കൊച്ചി: ഒരാൾക്ക് ഒറ്റപദവിയെന്ന ആശയത്തിന് സമാനമായി ഒരാൾ ഒരു തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്ന വ്യവസ്ഥ ബിജെപിയിൽ കൊണ്ടു വരും. എല്ലാ തിരഞ്ഞെടുപ്പിലും കുറെ നേതാക്കൾ സ്ഥിരമായി സ്ഥാനാർത്ഥിയാകുന്ന രീതി അവസാനിപ്പിക്കാനാണു തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. അതിനിടെ കെ സുരേന്ദ്രനെ പോലുള്ള അണികളുടെ പിന്തുണയുള്ള നേതാക്കളെ ചില തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റാനാണ് ഈ നീക്കമെന്നും സൂചനയുണ്ട്. കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ സുരേന്ദ്രൻ മത്സരിക്കാൻ ശ്രമിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മറ്റൊരാളെ നിർത്തും. ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കളെയും ഈ തന്ത്രത്തിൽ കുടുക്കി വെട്ടാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം.

പ്രാദേശികതലത്തിൽ നിന്നും യുവാക്കൾക്കിടയിൽ നിന്നും പുതിയ നേതൃത്വത്തെ ഉണ്ടാക്കുകയാണു പാർട്ടിയുടെ ലക്ഷ്യമെന്ന് വിശദീകരിച്ചാണ് പുതിയ നീക്കം. ചിലർ സ്ഥാനാർത്ഥിത്വവും മണ്ഡലവും കുത്തകയാക്കി മത്സരിക്കുന്നതും കേരളത്തിൽ സംഘടനയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണു ദേശീയ നേതൃത്വത്തിന്റെ നടപടി. വി മുരളീധരനും തിരുവനന്തപുരത്തെ മണ്ഡലങ്ങളിൽ ഒന്നിൽ ലോക്‌സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഒരാൾ, ഒരു മത്സരം വ്യവസ്ഥയനുസരിച്ച് ഇനി ലോക്‌സഭയിലേക്കു മത്സരിച്ചവർക്കു പിന്നീടു തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ അവസരമുണ്ടാകില്ല. അതായത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുരളീധരൻ മത്സരിച്ചാൽ നിലവിലെ തീരുമാനം അനുസരിച്ച് കഴക്കൂട്ടത്ത് വീണ്ടും മത്സരിക്കാനാകില്ലെന്ന് സാരം.

വ്യവസ്ഥയിൽ ഇളവു വരുത്തേണ്ട അനിവാര്യ സാഹചര്യമുണ്ടെങ്കിൽ ദേശീയ നേതൃത്വത്തിന്റെ അറിവോടെയാകണം നടപടി. കൊച്ചിയിൽ നടക്കുന്ന പാർട്ടി സംസ്ഥാന കൗൺസിൽ, നേതൃയോഗങ്ങളിലും വിഷയം ചർച്ചയായേക്കും. അതിനിടെ, സ്ഥാനാർത്ഥിയാകാൻ യോഗ്യരായവരെ കണ്ടെത്താൻ പ്രഫഷനൽ ഏജൻസി മുഖേന ദേശീയ നേതൃത്വം സർവേ ആരംഭിച്ചതായാണു സൂചന. അതിനിടെ തിരുവനന്തപുരത്ത് മത്സരിക്കാൻ മോഹൻലാൽ ഇനിയും സമ്മതം മൂളിയിട്ടില്ല. മത്സരിക്കാനില്ലെന്ന് സുഹൃത്തുക്കൾ വഴി ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. രാഷ്ട്രീയമല്ല പൊതു സമൂഹത്തിലെ ഇടപെടലിനാണ് താൻ വിശ്വശാന്തിയെന്ന സന്നദ്ധ സംഘടനയുണ്ടാക്കിയതെന്നാണ് ലാലിന്റെ നിലപാട്. പരിവാർ പക്ഷവുമായി ചേർന്ന് തന്നെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുമെന്നും ലാൽ അറിയിച്ചതായാണ് സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിനൊപ്പം നിയമസഭാ സ്ഥാനാർത്ഥികളിലും പ്രാഥമിക ചർച്ച തുടങ്ങും. സിറ്റിങ് സീറ്റായ നേമത്ത് ഒ രാജഗോപാൽ ഇനി മത്സരിക്കുമോ എന്ന് അറിയില്ല. 90 വയസ്സ് പിന്നിട്ട രാജഗോപാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ നേമം ലക്ഷ്യമിട്ട് നിരവധി നേതാക്കൾ രംഗത്തുണ്ട്. പി എസ് ശ്രീധരൻ പിള്ളയും നേമത്ത് മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനൊപ്പം മേഘാലയാ ഗവർണ്ണർ കുമ്മനം രാജശേഖരനേയും പരിഗണിക്കുന്നു. നേമത്തും വട്ടിയൂർകാവിലും സ്ഥാനാർത്ഥികളെ ഉടൻ നിശ്ചയിക്കും. കഴക്കൂട്ടവും മഞ്ചേശ്വരവും തിരുവനന്തപുരവും വിജയസാധ്യതയുള്ള മണ്ഡലമാണ്. ഇവിടേയും ഉടൻ സ്ഥാനാർത്ഥികളെ കണ്ടെത്താനാണ് നീക്കം.

ബിജെപി സംസ്ഥാന കൗൺസിൽ യോഗം 26നും 27നും എറണാകുളത്താണ് നടക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി 1250 പ്രതിനിധികൾ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ യോഗം ചർച്ച ചെയ്യും. സംസ്ഥാന കൗൺസിൽ ഒരുക്കങ്ങളുടെ ഭാഗമായി എറണാകുളത്ത് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ സമ്മേളനത്തിൽ മോഹൻലാലിനെ എത്തിക്കാനും നീക്കമുണ്ട്. എന്നാൽ പാർട്ടി പരിപാടിക്കില്ലെന്ന് ലാൽ അറിയിച്ചതായും സൂചനയുണ്ട്. ഇതും ബിജെപിയുടെ സൂപ്പർ സ്റ്റാർ സ്ഥാനാർത്ഥിയെന്ന മോഹത്തിന് തിരിച്ചടിയാണ്. ചില കോൺഗ്രസുകാരെ കൊണ്ടു വരാനും നീക്കമുണ്ട്. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നേരിട്ടാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

മൂന്ന് വൈദികർ ബിജെപിയിൽ ചേർന്നിട്ടുണ്ട് എന്നത് സത്യമാണ്. ഇനിയും നിരവധി ആളുകൾ ബിജെപിയിലേക്ക് വരും നാളുകളിൽ എത്തും. ബിജെ.പിക്കെതിരെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക പരത്തിയുള്ള കോടിയേരി ബാലകൃഷ്ണന്റേയും രമേശ് ചെന്നിത്തലയുടേയുമെല്ലാം കുപ്രചരണം ഇനിയും വിലപ്പോവില്ലെന്നും ശ്രീധരൻ പിള്ള അറിയിച്ചിട്ടുണ്ട്. എന്നാൽ ശ്രീധരൻ പിള്ളയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടതില്ലെന്നാണ് വി മുരളീധര പക്ഷത്തിന്റെ തീരുമാനം. കെ സുരേന്ദ്രനെ പ്രസിഡന്റാക്കാൻ വിസമ്മതിച്ചതിലൂടെ ബിജെപിയിൽ ആർ എസ് എസും പിടിമുറുക്കിയിട്ടുണ്ട്.

ആർ എസ് എസിന് ശ്രീധരൻ പിള്ള വഴങ്ങുമോ എന്നതും ഇനിയും വ്യക്തല്ല. അങ്ങനെ സമ്പൂർണ്ണ ആശയക്കുഴപ്പത്തിലൂടെയാണ് ബിജെപിയുടെ പോക്ക്. ഇതിനെല്ലാം സംസ്ഥാന കൗൺസിലിൽ വ്യക്തത വരുമെന്നാണ് പി എസ് ശ്രീധരൻ പിള്ളയെ അനുകൂലിക്കുന്നവർ പറയുന്നത്.