കോഴിക്കോട്: അരുവിക്കര തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യം പൂർണമായി മുതലെടുക്കാൻ തീവ്ര ഹിന്ദുത്വ അജണ്ടയുമായി ബിജെപി സംസ്ഥാന നേതൃത്വവും. കോഴിക്കോട്ട് ഇന്നലെ നടന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം മത ന്യൂനപക്ഷങ്ങൾക്കുനേരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വർധിച്ചതായി ബിജെപി രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഈ നിലക്ക് പോയാൽ കാൽ നൂറ്റാണ്ടിനകം കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും.

2001ൽ 44ശതമാനമായിരുന്ന ന്യൂനപക്ഷ സമുദായങ്ങൾ പത്തുവർഷത്തിനു ശേഷം 52 ശതമാനത്തിലത്തെി. 2001 ൽ 56 ശതമാനമുണ്ടായിരുന്ന ഭൂരിപക്ഷ സമൂഹം ഇപ്പോൾ 48 ശതമാനത്തിലുമത്തെി. ഒരു നൂറ്റാണ്ടുകൊണ്ട് ഉണ്ടായതിനേക്കാൾ വർധനയാണ് 10 വർഷത്തിനകമുണ്ടായത്. പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ചില സമുദായങ്ങൾ വംശനാശ ഭീഷണിയിലാണ്. മുസ്ലിംകളിൽ ജനനനിരക്ക് കൂടിയതും പെട്ടെന്ന് നടക്കുന്ന തലമുറകൈമാറ്റവും ക്രിസ്ത്യാനികൾ വൻതോതിൽ മതംമാറ്റം നടത്തുന്നതുമാണ് ജനസംഖ്യ കൂടാൻ കാരണമെന്നും പ്രമേയം കുറ്റപ്പെടുത്തി.

എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകൾ, മെഡിക്കൽ എൻജിനീയറിങ്, പാരാമെഡിക്കൽ മറ്റു പ്രഫഷനൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 90 ശതമാനവും ന്യൂനപക്ഷങ്ങൾ കൈവശം വെക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ഭൂപ്രദേശങ്ങൾ എല്ലാം ന്യൂനപക്ഷങ്ങളുട കൈയിലാണ്.വാർഡ് വിഭജനത്തിലും നഗരസഭ രൂപവത്കരണത്തിലും വർഗീയ അജണ്ടയാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. പി.ഡി.പി., ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെ വഴിവിട്ടു സഹായിക്കുന്നവരാണ് ഇരുമുന്നണികളും.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ വൻ തോതിലുള്ള മാറ്റങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു മൂന്നാംബദലിന്റെ സാധ്യത തുറന്നതായും ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അവതരിപ്പിച്ച പ്രമേയം അവകാശപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ബിജെപി മൽസരിക്കും. കേരളത്തനിമ നിലനിർത്തൂവെന്ന് ആവശ്യപ്പെട്ട് ചിങ്ങം ഒന്നിന് കാമ്പയിൻ തുടങ്ങാനും യോഗം തീരുമാനിച്ചു. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ, ഒ. രാജഗോപാൽ, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, പി.കെ. കൃഷ്ണദാസ്, എം ടി. രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കടെുത്തു.

ഹൈന്ദവർക്കിടയിൽ ഇപ്പോൾ കണ്ടുവരുന്ന മാറ്റവും, കേരളത്തിലെ ന്യൂനപക്ഷങ്ങൾ വൻതോതിൽ സ്വത്ത് വാരിക്കൂട്ടുന്നതും ശരിക്കും പ്രചാരണ ആയുധമാക്കാനാണ് ബിജെപി തീരുമാനം. കേരളംപോലൊരു സംസ്ഥാനത്ത് നാളിതുവരെ തുടർന്നുവന്ന മൃദുഹിന്ദുത്വനയം മാറ്റിവച്ച് തീവ്ര നിലപാടുകൾ പുറത്തെടുക്കയാണ് പാർട്ടിയുടെ വളർച്ചക്ക് അഭികാമ്യമെന്ന് യോഗം വിലയിരുത്തി. എൽ.ഡി.എഫിന്റെ തകർച്ച ആസന്നമാണെന്നും അത് മുതലെടുക്കാൻ ബിജെപിക്ക് കഴിയണമെന്നും ദേശീയ നേതാക്കാൾ വ്യക്തമാക്കി.

പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷായും പാർട്ടികേരളത്തിലും തീവ്ര ഹിന്ദുത്വനയത്തിലേക്ക് പോകണമെന്ന അഭിപ്രായക്കാരനാണ്. മുമ്പക്കെ കേരളത്തിന്റെ മതേതര സവിശേഷതകൾമൂലം ബിജെപി തങ്ങളുടെ തീവ്ര അജണ്ട പുറത്ത് എടുക്കാറുണ്ടായിരുന്നില്ല. യോഗശേഷം സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ നടത്തിയ വാർത്താസമ്മേളത്തിലും ആ തീഷ്ണത പ്രകടമായിരുന്നു.