- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുമുട്ടലിനാണ് കേന്ദ്രസർക്കാർ കോപ്പുകൂട്ടുന്നതെങ്കിൽ പേടിച്ച് പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക്; ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്നും ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബിയെ കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള സർക്കാരിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കിഫ്ബിയെ തകർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് തോമസ് ഐസക് ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. ആരുടെയും കള്ളപ്പണം വെളുപ്പിക്കാൻ കിഫ്ബിയെ ഉപയോഗിക്കാൻ സാധിക്കില്ല. കിഫ്ബി എങ്ങനെയാണ് ധനസമാഹരണം നടത്തുന്നതെന്ന് പ്രാഥമിക ധാരണ പോലും ഇല്ലാതെ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മനോവീര്യം തകർക്കാനാണ് ഇ.ഡിയുടെ ശ്രമം. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ചോദ്യംചെയ്യലിൽ ഇഡിക്ക് ലഭിക്കണമെന്ന് ആഗ്രഹമുള്ള ഉത്തരമാണ് അവർ തേടുന്നത്. കേരള സർക്കാരിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല. സംസ്ഥാനവുമായി ഏറ്റുമുട്ടലിനാണ് കേന്ദ്രസർക്കാർ കോപ്പുകൂട്ടുന്നതെങ്കിൽ പേടിച്ച് പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. മസാല ബോണ്ട് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. വിദേശ വായ്പ സംബന്ധിച്ച് നിയമം ഉണ്ടാക്കാനുള്ള അവകാശം കേന്ദ്രസർക്കാരിനാണ്. എന്നാൽ കേന്ദ്രസർക്കാരിനു മാത്രമേ വിദേശ വായ്പ എടുക്കാനാവൂ എന്ന സിഎജിയുടെ കണ്ടെത്തൽ വിഡ്ഢിത്തമാണ്.
ഫെമ നിയമത്തിനു കീഴിൽ വായ്പ എടുക്കുന്നതു സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിൽ ആർക്കൊക്കെയാണ് വായ്പയെടുക്കാൻ അവകാശമുള്ളത് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെങ്കിൽ ഇന്ത്യയിലെ ഏത് ബോഡി കോർപറേറ്റിനും വായ്പയെടുക്കാം. മാർഗനിർദ്ദേശ പ്രകാരം കിഫ്ബി ബാങ്കുകൾ വഴി ആർബിഐയുടെ അനുമതിക്ക് അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് വായ്പയെടുത്തത്. അത് എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന കാര്യത്തിൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്. കേരള സർക്കാരല്ല വായ്പയെടുത്തിരിക്കുന്നത്. കിഫ്ബി നിയമം പ്രകാരം ബോർഡി കോർപറേറ്റ് എന്നാണ് കിഫ്ബിയെ നിർവചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളെടുക്കുന്ന വായ്പാ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 293നു കീഴിൽ കിഫ്ബി വരില്ല. അതുകൊണ്ടുതന്നെ ഭരണഘടനാ ലംഘനവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ മസാലബോണ്ടിറക്കി വിദേശത്ത് നിന്ന് വായ്പയെടുത്തത് ഫെമ നിയമത്തിന്റെ ലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. കിഫ്ബി സിഇഒ കെഎം എബ്രഹാം, ഡപ്യൂട്ടി സിഇഒ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ചു. മസാല ബോണ്ടിറക്കി വിദേശത്ത് നിന്ന് കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോർട്ടിന്റെ ചുവട് പിടിച്ചാണ് എൻഫോഴ്സ്മെൻറ് കിബ്ഫിയിൽ പ്രാഥമിക അന്വേഷണം നടത്തിയത്. കേന്ദ്രസർക്കാരിന്റെ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കിയതും 2150 കോടി സമാഹരിച്ചതും ഫെമ നിയമത്തിന്റെ ലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെൻറ് കേസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. കിബ്ഫി സിഇഒ കെഎം എബ്രഹാം , ഡപ്യൂട്ടി സിഇഒ എന്നിവരോട് അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചു. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മേധാവികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു. കിഫ്ബി വഴി നടന്ന മുഴുവൻ ഇടപാടുകളും വിശദമായി പരിശോധിക്കും.
തിരഞ്ഞെടുപ്പിൽ സർക്കാർ നേട്ടമായി ഉയർത്തിക്കാണിക്കുന്ന കിഫ്ബി വഴിയുള്ള പദ്ധതികൾ അന്വേഷണത്തിന്റെ നിഴലിൽ വരുന്നതോടെ അന്വേഷണം തന്നെ പ്രചാരണ വിഷയമാകുമെന്നുറപ്പാണ്. കിഫ്ബി മരണക്കെണിയാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിച്ച് ദിവസങ്ങൾക്കകമാണ് എൻഫോഴ്സ്മെൻറ് കേസ്. സംസ്ഥാന സർക്കാരുകൾ വിദേശത്ത് നിന്ന് േനരിട്ട് ധനസമാഹരണം നടത്താന് പാടില്ലെന്ന ഭരണഘടന അനുച്ഛേദം കിബ്ഫി ലംഘിച്ചെന്നായിരുന്നു സിഎജിയുടെ കണ്ടെത്തൽ . എന്നാൽ സർക്കാരിന് ബാധകമായ നിയന്ത്രണങ്ങൾ ബോഡി കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ലെന്നാണ് സർക്കാർ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