തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കയാണ്. അതിക്രൂരമായ കണ്ണൂർ മോഡൽ കൊലപാതകത്തിനാണ് ഇന്നലെ തിരുവനന്തപുരം നഗരം സാക്ഷ്യം വഹിച്ചത്. ഇന്നലെ കിംസ് ആശുപത്രിയിൽ വെച്ച് രാജേഷ് കൊല്ലപ്പെട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ടാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ മുതൽ വൈകീട്ട് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. അക്രമ വാർത്ത പുറത്തുവന്നതോടെ തിരുവനന്തപുരം നഗരത്തിൽ ഭീതിപടരുകയായിരുന്നു. നിരത്തിൽ നിന്നും വാഹനങ്ങളെല്ലാം അപ്രത്യക്ഷമായി. പൊലീസും പലയിടത്തായി എത്തി.

ഇന്നലെ രാത്രി ശനിയാഴ്‌ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവർത്തകൻ രാജേഷ് വെട്ടേറ്റു മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളെ തുടർന്ന് നഗരത്തിൽ വൻതോതിൽ  പൊലീസിനെ വിന്യസിച്ചിരുന്നു ഇതിനിടയിലാണ് ആർഎസ്എസ് കാര്യവാഹകായ ഇടവക്കോട് രാജേഷിനെ ഒരു സംഘം ആക്രമിച്ചത്. വലതുകൈ അറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു. ഇയാളുടെ രണ്ട് കാലിനും ഇടതുകൈയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നും ശരീരത്തതിൽ നാൽപ്പതോളം വെട്ടേറ്റ പാടുകളുണ്ടെന്നുമാണ് പരിശോധിച്ച ഡോക്ടർമാർ നൽകുന്ന വിവരം.

രാജേഷിന്റെ മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരൻ മൃതദേഹം കണ്ട ശേഷമാണ് ഞായറാഴ്‌ച്ച ഹർത്തലായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായ ഹർത്താൽ പ്രഖ്യാപിച്ചത് മൂലം ജനങ്ങൾക്കുണ്ടാക്കുന്ന പ്രയാസത്തിൽ ഖേദമുണ്ടെന്നും എന്നാൽ ബിജെപിയേയും ആർഎസ്എസിനേയും ഇല്ലാതാക്കാനുള്ള സി.പി.എം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും കുമ്മനം പറഞ്ഞു.

ബിനീഷിന്റെ വീട് തകർത്ത കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകൻ കസ്റ്റഡിയിൽ

അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സി.പി.എംബിജെപി സംഘർഷത്തിൽ വിവിധ സ്റ്റേഷനുകളിലായി 32 കേസുകൾ രജിസ്റ്റർ ചെയ്തു. നഗരപരിധിയിൽ മാത്രം 23 കേസുകളാണുള്ളത്. ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിൽ വ്യാഴാഴ്ച പിടിയിലായ ഐ.പി.ബിനു ഉൾപ്പെടെ 11 പേരെ കോടതി റിമാൻഡ് ചെയ്തു.

നഗരത്തിൽ നിരോധനാജ്ഞ തുടരുകയാണ്. യൂണിവേഴ്‌സിറ്റി കോളജിനു സമീപം ഇന്നലെ പുലർച്ചെ സ്‌ഫോടനശബ്ദം കേട്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴു ബൈക്കുകളും രണ്ടു വടിവാളുകളും ഫോർട്ട് പൊലീസ് പിടികൂടി.

പൊലീസ് കനത്ത ജാഗ്രതയിൽ

കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രത തുടരുകയാണ്. നാളെ വരെ പ്രതിഷേധ യോഗങ്ങളും മാർച്ചുകളും കേരള പൊലീസ് ആക്ട് പ്രകാരം തടഞ്ഞിരിക്കുകയാണ്. രാത്രികാല പട്രോളിങ്ങും ശക്തമാക്കി. ആയിരത്തോളം പൊലീസുകാരെയാണു നഗരസഭാ പരിധിയിൽ വിന്യസിച്ചിരിക്കുന്നത്. വെള്ളിയാഴ്ച അർധരാത്രി സി.പി.എം കാട്ടാക്കട ബ്രാഞ്ച് സെക്രട്ടറിയുടെ വീട് ഒരു സംഘം അടിച്ചുതകർത്തതായി ആരോപണമുണ്ട്. ബിജെപി വെങ്ങാനൂർ പ്രദേശിക നേതാവ് റാണാ പ്രതാപിന്റെ വീടിനു നേരെയും ആക്രമണമുണ്ടായതായി പരാതിയുണ്ട്.

