തിരുവനന്തപുരം: ബിജെപി സംസ്ഥാനനേതൃത്വത്തെ പിടിച്ചുലച്ച അഴിമതി ആരോപണത്തിനു മൂർച്ചകൂട്ടി ഊമക്കത്ത് ആക്രമണവും. വി മുരളീധരപക്ഷത്തെ പത്ത് പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഊമക്കത്ത് എം ടി രമേശിനെതിരെയുള്ള അഴിമതി ആരോപണത്തിന് മറുപടിയെന്ന രീതിയിലാണ് പ്രചരിക്കുന്നത്.

'അഴിമതിയിൽ മുങ്ങിക്കുളിച്ച് പാർട്ടി നേതൃത്വം: തലകുനിച്ച് പ്രവർത്തകർ പൊതു സമൂഹത്തിൽ'-എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന നാലുപേജുള്ള കത്ത് ആരെഴുതിയതെന്ന് സൂചിപ്പിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ലോകത്തിന് വഴികാട്ടാൻ ഭാരതം തയ്യാറെടുക്കവേ, ഇങ്ങ് തെക്കേ അറ്റത്തുകൊച്ചുകേരളത്തിൽ അഴിമതിയിൽ മുങ്ങിത്താഴ്ന്ന് പാർട്ടിയും പാർട്ടി നേതൃത്വവും'. എന്നു തുടങ്ങുന്ന കത്തിൽ 'വോട്ടിനുവേണ്ടിയല്ല, നോട്ടിനുവേണ്ടി നേതാക്കൾ മത്സരിക്കുന്നു' എന്ന വിമർശനമാണുയർത്തുന്നത്. മെഡിക്കൽ കോളേജ് കുംഭകോണം നികുതി അഴിമതി, ഒത്തുതീർപ്പ് ക്വട്ടേഷൻ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് കത്ത് ചൂണ്ടിക്കാട്ടുന്നത്.

വി മുരളീധരനെക്കുറിച്ച് പരോക്ഷമായി പറഞ്ഞുകൊണ്ടാന് ആക്രമണം തുടങ്ങുന്നത്. കഴക്കൂട്ടത്ത് മത്സരിച്ച പ്രമുഖനേതാവ് തെരഞ്ഞെടുപ്പ് സമയത്ത് വാടകയ്‌ക്കെടുത്ത വീട് ഇപ്പോൾ സമാന്തര സംസ്ഥാന കമ്മിറ്റി ഓഫീസ് ആയി പ്രവർത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം. അഞ്ച് സ്റ്റാഫും വാഹനങ്ങളും ഉൾപ്പെടെ ഇവിടെയുണ്ടെന്നും പ്രതിമാസം രണ്ടുലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ ഓഫീസിന്റെ ചിലവെന്നും കത്തിൽ സൂചിപ്പിക്കുന്നു. കൂടാതെ ഈ നേതാവിനു കോഴിക്കോട് നഗരത്തിൽ സ്വന്തമായി വസ്തുവും കെട്ടിടവും ഉള്ളതായും കത്തിൽ പറയുന്നുണ്ട്.

പാലക്കാട്‌നിന്നുള്ള സംസ്ഥാന സെക്രട്ടറിയും വി മുരളീധരന്റെ വലംകൈയുമായ സി കൃഷ്ണകുമാറിനെ ലക്ഷ്യമിട്ടാണ് അടുത്ത ആരോപണം. തൃശൂർ-പാലക്കാട് ദേശീയ പാതയിൽ ഒരു പ്രമുഖ ആശുപത്രിയുടെ രണ്ടുകേസുകൾ ഒത്തുതീർപ്പാക്കുന്നതിന് ജില്ലക്കാരനായ സംസ്ഥാന സെക്രട്ടറി നാലു കോടി കൈപ്പറ്റിയെന്നാണ് ആരോപണം. പാലക്കാട് നഗരസഭയിലെ അഴിമതികൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളുവെന്നും പറയുന്നുണ്ട്. കൃഷ്ണകുമാർ മുമ്പ് നഗരസഭാ വൈസ് ചെയർമാനായിരുന്നു.

തൃശൂർ ജില്ലാ പ്രസിഡന്റിനെ ലക്ഷ്യമിട്ടാണ് മറ്റൊരു ആരോപണം. ജില്ലയിലെ രണ്ടുനേതാക്കളുടെ ആസ്തികൾ ഞെട്ടിപ്പിക്കുന്നതാണ്. ജില്ലയിലെ ഒരു പ്രമുഖനേതാവ് ബിനാമി പേരിൽ അഞ്ചുകോടി മുതൽമുടക്കി ബിനാമി പേരിൽ ഒരു ടൈൽ ഫാക്ടറി വാങ്ങിക്കഴിഞ്ഞു. ജില്ലയിൽനിന്നുള്ള സംസ്ഥാന നേതാവ് തൃശൂർ, എറണാകുളം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിരവധി കെട്ടിടങ്ങളും വസ്തുക്കളും വാങ്ങിക്കൂട്ടിക്കഴിഞ്ഞുവെന്നും കത്തിൽ പറയുന്നു.

കാസർഗോഡും കോഴിക്കോട്ടുമായി നിരവധി ബിനാമി ഇടപാടുകളുള്ള ഒരു യുവനേതാവ് മുൻനിരയിലുണ്ടെന്ന കത്തിലെ പരാമർശം സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ളതാണ്. സംസ്ഥാന പ്രസിഡന്റ് പദവി ലക്ഷ്യമിട്ടു നടക്കുന്ന ഈ നേതാവ് കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയോട് പണം ആവശ്യപ്പെട്ടതോടെ കുരുക്ക് മുറുകി. ആശുപത്രി അധികൃതർ പരാതിയുമായി ആർഎസ്എസ് നേതൃത്വത്തെ സമീപിച്ചതോടെ കോഴവിവാദം പുറംലോകമറിഞ്ഞുവെന്നും കത്തിലുണ്ട്. പാർട്ടിയിലെ ഏക വനിതാ ജനറൽ സെക്രട്ടറി വൻ സാമ്പത്തിക ക്രമക്കേടുമായി മുന്നേറുന്നുവെന്നുള്ള കത്തിലെ സൂചന ശോഭാ സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ളതാണ്. കാൽകോടി രൂപയുടെ ആഡംബര വാഹനം ഇവർ സ്വന്തമാക്കിയതായും ബിനാമി ഇടപാടിൽ സഹായിക്കാൻ ഈ നേതാവിന്റെ ഭർത്താവും രംഗത്തുണ്ടെന്നും ആരോപിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏതാനും ദിവസങ്ങൾക്കു മുമ്പേ മാരാർജി ഭവനിൽനിന്നും നാല് സ്യൂട്ട്‌കേസുകളിലായി കടത്തിയ കോടിക്കണക്കിന് രൂപ എവിടേക്കാണ് കൊണ്ടുപോയത്..? ആരാണ് കൊണ്ടുപോയത്...? കൊണ്ടുപോയ മുതിർന്ന നേതാവിനെ എന്തിന് മറ്റൊരു ചുമതല ഏൽപ്പിച്ചു...? ഈ പണം സംഘടനയ്ക്ക് അവകാശപ്പെട്ടതാണോ, അതോ അഴിമതിക്കാർക്ക് അവകാശപ്പെട്ടതോ തുടങ്ങിയ നിരവധി ചോദ്യങ്ങളും കത്തിൽ ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യങ്ങൾ പ്രവർത്തകർക്കിടയിൽനിന്ന് ഉയരുമ്പോൾ മറുപടി നൽകാൻ നേതൃത്വം മറനീക്കി പുറത്തുവരണമെന്നാണ് ആവശ്യം. അല്ലെങ്കിൽ പ്രസ്ഥാനത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ബലിദാനികൾ പൊറുക്കില്ലെന്നും മുന്നറിയിപ്പുണ്ട്.

കത്ത് കൃഷ്ണദാസ് പക്ഷമല്ല എഴുതിയതെന്ന് തെളിയിക്കാൻ മെഡിക്കൽ കോളേജ് കോഴ ആരോപണത്തിന് വിധേയരായവരെക്കുറിച്ചും ചുരുങ്ങിയ വാക്കുകളിൽ പരാമർശമുണ്ട്. അതുപോലെ തിരുവനന്തപുരം നഗരസഭയിൽ 34 കൗൺസിലർമാരോടുകൂടി ചരിത്രവിജയം നേടിയ ബിജെപിക്ക് കനത്ത തിരിച്ചടിയായ തേജ്വസിനി കെട്ടിട നികുതി അഴിമതിയെക്കുറിച്ചും കത്തിലുണ്ട്. കൗൺസിലിന്റെയോ, നഗരസഭാ സെക്രട്ടറിയുടെയോ അനുമതിയില്ലാതെ ടെക്‌നോപാർക്കിലെ തേജസ്വിനി കെട്ടിട സമുച്ചയത്തിന് നികുതി ഇളവ് നൽകിയതിലൂടെ നഗരസഭയ്ക്ക് അഞ്ചുകോടിയോളം രൂപ നഷ്ടമുണ്ടായെന്നാണ് ആക്ഷേപം.

 

ഈ സംഭവം വിജിലൻസിന് കൈമാറാൻ മേയർ ശുപാർശ ചെയ്തിട്ടുണ്ട്. നഗരസഭയിലെ പ്രമുഖ നേതാവിന്റെ അവിഹിത വാർത്ത ഉടൻ പുറത്തുവരുമെന്നും കത്തിൽ ഭീഷണി മുഴക്കുന്നുണ്ട്.