ന്യൂഡൽഹി: തുടർച്ചയായി രണ്ട തവണ പ്രധാനമന്ത്രി പദത്തിൽ ഇരുന്ന് കോൺഗ്രസ് നേതാവ് മന്മോഹൻ സിംഗിനെ പോലെ ബിജെപിയുടെ നരേന്ദ്ര മോദിയും ഈ ചരിത്രം ആവർത്തിക്കുമോ? ആ നേട്ടത്തിൽ നിന്നും മോദിയെ തടയാൻ രാഹുൽ ഗാന്ധി എന്ന നേതാവിന് സാധിക്കുമോ? ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോൾ രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള നേതാവാരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം മോദി എന്നു തന്നെയാണ്. അദ്ദേഹത്തിന്റെ ജനപ്രീതിയിലാണ് കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് അധികാരം പിടിച്ചത്. എന്നാൽ, ഇന്ന് മോദിക്ക് അനുകൂലമായ ഘടങ്ങൾ കുറവാണ്. ഭരണപരമായ വീഴ്‌ച്ച അടക്കം നിരവധി തെറ്റുകൾ മോദിയുടെ ഭാഗത്തു നിന്നും വന്നിട്ടുണ്ട്. ദിവസവും ഉയരുന്ന പെട്രോൾ വിലയും കൂടിയാകുമ്പോൾ രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനിടെയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ആര് വിജയിക്കുമെന്ന ചോദ്യം ഉയർന്നത്. എന്നിട്ടും ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്.

എബിപി ന്യൂസ്- സിഎസ്ഡിഎസ് സർവേയാണ് 2019 ലെ പൊതുതിരഞ്ഞെടുപ്പിലും മോദി അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്നത്. അതിനുള്ള രാഷ്ട്രീയ അടിത്തറ രാജ്യത്ത് ബിജെപിക്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന്റെ നാലുവർഷം വിലയിരുത്തുന്നതാണു സർവേ. തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തിയാൽ എൻഡിഎ മുന്നണിക്കു കേവല ഭൂരിപക്ഷം ലഭിക്കും പ്രവചിക്കുന്ന സീറ്റ് 274. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 336 സീറ്റാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നേടിയത്.

യുപിഎയ്ക്ക് 164 സീറ്റും മറ്റുള്ളവർക്ക് 105 സീറ്റ് വീതവുമാണു ലഭിക്കുക. എന്നാൽ, 2019 ൽ മോദി സർക്കാരിന് ഭരിക്കാൻ അവസരം ലഭിക്കില്ലെന്നു കരുതുന്നവരാണു സർവേയിൽ പങ്കെടുത്ത 47 ശതമാനം പേരും. തൊഴിലില്ലായ്മയും വിലവർധനയുമാണു വോട്ടർമാരെ എൻഡിഎ സർക്കാരിനു എതിരാക്കുന്നത്. ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സർക്കാർ വിരുദ്ധ മനോഭാവമുണ്ടെന്നും സർവേയിൽ പറയുന്നു. നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ ആക്രമണങ്ങൾ, വരുമാനത്തിലെ കുറവ് തുടങ്ങിയവയാണു സർക്കാരിനു വെല്ലുവിളി ഉയർത്തുന്നത്.

ന്യൂനപക്ഷങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്‌ലിങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിനെക്കുറിച്ച് അസംതൃപ്തി വർധിക്കുകയാണ്. മോദി സർക്കാരിനെക്കുറിച്ചുള്ള മതിപ്പിൽ അസംതൃപ്തിക്കാരുടെ എണ്ണം കൂടുകയാണെന്നും സർവേ പറയുന്നു. 2017 മേയിൽ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയിൽ 40 ആയും ഇപ്പോൾ 47 ശതമാനമായും ഉയർന്നു. ഒരു വർഷത്തിനിടെ അസംതൃപ്തരുടെ എണ്ണത്തിലെ വർധന 20 ശതമാനം. മോദിയുടെ ജനപ്രീതിയിലും ഇടിവുണ്ടായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടുതൽ ജനസമ്മതനായെന്നും സർവേ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേർ മോദിയെ നിർദ്ദേശിക്കുമ്പോൾ 24 ശതമാനം വിരൽചൂണ്ടുന്നതു രാഹുൽ ഗാന്ധിയിലേക്കാണ്. ഈ നില വിശാല പ്രതിപക്ഷ ഐക്യത്തിന്റെ നേതാവായി രാഹുൽ മാറിയാൽ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. 2018 ജനുവരിയിൽ മോദിയും രാഹുലും തമ്മിൽ ജനപ്രീതിയിൽ 17 ശതമാനത്തിന്റെ അന്തരമുണ്ടായിരുന്നു. ഇപ്പോഴത് 10 ശതമാനമായി കുറഞ്ഞു.

