- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയിലെ ഗ്രൂപ്പുകളി വിഴുപ്പലക്കി മുന്നോട്ട്; ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ഒളിച്ചോട്ടക്കഥയുമായി ഒരു വിഭാഗം; കെ സുരേന്ദ്രനെതിരെ പെണ്ണു വിഷയമെന്ന പ്രചരണവുമായി മറുവിഭാഗം; തെരഞ്ഞെടുപ്പു കാലത്തും അമിത്ഷാക്ക് മുമ്പിൽ വിഷയം എത്തിച്ചു തർക്കം; വിഭാഗീയത വളർത്തുന്നത് സംഘടനാ സെക്രട്ടറി ബി എൽ സന്തോഷെന്നും ആക്ഷേപം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് തീയ്യതി പ്രഖ്യാപിച്ചു കഴിഞ്ഞതോടെ മുന്നണികൾ മുന്നൊരുക്കവുമായി മുന്നോട്ടു പോകുകയാണ്. ഇതിനിടെ എൻഡിഎ മുന്നണിയും ഇക്കുറി സജീവമായി മത്സരം രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിനിടെ ബിജെപിയിലെ ഗ്രൂപ്പിസം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നത് ബിജെപിയുടെ പ്രതീക്ഷകളെ ഇല്ലാതാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നുമുള്ള നിലപാടിലാണ് ഒരു വിഭാഗം. കുറച്ചു കാലങ്ങളായി നിലനിൽക്കുന്ന ഈ തർക്കം ഇപ്പോൾ പൊട്ടിത്തെറിയുടെയും വിഴുപ്പലക്കലിന്റെയും വക്കിലാണ്.
ബിജെപിയിൽ കെ സുരേന്ദ്രനേക്കാൾ സീനിയറായ ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു കൊണ്ടു തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. നേരത്തെ അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രനൊപ്പം ഉയർന്നു കേട്ട പേരായിരുന്നു ശോഭയുടേത്. എന്നാൽ വി മുരളീധര വിഭാഗത്തിന്റെ നോമിനിയായി കേന്ദ്രത്തിന്റെ ആശിർവാദങ്ങളോടെ സുരേന്ദ്രൻ അധ്യക്ഷനായതോടെ ശോഭയുടെ പ്രതീക്ഷകൾ അസ്തമിച്ചു. പിന്നാലെ ഇവർക്ക് ദേശീയ തലത്തൽ ലഭിക്കുമെന്ന് കരുതിയ സ്ഥാനങ്ങളും മുരളീധര വിഭാഗം ഇടപെട്ടു വെട്ടി. മാത്രമല്ല, ദേശീയ നേതാവായ ശോഭയെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി നിയമിച്ചതും അവരെ അവഹേളിക്കുന്നതിന് തുല്യമായി മാറി.
കേന്ദ്രത്തിലെ അധികാരം മുതലാക്കി കെ സുരേന്ദ്രന്റെ ഗ്രൂപ്പ് കേരളത്തിൽ സ്വന്തം നിലയിൽ മുന്നോട്ടു പോകുകയാണെന്നാണ് ആക്ഷേപം. പാർട്ടിയെ വിഴുങ്ങിയുള്ള പോക്കിനെതിരെയാണ് ശോഭയും തുറന്നിടിച്ചത്. എന്നാൽ, ഈ തർക്കം ഒടുവിൽ വിഴുപ്പലക്കലിന്റെ വക്കിലേക്ക് പോലും കടന്നിട്ടുണ്ട്. ശോഭാ സുരേന്ദ്രൻ ഭർത്താവിനെ ഉപേക്ഷിച്ചു ഒളിച്ചോടിയെന്ന് സൈബർ ഇടത്തിൽ ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ശോഭ നിയമ നടപടിയുമായി മുന്നോട്ടു പോകുകയാണ് താനും.
തൃശ്ശൂരിലുള്ള വ്യവസായിക്കൊപ്പമാണ് ശോഭ കഴിയുന്നതെന്ന വിധത്തിലായിരുന്നു ഈ പ്രചരണം. ശോഭയിൽ നിന്നും പ്രകോപന പ്രസ്താവന ഉണ്ടാകട്ടെ എന്നു കരുതിയാണ് ഇത്തരം പ്രചരണം നടത്തുന്നത് എന്നാണ് അവരുടെ പക്ഷം. ഇത്തരം പ്രചരണം കൊഴുത്തപ്പോൾ കെ സുരേന്ദ്രനെതിരെയും കഥയുമായി മറുവിഭാഗം രംഗത്തെത്തി. സുരേന്ദ്രൻ പണ്ട് പെണ്ണു കേസിൽ കുടങ്ങിയെന്ന് പറഞ്ഞു കൊണ്ടാണ് ഈ കഥ. ഇരുവരും തമ്മിലുള്ള വിഭാഗീയത മുറുകവേയുള്ള വിഴുപ്പലക്കാണ് ഇതെന്ന് വ്യക്തം.
