ന്യൂഡൽഹി: മെഡിക്കൽ കോഴ അന്വേഷണത്തിൽ പുറത്തായത് ബിജെപിയുടെ ഔദ്യോഗിക അന്വേഷണ കമ്മീഷൻ റിപ്പോർട്ടെന്ന് കേന്ദ്ര നേതൃത്വം സ്ഥിരീകരിച്ചു. പാർട്ടിക്ക് ദേശീയ തലത്തിൽ അവമതിപ്പുണ്ടാക്കിയ രേഖാ ചോർച്ചയിൽ കേന്ദ്ര നേതൃത്വം അന്വേഷണം നടത്തും. ബിജെപിയുടെ രാജ്യസഭാ അംഗവും ഏഷ്യാനെറ്റ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖറിൽ നിന്ന് വിശദീകരണം തേടാനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തീരുമാനിച്ചു. ഒരു കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ കടന്നാക്രമിച്ചു. അന്ന് ഇത്തരം ഇടപെടലുകളിൽ നിന്ന് പിന്മാറാണമെന്ന് രാജീവിനോട് അമിത് ഷാ ആവശ്യപ്പെട്ടു. അതിന് ശേഷമാണ് എ്ൻഡിഎയുടെ വൈസ് ചെയർമാനായി രാജീവ് ചന്ദ്രശേഖറിനെ ഉയർത്തിയത്.

ഈ ബന്ധത്തിനാണ് വിള്ളൽ വരുന്നത്. രാജീവിനെ കേന്ദ്രമന്ത്രിയാക്കാനും നീക്കമുണ്ടായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനും പരിഗണിച്ചു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കളിയാക്കുന്ന തരത്തിൽ ഏഷ്യാനെറ്റ് വാർത്ത നൽകിയത് അമിത് ഷായെ പ്രകോപിപ്പിച്ചു. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുത്ത കുമ്മനത്തെ മോശക്കാരനാക്കിയതിന്റെ രാഷ്ട്രീയം രാജീവിനെ തിരിഞ്ഞു കുത്തും. ഇതോടെ ബിജെപി ദേശീയ നേതൃത്വവുമായി രാജീവിന് അകലം കൂടും. അതിനിടെ ഏഷ്യാനെറ്റിന് റിപ്പോർട്ട് എങ്ങനെ കിട്ടിയെന്ന് രാജീവ് ചന്ദ്രശേഖറിനോട് അമിത് ഷാ നേരിട്ട് വിശദീകരണം തേടും. ഇതും രാജീവിന്റെ രാഷ്ട്രീയ മോഹങ്ങൾക്ക് തിരിച്ചടിയാകും. റിപ്പോർട്ട് ചോർച്ചയെ അതീവ ഗൗരവത്തോടെയാണ് അമിത് ഷാ കാണുന്നത്.