കർണാടകയിലെ നേട്ടത്തിന് പിന്നാലെ വരാനിരിക്കുന്നത് കോൺഗ്രസിന്റെ നല്ല സമയം

കർണാക തെരഞ്ഞെടുപ്പിൽ കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് നടത്തിയ നീക്കം വിജയം കണ്ടിരുന്നു. ഇതിന് പിന്നാലെ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്നു സർവേ പാർട്ടി തിരിച്ചടിക്ക് കളമൊരുക്കുന്നതാണ്. ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ മധ്യപ്രദേശിൽ 49 ശതമാനം വോട്ട് കോൺഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ടു മാത്രമാകും ലഭിക്കുക. രാജസ്ഥാനിൽ ഇത് യഥാക്രമം 44 ശതമാനം, 39 ശതമാനം. വോട്ടു ലഭിക്കുമെന്നും സർവേ പറയുന്നു.

രാജസ്ഥാനിൽ ഈ വർഷം ഉപതിരഞ്ഞെടുപ്പു നടന്ന രണ്ട് ലോക്‌സഭാ സീറ്റിലും ആറിൽ നാലു നിയമസഭാ സീറ്റിലും കോൺഗ്രസിനായിരുന്നു ജയം. ഉപതിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്നു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് പർനാമി മാർച്ച് 16ന് രാജിവച്ചതോടെ രാജസ്ഥാനിൽ ബിജെപി നാഥനില്ലാത്ത അവസ്ഥയിലാണ്. ഇവിടെ കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട. ഇത് ഭാവിയിൽ വലിയ നേട്ടങ്ങൾക്ക് അവസരം ഒരുക്കുമെന്നാണ് വിലയിരുത്തൽ.

മധ്യപ്രദേശിൽ നാലാം അവസരം തേടി രംഗത്തുള്ള ശിവരാജ് സിങ് ചൗഹാനു ഭരണവിരുദ്ധ വികാരത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്നാണ് സർവേ പറയുന്നത്. സംസ്ഥാന ഘടകത്തിന്റെ ചുമതല മുതിർന്ന നേതാവ് കമൽനാഥ് ഏറ്റെടുക്കുകയും പ്രചാരണചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കു നൽകുകയും ചെയ്തതിനൊപ്പം എസ്‌പി ബിഎസ്‌പി സഖ്യത്തിൽ ബിജെപിയെ നേരിടാൻ നടത്തുന്ന നീക്കുപോക്കുകളും കോൺഗ്രസിന് മധ്യപ്രദേശിൽ പൊതുവേ ഗുണകരമാകുമെന്നാണു സർവേ വിലയിരുത്തുന്നത്.

അതേസമയം കോൺഗ്രസ് കൂടുതൽ മുന്നണി സംവിധാനത്തിലേക്ക് നീങ്ങുന്നത് നേട്ടമാകുമെന്നാണ് വിലയിരുത്തൽ. മോദിക്ക് കേന്ദ്രത്തിൽ അധികാരം കിട്ടിയതിന് പിന്നാലെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒന്നൊന്നായി കോൺഗ്രസ് തോറ്റമ്പിയിരുന്നു. വിജയിച്ചുകയറിയ ചിലയിടങ്ങളിൽ പോലും പണത്തിന്റെയും അധികാരത്തിന്റേയും പിൻബലത്തിൽ ബിജെപി കോൺഗ്രസിൽ നിന്ന് അധികാരം റാഞ്ചിയെടുത്തു. ഇതോടെ രാജ്യത്ത് വെറും മൂന്നു സംസ്ഥാനങ്ങളിൽ മാത്രം അധികാരമുള്ള പാർട്ടിയെന്ന നിലിയിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി. എന്നാൽ, ആ തിരിച്ചറിവിൽ നിന്നം കോൺഗ്രസ് പാഠം പഠിച്ചു മുന്നോട്ടു പോകുകയാണ്.