ശോഭാ സുരേന്ദ്രൻ സിപിഎമ്മിലേക്ക് പോകുമെന്ന പ്രചരണത്തിനും പിന്നിലും വി മുരളീധരന വിഭാഗമാണെന്നാണ് ശോഭയെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതിനായി തൃശ്ശൂരിലെ ഒരു ബിഎംഎസ് നേതാവും കൂട്ടുനിൽക്കുന്നുവെന്നും ആക്ഷേപം ഉയരുന്നു. ബിജെപിയിൽ ശോഭാ സുരേന്ദ്രന് വലിയ പിന്തുണയാണ് ഉള്ളത്. കേരളത്തിലെ വനിതാ നേതാക്കളെ പൊതുവായി എടുത്താൽ അണികളുടെ ബലത്തിൽ ഒന്നാം നിരയിലുള്ള നേതാവായിരുന്നു ഇവർ. എന്നിട്ടും തന്നെ അവഗണിക്കുന്നു എന്ന ആക്ഷേപമാണ് ശോഭക്കുള്ളത്.
കുമ്മനം രാജശേഖരനെ പോലൊരു ജനകീയ നേതാവിനെയും ഒതുക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനത്തിന് സീറ്റു കൊടുക്കാതിരിക്കാനും ചരടുവലികൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ പാർട്ടിയിൽ വിഭാഗീയത വളരുമ്പോഴും അതിനെ ചെറുക്കാൻ നടപടികൾ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ ഇടപെടൽ പോലും പാർട്ടിയിൽ വിഭാഗീയത വളർത്തുകയാണെന്ന ആക്ഷേപവും ശക്തമാണ്. അദ്ദേഹം തന്റെ പിടവാശി വിജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ശ്രീശനും രംഗത്തെത്തിയിരുന്നു. ശാഭാ സുരേന്ദ്രൻ, പി.എം വേലായുധൻ എന്നിവരാണ് ഇതുവരെ പരസ്യപ്രതികരണം നടത്തിയിരുന്നത്. ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനെതിരെ ആരോപണമുന്നയിച്ചത് വിമതർക്ക് തിരിച്ചടിയായി. ഇതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കാനും കഴിയാതായി.
സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുണ്ടെങ്കിൽ അത് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിക്കാണ് നൽകേണ്ടത്. കേന്ദ്രനേതൃത്വത്തിന് ആരും പരാതി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. മുൻപ് കോൺഗ്രസിൽ കാണുന്ന തരത്തിലുള്ള പരസ്യമായ വിഴുപ്പലക്കലാണ് ഇപ്പോൾ ബിജെപിയിലും സംഭവിക്കുന്നത്. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിച്ചവർ ഇപ്പോൾ പരാതിയുമായി കേന്ദ്ര നേതൃത്വത്തിനെ സമീപിച്ചതും എത്രകണ്ട് ഗുണകരമാകുമെന്ന് കണ്ടറിയണം.
ദേശീയ അദ്ധ്യക്ഷനായ നഡ്ഡയ്ക്കും, ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ള മുതിർന്ന നേതാക്കളെയുമാണ് പരാതിയുമായി സമീപിച്ചിരിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധനും പിന്നാലെ 24 സംസ്ഥാനനേതാക്കൾ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് ഇതിന്റെ ഭാഗമായി നൽകിയിരുന്നു.സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രനെതിരെ നിരവധി ആരോപണങ്ങളാണ് പരാതിയിൽ പറയുന്നത്. കേരളത്തിൽ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നടക്കുന്നതെന്നും ഇങ്ങനെ പോയാൽ വരുന്ന തിരഞ്ഞെടുപ്പിൽ വൻ നഷ്ടം പാർട്ടിക്കുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ 70 ശതമാനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും പ്രാതിനിധ്യം ഉറപ്പിക്കാനാവുന്ന അവസ്ഥയുണ്ടെന്നും എന്നാൽ എല്ലാവരെയും ഒരുപോലെ കൊണ്ടുപോയില്ലെങ്കിൽ ഈ നേട്ടം സ്വന്തമാക്കാൻ കഴിയില്ലെന്ന ഓർമ്മപ്പെടുത്തലും കേന്ദ്രത്തിനയച്ച കത്തിലുണ്ട്.അതേസമയം, ഇപ്പോൾ കേരളത്തിൽ ഏതാനും നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പരസ്യ പ്രതികരണത്തിൽ കേന്ദ്ര നേതൃത്വത്തിന് ഒട്ടും തൃപ്തിയില്ല. കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരമാണ് കേരളത്തിൽ അടുത്തിടെ സുരേന്ദ്രനെ അദ്ധ്യക്ഷനാക്കിയത്.
ഇതിന് ശേഷം മുഖ്യ പ്രതിപക്ഷത്തിനെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് കേരളത്തിൽ ബിജെപി നടത്തിയത്. സ്വപ്ന ഉൾപ്പെട്ട സ്വർണ കള്ളക്കടത്തിലടക്കം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ പത്രസമ്മേളനത്തിലൂടെ കെ സുരേന്ദ്രൻ നടത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ വിഭാഗീയത ഇതിന്റെയെല്ലാം ശോഭ കെടുത്തുന്ന അവസ്ഥയിലാണ്.
മറുനാടന് മലയാളി ബ്യൂറോ