വാർത്തയിൽ ഏഷ്യാനെറ്റിന്റെ ഇടപടെലിൽ കുമ്മനം പൂർണ്ണ അതൃപ്തനാണ്. ദേശീയ നേതൃത്വത്തെ ഇത് അറിയിച്ചിട്ടുമുണ്ട്. രാജി വയ്ക്കാൻ പോലും കുമ്മനം തയ്യാറാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ ശാസിക്കാൻ അമിത് ഷാ തയ്യാറെടുക്കുന്നത്. ഏഷ്യാനെറ്റ് വാർത്ത നൽകിയതിനെതിരെയല്ല പ്രതിഷേധം. മറിച്ച് അത് കുമ്മനത്തിന് എതിരാക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തി. സംസ്ഥാന അധ്യക്ഷൻ അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ മുനയൊടിക്കുന്ന വാദമാണ് ഏഷ്യാനെറ്റ് ചർച്ചയിൽ അവതരിപ്പിച്ചത്. ഇത്തരത്തിൽ ഇടപെടൽ നടത്തുന്നത് ബോധപൂർവ്വമാണെന്ന് ആർ എസ് എസും വിലയിരുത്തുന്നു. കുമ്മനത്തിന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വം ശ്രമം നടന്നുവെന്ന് തന്നെയാണ് വാദങ്ങൾ. ദേശീയ തലത്തിൽ തന്നെ പ്രധാനമന്ത്രി മോദിയുടെ സർക്കാരിന് തിരിച്ചടി നൽകുന്ന വാർത്തയായി ഇത് മാറിയെന്നാണ് കണക്ക് കൂട്ടൽ. ഇതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യനായിഡുവിനെ നിശ്ചയിച്ചതോടെ കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടന അനിവാര്യതയായി മാറി. മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായ സാഹചര്യവുമുണ്ട്. ഇത്തരത്തിൽ സമ്പൂർണ്ണ അഴിച്ചു പണി നടക്കുമ്പോൾ കേരളത്തിൽ ഏറ്റവും സാധ്യത കൽപ്പിച്ചിരുന്നത് കുമ്മനം രാജശേഖരനാണ്. ക്ലീൻ ഇമേജുള്ള കുമ്മനത്തെ മന്ത്രിയാക്കി, തിരുവനന്തപുരം ലോക്‌സഭയിലേക്ക് മത്സരിപ്പിക്കായിരുന്നു ആർഎസ്എസ് തീരുമാനം. ഇത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമായ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകാൻ കളികൾ നടത്തുന്നുണ്ട്. വി മുരളീധരനും സുരേഷ് ഗോപിയുമാണ് മറ്റ് സാധ്യതയുള്ളവർ. കുമ്മനത്തെ ഒതുക്കി കേന്ദ്രമന്ത്രിമാരാകാനുള്ള പട്ടിയിൽ ഒന്നാമത് എത്താൻ രാജീവ് ചന്ദ്രശേഖർ നടത്തിയ കള്ളക്കളിയാണോ ഇതെന്ന് ആർഎസ്എസ് സംശയിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ റിപ്പോർട്ട് ചോർച്ച ഗൗരവത്തോടെ എടുക്കും. വി മുരളീധരപക്ഷവും റിപ്പോർട്ട് ചോർത്തി നൽകിയോ എന്ന് പരിശോധിക്കുന്നുണ്ട്. എന്നാൽ കുമ്മനത്തിന്റെ ഓഫീസിൽ അവർക്ക് വലിയ സ്വാധീനമില്ല. അന്വേഷണ കമ്മീഷൻ അംഗങ്ങളിൽ നിന്നും ചോർന്നോയെന്നും പരിശോധിക്കും. നേരത്തെ പാലക്കാട്ടെ സംസ്ഥാന സമിതിയിലെ മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ചർച്ചകൾ അതേ പോലെ മനോരമയിൽ അടിച്ചു വന്നിരുന്നു. അന്ന് തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തരുതെന്ന കർശന താക്കീത് ബിജെപി കേരള നേതാക്കൾക്ക് അമിത് ഷാ നൽകിയിരുന്നു. പാലാക്കാട്ടെ സംസ്ഥാന സമിതിയിൽ കോർ കമ്മറ്റിയിൽ തീരുമാനങ്ങളും ചർച്ചയും ചോർന്നതിൽ ദേശീയ നേതാവ് സതീഷ് അതൃപ്തിയും അറിയിച്ചു. എന്നിട്ടും കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ ഇടപെടലുണ്ടായത് അമിത് ഷായെ ചൊടിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട് ചോർത്തിയവർക്കെതിരെയും നടപടിയുണ്ടായേക്കും. രണ്ടംഗകമ്മിഷൻ പാർട്ടി സംസ്ഥാനപ്രസിഡന്റിന് നൽകിയ റിപ്പോർട്ടാണ് ചോർന്നത്. ഈ റിപ്പോർട്ട് ഇതേവരെ പാർട്ടി ഫോറത്തിലെവിടെയും ചർച്ചയ്ക്കുവന്നിട്ടില്ല. അതിനുമുമ്പ് ഇത് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതാണ് പാർട്ടിയെ സംബന്ധിച്ച് ഗൗരവമുള്ള വിഷയം. പാർട്ടിയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിഭാഗീയതയാണ് ഇതിനുപിന്നിലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അന്വേഷണറിപ്പോർട്ട് തയ്യാറാക്കിയതിലൊരാൾ ഇത് ബന്ധപ്പെട്ടവർക്ക് ഇ-മെയിൽ ചെയ്തുകൊടുത്തതായാണ് വിവരം. റിപ്പോർട്ട് ചോരാനുള്ള പഴുതുണ്ടാക്കാനാണോ അങ്ങനെ ചെയ്തതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. എന്നാൽ കുമ്മനത്തിന്റെ ഓഫീസിലെ ചിലരാണ് റിപ്പോർട്ട് ചോർത്തിയതെന്ന ആരോപണം ശക്തമാണ്. ഏഷ്യാനെറ്റിൽ ജോലി ആഗ്രഹിക്കുന്ന ചിലരാണ് ഇതിന് പിന്നിലെന്നും വാർത്തയുണ്ട്. സോഷ്യൽ മീഡിയിയിലും ഇതു സംബന്ധിച്ച പ്രചരണം സജീവമാണ്.