ഇപ്പോൾ കോൺഗ്രസ് സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വന്തം പാർട്ടിക്ക് ഉണ്ടായ അപചയവും ഓരോ സംസ്ഥാനത്തും പ്രാദേശിക പാർട്ടികൾക്ക് ഉള്ള വോട്ടുബാങ്കും. ഇതിന്റെ ആദ്യലക്ഷണമായി മാറിയിരിക്കുകയാണ് കർണാടകത്തിൽ പാർട്ടി സ്വീകരിച്ച നിലപാട്. കർണാടകത്തിൽ തനിച്ച് ഭൂരിപക്ഷം നേടുമെന്ന അഹങ്കാരത്തിൽ തന്നെയാണ് കോൺഗ്രസ് മത്സരിച്ചത്. കർണാടകയിൽ ഇപ്പോൾ ജനവിധി രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ കോൺഗ്രസിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുന്ന കാര്യങ്ങൾ അത്രശുഭകരമായിരുന്നില്ല. ഇതുവരെ മറ്റു കക്ഷികളോട് സ്വീകരിച്ച വല്യേട്ടൻ മനോഭാവം മാറ്റിവച്ച് കോൺഗ്രസ് രംഗത്തുണ്ട്.

കർണാടകത്തിലെ ഈ മുന്നേറ്റം യഥാർത്ഥത്തിൽ വഴിയൊരുക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നം സഫലമാകുന്നതിന് കൂടിയാണ്. ഈ നിലയിൽ മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രാദേശിക പാർട്ടികളെ അംഗീകരിക്കാൻ തയ്യാറായാൽ കേന്ദ്രത്തിൽ അടുത്തതവണ അനായാസം ജയിച്ചെത്താൻ യുപിഎയ്ക്ക് കഴിയും. യുപിയിൽ എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ അടിത്തറ ഉറപ്പിച്ച് അവിടെ അവരുടെ മേൽക്കോയ്മ അംഗീകരിക്കുകയാണ് ഇതിൽ മുഖ്യം. രാജ്യത്ത് ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള യുപിയിൽ ബിജെപി കഴിഞ്ഞതവണ നേടിയ 72 സീറ്റുകളുടെ സംഖ്യ വെട്ടിയൊതുക്കാൻ ഇതിലൂടെ അനായാസം കോൺഗ്രസിന് കഴിയും. ഇതിനുള്ള സാഹചര്യം കോൺഗ്രസ് ഏറെക്കുറെ തയ്യാറാക്കിവയ്ക്കുകയും ചെയ്തുകഴിഞ്ഞു.

ബംഗാളിൽ മമതയുടെ മേൽക്കോയ്മ അംഗീകരിക്കാൻ കഴിഞ്ഞാൽ അവിടെയും കുറച്ചു സീറ്റെങ്കിലും കോൺഗ്രസിന് നേടാനാവും. ആന്ധ്രയിൽ തെലുഗുദേശത്തിനെ കൂടെനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്. തെലങ്കാനയിൽ ടിഎസ്ആർ കോൺഗ്രസിനെ കൂടെനിർത്താൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകും അവിടെ. ബിജു ജനതാദളിനെ കൂടെ നിർത്താനും കോൺഗ്രസ് ശ്രമിക്കും. ഇത്തരത്തിൽ ഒരോ സംസ്ഥാനത്തും കോൺഗ്രസിന് ഉള്ള സ്വാധീനത്തിന് അനുസരിച്ച് മുന്നണികൾ രൂപീകരിക്കാനായാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കെതിരെ യുപിഎയെ ശക്തിദുർഗമായി മാറ്റാൻ കോൺഗ്രസിന് കഴിയും. ഇത് മോദിയുടെ രണ്ടാംവരവിന് കനത്ത തിരിച്ചടിയായി മാറുകയും ചെയ്യും.