സി.പി.എം അനുഭാവിയെ മർദിച്ചുവെന്ന കേസിൽ റാണാപ്രതാപിനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. യൂണിവേഴ്‌സിറ്റി കോളജിലേക്ക് എബിവിപി നാളെ നടത്താനിരുന്ന മാർച്ച് സംഘർഷസാധ്യത കണക്കിലെടുത്തു മാറ്റിവച്ചു. ആർഎസ്എസ്, ബിജെപി നേതൃത്വവുമായുള്ള ചർച്ചകൾക്കു ശേഷം മറ്റൊരു ദിവസം മാർച്ച് നടത്തുമെന്ന് എബിവിപി അറിയിച്ചു.

ബിജെപി കാര്യാലയത്തിനു നേരെ ആക്രമണം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായ ഐ.പി.ബിനുവും സംഘവും ഒട്ടേറെ കേസുകളിൽ മുൻപ് പ്രതികളായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇവരെ റിമാൻഡ് ചെയ്തു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ 14 കേസുകൾ, മ്യൂസിയം, വഞ്ചിയൂർ, പൂജപ്പുര സ്റ്റേഷനുകളിൽ രണ്ടു കേസുകൾ വീതവും കരമന പൊലീസ് സ്റ്റേഷനിൽ മൂന്നു കേസുകളും രജിസ്റ്റർ ചെയ്തു.

ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരനു പാരിതോഷികം

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം നടത്തിയവരെ തടയാൻ ശ്രമിച്ച പൊലീസുകാരനു പാരിതോഷികം. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രത്യഞ്ജയകുമാറിനാണ് ഐജി മനോജ് എബ്രഹാം 5000 രൂപ നൽകിയത്. അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ പ്രത്യഞ്ജയകുമാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.

ഇദ്ദേഹത്തെ മനോജ് എബ്രഹാം സന്ദർശിച്ചു. സംഭവസമയത്ത് നാലോളം പൊലീസുകാരുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രമാണ് അക്രമികളെ നേരിട്ടത്. കാഴ്ചക്കാരായി നിന്നുവെന്ന് ആരോപണം നേരിട്ട പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിക്കുന്നതിനിടയ്ക്കു വയറ്റിലാണു ചവിട്ടേറ്റത്.

പന്തളത്തും സംഘർഷം, നിരോധനാജ്ഞ

സി.പി.എം - ബിജെപി സംഘർഷം നിലനിന്നിരുന്ന പന്തളത്ത് വെള്ളിയാഴ്ച രാത്രി സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. ഇതെ തുടർന്നു പന്തളം പൊലീസ് സ്റ്റേഷൻ അതിർത്തിക്കുള്ളിൽ ജില്ലാ കലക്ടർ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷം തുടരുകയാണ്. ഡിവൈഎഫ്‌ഐ കടയ്ക്കാട് യൂണിറ്റ് സെക്രട്ടറി ഉളമയിൽ ഷംനാദിന് (22) ഇന്നലെ വെട്ടേറ്റു. രാവിലെ 11.45ന് എൻഎസ്എസ് കോളജിനു മുൻപിൽ എംസി റോഡിനു സമാന്തരമായുള്ള ഇടറോഡിലായിരുന്നു അക്രമം. ബൈക്കിൽ എത്തിയ രണ്ടു പേരാണ് ആക്രമിച്ചതെന്നു പൊലീസ് അറിയിച്ചു.

കൈയ്ക്കു പരുക്കേറ്റ ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളത്തു വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയതായി അടൂർ ഡിവൈഎസ്‌പി പി.ഡി. ശശി പറഞ്ഞു. തിരുവനന്തപുരത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ചു വെള്ളിയാഴ്ച സി.പി.എം - ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്നു ബിജെപി പ്രവർത്തകൻ ബാബുക്കുട്ടനു പരുക്കേറ്റിരുന്നു.

അന്നു രാത്രിയാണ് സിപിഎമ്മിന്റെ കുരമ്പാല ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടത്. ഓഫിസിനു മുൻപിലെ കൊടിമരം പിഴുത് ഓടയിൽ തള്ളി. ഓഫിസിന്റെ കതകു പൊളിച്ചു മേശയും അലമാരകളും കസേരകളും തല്ലിത്തകർത്തു. അവിടെ സൂക്ഷിച്ചിരുന്ന ഫയലുകൾ, പോസ്റ്ററുകൾ എന്നിവ മുറിക്കുള്ളിൽ കൂട്ടിയിട്ടു കത്തിച്ചതായും അലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതായും സി.പി.എം നേതാക്കൾ അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ച് ഇന്നലെ കുരമ്പാലയിൽ സി.പി.എം പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.