മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായി, നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കുമെന്ന് സൂചന. ബിജെപി തനിച്ച് ഭൂരിപക്ഷം നേടുകയോ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയോ നേടുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 15-ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, മഹാരാഷ്ട്ര യുദ്ധത്തിനൊരുങ്ങിക്കഴിഞ്ഞു.

രണ്ടാഴ്ച നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ, ബിജെപിക്ക് വ്യക്തമായ മുൻതൂക്കമുണ്ടെന്നാണ് സൂചന. വർഷങ്ങൾ നീണ്ട രണ്ട് പ്രധാന സഖ്യങ്ങൾ പിരിഞ്ഞശേഷമാണ് മുഖ്യ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ശിവസേനയുമായുള്ള സൗഹൃദമാണ് ബിജെപി ഉപേക്ഷിച്ചതെങ്കിൽ, കോൺഗ്രസ് അകന്നത് എൻ.സി.പിയിൽനിന്നാണ്. രാഷ്ട്രീയത്തിലെ പുതിയ സംഭവ വികാസങ്ങൾ ബിജെപിയെയാവും തുണയ്ക്കുകയെന്ന് എതിരാളികൾ പോലും കരുതുന്നുണ്ട്.

കോൺഗ്രസ്, എൻ.സി.പി., ശിവസേന, എം.എൻ.എസ് എന്നീ നാല് കക്ഷികളെക്കാളും മേധാവിത്വം ബിജെപിക്ക് ഉണ്ടെന്ന് എതിരാളികൾ പോലും സമ്മതിക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യം പോലും ഉണ്ടായേക്കാം. ഏതായാലും കോൺഗ്രസ്സിനെക്കാൾ മേൽക്കൈ ബിജെപിക്കുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ സമ്മതിക്കുന്നു. വിദർഭയിലും മറാത്ത്‌വാഡയിലും ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് സൂചന. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന്റെ ശക്തികേന്ദ്രമായിരുന്ന പടിഞ്ഞാറൻ മഹാരാഷ്ടയിലും ബിജെപിയോടാണ് ജനങ്ങൾക്ക് ചായ്‌വ്.

തിരഞ്ഞെടുപ്പ് സർവേകളെല്ലാം ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് വ്യക്തമാക്കുന്നു. ഇന്ത്യ ടുഡേ സർവേയിൽ ബിജെപി 125 മുതൽ 144 സീറ്റുവരെ നേരിടുമ്പോൾ, വീക്ക് സർവേയിൽ 144-ഉം സീ 24 സർവേയിൽ 96-ഉം സിവോട്ടർ സർവേയിൽ 105 സീറ്റുമാണ് ബിജെപിക്ക് ലഭിക്കുക. കോൺഗ്രസ്സിന് പരമാവധി ലഭിക്കാവുന്ന സീറ്റുകൾ 63 ആണെന്ന് ഈ സർവേകൾ സൂചിപ്പിക്കുന്നു. ചിലപ്പോൾ അത് 25 സീറ്റിലേക്കുവരെ താഴേയ്ക്കു വീഴാം. ശിവസേന 63 സീറ്റ് വരെ നേടി രണ്ടാമത്തെ കക്ഷിയായി വരാമെന്ന് ഇന്ത്യ ടുഡേ സർവേ സൂചിപ്പിക്കുമ്പോൾ, മറ്റ് മൂന്ന് സർവേകളും സേനയ്ക്ക് നാലാം സ്ഥാനമാണ് പ്രവചിക്കുന്നത്.

എന്തുവിലകൊടുത്തും കോൺഗ്രസ് അധികാരം നിലനിർത്തുമെന്നാണ് കോൺഗ്രസ് വക്താവ് ആനന്ദ് ഗാഡ്ഗിൽ പറയുന്നത്. ഇത്തരം സാഹചര്യങ്ങൾ നേരിട്ട് പരിചയമുള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം ബിജെപിക്ക് കാര്യങ്ങൾ അനുകൂലമാക്കിയിട്ടുണ്ടെന്ന് കരുതുന്നുവരുമുണ്ട്. കോൺഗ്രസ് മുഖ്യമന്ത്രി പൃത്ഥ്വിരാജ് ചവാന് സംസ്ഥാനത്ത് ഇപ്പോഴും സ്വാധീനമുണ്ടെങ്കിലും, മഹാരാഷ്ട്ര കോൺഗ്രസ് കമ്മറ്റി താറുമാറായത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് കോൺഗ്രസ്സിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു.

ബിജെപിക്കുവേണ്ടി മോദി രംഗത്തിറങ്ങിയപ്പോൾ, മഹാരാഷ്ട്രയിൽ കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഏതാനും യോഗങ്ങളിൽ പ്രസംഗിച്ചെങ്കിലും അതൊന്നും വലിയ ചലനമുണ്ടാക്കിയില്ല. ഇതൊക്കെ അന്തിമഫലം പുറത്തുവരുമ്പോൾ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് കോൺഗ്രസ്സിലെ വലിയൊരു വിഭാഗം കരുതുന്നു.