ഈ പ്രാദേശി പാർട്ടികൾ കോൺഗ്രസുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള എല്ലാ പഴുതുകളും കേന്ദ്രത്തിൽ ഇരുന്നുകൊണ്ട് തന്നെ മോദി അടയ്ക്കുന്നുണ്ട്.

ഒരുകാരണവശാലും കോൺഗ്രസുമായി ഒത്തുപോകരുതെന്നാണ് മോദി പ്രാദേശിക നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. യാതൊരു രാഷ്ട്രീയ പശ്ചാത്തലത്തിലും ഒരു സംസ്ഥാനത്തും കോൺഗ്രസുമായുള്ള കൂട്ടുകെട്ടിന് ബിജെപി തയാറാകരുതെന്ന് പ്രത്യേകം നിഷ്‌ക്കർഷിച്ചിട്ടുമുണ്ട്.