മലപ്പുറം: ബിജെപിയുടെ സ്ഥാനാർത്ഥിയായി പ്രവാചകന്റെ പിന്തുടർച്ചാവകാശമുള്ള തങ്ങൾ കുടുംബത്തിൽ നിന്നും സ്ഥാനാർത്ഥി. ലീഗിന്റെ തട്ടകവും പാണക്കാട് തങ്ങൾ കുടുംബത്തിന്റെ മണ്ഡലവുമായ മലപ്പുറത്ത് ബിജെപി സ്ഥാനാർത്ഥിയാകുന്നത് ബാദുഷ തങ്ങളാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായാണു തങ്ങൾ കുടുബത്തിലെ ഒരംഗം ബിജെപി. സ്ഥാനാർത്ഥിയാകുന്നത്. ഇത് ദേശീയ തലത്തിൽ തന്നെ ബിജെപി ചർച്ചയാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദേശീയ മാദ്ധ്യമങ്ങളും മലപ്പുറത്ത് എത്തി തുടങ്ങി.

പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്മുറക്കാരായി അറിയപ്പെടുന്ന തങ്ങൾ കുടുംബത്തിലെ ഒരാൾ ബിജെപി സ്ഥാനാർത്ഥിയാകുന്നതോടെ മുസ്ലിംമത വിഭാഗങ്ങൾക്കിടയിൽ ബിജെപിക്ക് കൂടുതൽ സ്വീകാര്യതയുണ്ടാകുമെന്നാണു പാർട്ടിയുടെ കണക്ക് കൂട്ടൽ. മലപ്പുറത്ത് ഇത്തരമൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുമെന്നും ബിജെപി. കണക്കാക്കുന്നു. താനൂർ പനങ്ങാട്ടൂർ കണ്ണന്തളി സ്വദേശിയായ ബാദുഷ തങ്ങൾ ന്യൂനപക്ഷമോർച്ച മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്കൂടിയാണ്.

മുസ്ലിം സ്ഥാനാർത്ഥികളെ സ്ഥിരമായി ബിജെപി മലപ്പുറത്ത് പരീക്ഷിക്കാറുണ്ട്. എന്നാൽ തങ്ങൾ കുടുംബാംഗം എത്തിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ബാദുഷ തങ്ങൾ ബിജെപിയുമായി അടുത്തിട്ട് രണ്ട്‌വർഷത്തോളമായി. സയ്ിയദ് ഹാഷിംമുശൈഖിന്റെ പിന്മുറക്കാരനാണു താനെന്നും 1687 ലാണു തന്റെ പിന്മുറക്കാർ കേരളത്തിലെത്തിയതെന്നും ബാദുഷ തങ്ങൾ പറയുന്നു. ആലുവയിലത്തിയ പൂർവികർ പിന്നീട് സാമൂതിരിയുടെ ആജ്ഞ പ്രകാരം താനൂരിലെ പനങ്ങാട്ടൂരിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2002 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽനിന്നും ജനകീയ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച ബാദുഷ തങ്ങൾ പിന്നീടാണ് ബിജെപിയിലേക്കു ചേക്കേറിയത്. ശേഷം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി. പ്രതിനിധിയായി താനൂർ പഞ്ചായത്തിൽ മത്സരിച്ചു. ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിച്ച കേരളാ വിമോചനയാത്രയിൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ ബാദുഷ തങ്ങൾ അംഗമായിരുന്നു. മേൽത്തട്ടിലെ നിർദ്ദേശം അംഗീകരിക്കുകയാണ് താൻ ചെയ്തതെന്നു സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ബാദുഷ തങ്ങൾ പറഞ്ഞു.

വിജയ പ്രതീക്ഷയുമായാണ് മോദിയുടെ കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തി ബാദുഷാ തങ്ങൾ മത്സരിക്കുന്നത്. ബിജെപിയെ ഹിന്ദു പാർട്ടിയായി ചിത്രീകരിക്കുന്നതിനേയും ബാദുഷ അനുകൂലിക്കുന്നില്ല.