- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോട്ടയം നഗരസഭയിൽ നിർവ്വഹിച്ചത് പ്രതിപക്ഷ ധർമ്മം; എൽഡിഎഫുമായി ധാരണയില്ലെന്ന് ബിജെപി; മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നു; മതംതിരിച്ച് കുറ്റകൃത്യ കണക്ക് പുറത്തുവിട്ടതിൽ എന്ത് ആധികാരികതയെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോട്ടയം നഗരസഭയിൽ ഭരണ സ്തംഭനമെന്ന ആരോപണം ഉയർത്തി എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചത് പ്രതിപക്ഷ ധർമ്മം നിർവ്വഹിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിലവിലുള്ള സംവിധാനം മാറാനായി ഒരു അവിശ്വാസം വന്ന ആ ഘട്ടത്തിൽ പ്രതിപക്ഷ ധർമ്മം നിർവ്വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അതിനപ്പുറം എൽഡിഎഫും ബിജെപിയും തമ്മിൽ കോട്ടയത്ത് ഒരു ധാരണയുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. എൽഡിഎഫുമായോ യുഡിഎഫുമായോ ബിജെപിക്ക് ധാരണയില്ല. ഏതെങ്കിലും ഒരാളെ ഭരണത്തിൽ നിലനിർത്താനോ ആരെയെങ്കിലും രാഷ്ട്രീയമായി താഴിയിറക്കാനോ ബിജെപിക്ക് ബാധ്യതയില്ല. എട്ട് അംഗങ്ങളുള്ള ബിജെപിക്ക് മത്സരിക്കാനുള്ള കോറമുണ്ട്. തങ്ങളെ പിന്തുണയ്ക്കേണ്ടവർക്ക് പിന്തുണയ്ക്കാം എന്നാൽ ബിജെപി ആരെയും ഭരണത്തിന് വേണ്ടി പിന്തുണയ്ക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കോട്ടയം നഗരസഭയിൽ ബിജെപി പിന്തുണയോടെ എൽഡിഎഫ് പ്രമേയം പാസായതോടെ നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു. പ്രമേയത്തിന് അനുകൂലമായി 30 അംഗങ്ങൾ വോട്ട് ചെയ്തു. ഒരു അംഗത്തിന്റെ വോട്ട് അസാധുവായി. സിപിഎം സ്വതന്ത്രന്റെ വോട്ടാണ് അസാധുവായത്. 22 യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നിരുന്നു.
നാർകോടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ മതംതിരിച്ചുള്ള കണക്ക് പുറത്തുവിട്ട മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് കെ സുരേന്ദ്രൻ ഉന്നയിച്ചത്. മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മതംതിരിച്ച് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കണക്ക് സൂക്ഷിക്കുന്നുണ്ടോയെന്നും ഇതിന് എന്ത് ആധികാരികതയാണ് ഉള്ളതെന്നും ചോദിച്ചു.
'പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പറഞ്ഞത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്'- അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ സർക്കാർ പിന്തുണയുള്ള ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. ഡൽഹിയിലെ കർഷക സമരക്കാർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ കേരളത്തിൽ ബാധകമല്ല. അതുകൊണ്ടുതന്നെ കേരളത്തിൽ ഹർത്താൽ നടത്തുന്നത് അനാവശ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന് നവംബർ ഒന്ന് എന്ന കട്ട് ഓഫ് ഡേറ്റിന്റെ ആവശ്യമില്ല. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ല. സർക്കാരെടുക്കുന്നത് വ്യവസ്ഥയില്ലാത്ത തീരുമാനങ്ങളാണ്. രക്ഷിതാക്കൾക്ക് ഉയർന്ന ആശങ്കയുണ്ട്. സർക്കാർ ഇതൊരു ദുരഭിമാന പ്രശ്‌നമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ബിജെപിയുടെ പുനഃസംഘടനയും പദവിമാറ്റവും മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മൂന്ന് വർഷ കാലാവധി കഴിഞ്ഞും ചുമതലകളിൽ തുടരാം, അതിന് മുൻപേ വേണമെങ്കിൽ മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