തിരുവനന്തപുരം: സംവരണ മണ്ഡലമായ മാവേലിക്കരയിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് ഡിവൈഎഫ്ഐ നേതാവായിരുന്ന കെ.സഞ്ജു. തിരൂരിലെ ബിജെപി സ്ഥാനാർത്ഥിയാകട്ടെ കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാം. സീരിയൽ നടൻ വിവേക് ഗോപനാണ് കൊല്ലം ചവറയിൽ ബിജെപി സ്ഥാനാർത്ഥിയാവുക.

യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും ചില സർപ്രൈസ് എൻട്രികളോടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നത്. പുതുമുഖങ്ങൾക്കൊപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ രംഗത്തിറക്കി കൂടുതൽ മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിന് വഴിയൊരുക്കാനാണ് ബിജെപിയുടെ നീക്കം.

കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാം തിരൂരിൽ ബിജെപി സ്ഥാനാർത്ഥിയായത് തീർത്തും അപ്രീതിക്ഷിതമായിട്ടാണ്. മുസ്ലിം ലീഗ് നോമിനിയായി കോഴിക്കോട് വിസി ആയ ആളാണ് അബ്ദുൾ സലാം. കോൺഗ്രസ് വിട്ടുവന്ന പന്തളം പ്രതാപൻ അടൂരിൽ നിന്നാണ് ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത്.

ബിജെപി.സ്ഥാനാർത്ഥി പട്ടികയിൽ സഞ്ജുവുൾപ്പടെ ഒട്ടേറെ അപ്രതീക്ഷിത സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിപിഎം ചുനക്കര ലോക്കൽ കമ്മിറ്റി അംഗവുമാണ് സജ്ഞു.

സിനിമാ താരങ്ങളെക്കൊണ്ടും മുൻ ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടും സമ്പുഷ്ടമാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക. സിനിമാ താരവും ബിജെപി രാജ്യസഭ എംപിമായ സുരേഷ് ഗോപി തൃശൂരിൽ നിന്നും നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്തു നിന്നും ജനവിധി തേടും.

ചാനൽ ചർച്ചകളിൽ പാർട്ടിയുടെ പ്രധാന മുഖമായ സന്ദീപ് വാര്യർ ഷൊർണ്ണൂരിലാവും മത്സരിക്കുക. തൃത്താലയിൽ മത്സരിക്കുമെന്ന് അഭ്യുഹമുണ്ടായിരുന്നെങ്കിലും ഷൊർണൂരിൽ നേട്ടം കൊയ്യാൻ ബിജെപി യുവനേതാവിനെ രംഗത്ത് ഇറക്കുകയായിരുന്നു. അഭിഭാഷകൻ കൂടിയായ ശങ്കു ടി ദാസാണ് തൃത്താലയിൽ വി ടി ബൽറാമിനും എം ബി രാജേഷിനും എതിരെ മത്സരിക്കുക.

മാനന്തവാടിയിൽ നിന്ന് സി.കെ.ജാനു മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നറുക്ക് വീണത് മണിക്കുട്ടനാണ്. 12 സ്ത്രീകളാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇരിക്കൂറിൽ നിന്ന് അനിയമ്മ രാജേന്ദ്രൻ, പേരാവൂരിൽ നിന്ന് സ്മിത ജയമോഹൻ, കോഴിക്കോട് സൗത്തിൽ നിന്ന് നവ്യ ഹരിദാസ്, കൊണ്ടോട്ടിയിൽ നിന്ന് ഷീബ ഉണ്ണികൃഷ്ണൻ, ഗുരുവായൂരിൽ നിന്ന് അഡ്വ.നിവേദിത, എറണാകുളത്ത് നിന്ന് പത്മജ എസ്. മേനോൻ, കുന്നത്തുനാട്ടിൽ നിന്ന് രേണു സുരേഷ് , ഉടുമ്പൻചോലയിൽ നിന്ന് രമ്യ രവീന്ദ്രൻ, പാലയിൽ നിന്ന് പ്രമീള ദേവി, കോട്ടയത്ത് നിന്ന് മിനർവ മോഹൻ, കുന്നത്തൂർ- രാജി പ്രസാദ്, ചിറയിൻകീഴിൽ നിന്ന് ആശാനാഥ് എന്നിവരാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തവണ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയ മലമ്പുഴയിൽ സി.കൃഷ്ണകുമാർ വീണ്ടും ജനവിധി തേടും. തൃശ്ശൂർ ജില്ലാ സെക്രട്ടറി എ.നാഗേഷ് പാർട്ടി ശക്തികേന്ദ്രമായ പുതുക്കാട് മത്സരിക്കും