തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള മുന്നൊരുക്കങ്ങളുമായി ബിജെപി. പാർട്ടിക്ക് നിർണായക സ്വാധീനമുള്ള എ പ്ലസ് മണ്ഡലങ്ങളിൽ എത്രയും പെട്ടെന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സംസ്ഥാന ഘടകത്തിന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകി. ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിർദ്ദേശങ്ങൾ.

നാൽപ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്. പൊതു സമ്മതിയും ജനകീയ മുഖവുമുള്ള ആളുകളെ പുതുമുഖ സ്ഥാനാർത്ഥികളായി കൊണ്ട് വരാനാണ് ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുന്നോടിയായി കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയിൽ ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കും. ഫെബ്രുവരിയിലാണ് കേരള യാത്ര ആരംഭിക്കുക. കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പോടെ പാർട്ടിക്ക് മുന്നേറ്റം നടത്താനാകുമെന്നാണ് പ്രതീക്ഷയിലാണ് കേന്ദ്രനേതൃത്വം.

നദ്ദയുമായും പാർട്ടി ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായും സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫും എൽഡിഎഫും കരുനീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയിരുന്നു. വോട്ട് കണക്കനുസരിച്ച് സംസ്ഥാനത്തെ 98 നിയമസഭാ സീറ്റിൽ ഇടത് മുന്നണിക്ക് മുൻതൂക്കമുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. യുഡിഎഫിന് 41 സീറ്റിലും ബിജെപിക്ക് ഒരു സീറ്റിലുമാണ് മുൻതൂക്കം.

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കില്ലെന്നാണ് കോൺഗ്രസിന്റെ തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കാനാണ് തീരുമാനം.