കേരളത്തിലെ പാർട്ടി രഹസ്യങ്ങളും തീരുമാനങ്ങളും ചോരുന്നതിൽ ദേശീയാധ്യക്ഷൻ അമിത്ഷായും ആർഎസ്എസ്. നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാലക്കാട്ടുനടന്ന കോർകമ്മിറ്റിയോഗ തീരുമാനം ചോർന്നതിനെപ്പറ്റി അന്വേഷണവും നടത്തി. എന്നിട്ടും പാർട്ടിക്കുള്ളിൽ അച്ചടക്കം കൊണ്ടുവരാനായിട്ടില്ലെന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ നൽകുന്ന സൂചന. ഈ പശ്ചാത്തലത്തിലായിരിക്കും റിപ്പോർട്ട് ചോർച്ച പരിഗണിക്കുക. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജ, ദേശീയ സംഘടനാ ജോയിന്റ് സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ കേരളത്തിലെ നേതൃ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കും.

അതിനിടെ മെഡിക്കൽ കോളജ് കോഴവിവാദത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഇന്ന് ചേരാനിരുന്ന പാർട്ടി കോർ കമ്മിറ്റിയോഗം റദ്ദാക്കി. എന്നാൽ സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്തു നടക്കും. നേരത്തെ രണ്ട് യോഗങ്ങളും ആലപ്പുഴയിൽ ചേരുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. പാർട്ട് അധ്യക്ഷൻ കുമ്മനം രാജശേഖരന് കടുത്ത പനി ആയതിനാൽ ആശുപത്രിയിലേക്ക് മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് കോർകമ്മിറ്റിയോഗം റദ്ദാക്കിയത്. എന്നാൽ യോഗത്തിൽ റിപ്പോർട്ടിനെ അനുകൂലിച്ചും റിപ്പോർട്ട് പുറത്തുവിട്ടതിനെ എതിർത്തും ശക്തമായ വിമർശനങ്ങൾ ഉയർന്നേക്കും. കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്ന ആവശ്യം ഔദ്യോഗികപക്ഷം ഉയർത്താൻ സാധ്യതയുണ്ട്. അതിനാൽതന്നെ കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമായിരിക്കും യോഗം ചേരുക എന്ന റിപ്പോർട്ടുകളുമുണ്ട്.

അതിനിടയിൽ, ബിജെപിയിലെ കേരളഘടകത്തിലെ പ്രമുഖർ ഉൾപ്പെടുന്ന കോഴവിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. വിജിലൻസ് എസ്‌പി ജയകുമാറിനാണ് അന്വേഷണ ചുമതലയുള്ളത്. മെഡിക്കല് കോളജ് അനുവദിക്കുന്നതിനായി അഞ്ചരക്കോടി രൂപ ചില നേതാക്കൾ കോഴയായി വാങ്ങിയെന്നാണ് ആരോപണം. എന്നാൽ, സംഭവത്തിൽ ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് അടക്കമുള്ള നേതാക്കൾക്കു പങ്കില്ലെന്ന് വിവാദത്തെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന സെക്രട്ടറി എ.കെ. നസീർ. ബിജെപി. സഹകരണ സെൽ കൺവീനർ പണം വാങ്ങിയെന്നു സമ്മതിച്ചെന്നും നസീർ പറഞ്ഞു. ഏത് അന്വേഷണത്തെ നേരിടുന്നതിനും തയ്യാറാണെന്ന് എംടി രമേശ് ഇന്നലെ പറഞ്ഞിരുന്നു.