ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പൊളിച്ചെഴുത്തുമായി കേന്ദ്ര നേതൃത്വം. നേമത്ത് കുമ്മനം രാജശേഖരന് തന്നെയാണ് പ്രഥമ പരിഗണനയെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങിയാൽ മണ്ഡലം നിലനിർത്താൻ സുരേഷ് ഗോപിക്ക് നറുക്ക് വീഴാനിടയുണ്ട്. കേന്ദ്ര മന്ത്രി വി മുരളീധരൻ സ്ഥാനാർത്ഥിയാകാനിടയില്ല.

ബിജെപിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് ആലോചിക്കുന്ന സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിലും അവസാന നിമിഷം ചില മാറ്റം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തുന്നത്. നേമത്തെ കൂടാതെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, തൃശൂർ എന്നിവിടങ്ങളിലേക്കും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്.

ഒൻപത് എ ക്ലാസ് മണ്ഡലങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ച പാടില്ല. മറ്റ് പ്രധാന മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം കാഴ്‌ച്ചവയ്ക്കണം. ഇന്നലെ രാത്രി നടന്ന ചർച്ചയിൽ സംസ്ഥാന നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽകിയ കർശന നിർദ്ദേശമിതാണ്. 115 മണ്ഡലങ്ങളിലാണ് ബിജെപി മൽസരിക്കുക.

ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ മൽസരിക്കണമെന്ന് കേന്ദ്ര നേതാക്കൾക്കൾ നിലപാട് അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ സാധ്യത പട്ടികയിൽ ശോഭ സുരേന്ദ്രന്റെ പേരില്ലായിരുന്നു. കഴക്കൂട്ടത്ത് മൽസരിക്കാനാണ് ശോഭ സുരേന്ദ്രന് താൽപര്യം. ചാത്തന്നൂരിലും പരിഗണിക്കുന്നുണ്ട്. പാർട്ടിയുടെ പ്രമുഖ വനിത നേതാവെന്ന നിലയിൽ ശോഭ സുരേന്ദ്രൻ മൽസരരംഗത്തുണ്ടാകണമെന്ന താൽപര്യമാണ് കേന്ദ്ര നേതാക്കൾ പ്രകടിപ്പിച്ചത്. 

സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ മത്സരിച്ചേക്കും. കൊട്ടാരക്കരയിൽ ചലച്ചിത്ര താരം വിനു മോഹന്റെ പേരും ഉൾപ്പെടുത്തി. 

ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃത്താലയിലെ പട്ടികയിൽ പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ ഉൾപ്പെടുത്തി. ആർ ബാലശങ്കർ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയാകുന്നതിലും ചർച്ച നടക്കുകയാണ്. ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്റെ ഭാര്യ ആർ ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയിൽ മുൻ ഡിജിപി ജേക്കബ് തോമസിന്റെ പേരാണ് പരിഗണിക്കുന്നത്. സി.കെ ജാനു പട്ടികയിലുണ്ടാകുമോയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകീട്ട് യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകും.