കണ്ണുർ: കണ്ണൂർ പാർട്ടി കോൺഗ്രസിൽ കളങ്കിത വ്യക്തിയുടെ വാഹനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഉപയോഗിക്കാനായി നൽകിയെന്ന ആരോപത്തും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. നിരവധി കേസുകളിലെ പ്രതിയുടെ വാഹനമാണ് സിപിഎം ജനറൽ സെക്രട്ടറിക്ക് ഉപയോഗിക്കാനായി നൽകിയതെന്ന ആരോപണവുമായി ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് ഇന്ന് വീണ്ടും രംഗത്തുവന്നതോടെ വെള്ളം കുടിക്കുകയാണ് സിപിഎം നേതൃത്വം.

ജനറൽ സെക്രട്ടറിക്ക് ഉപയോഗിക്കുന്നതിനായി കാർ വാടകയ്‌ക്കെടുത്തതാണെന്ന സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വാദം വിലപ്പോവില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് പറഞ്ഞു. സിദ്ദിഖിന് റെൻഡ് എകാർ വാടകയ്ക്ക് കൊടുക്കുന്ന പരിപാടിയൊന്നുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും ഹരിദാസ് ചൂണ്ടിക്കാട്ടി. ഇതിൽ നിന്നും സി. പി. എം സ്വർണക്കടത്തുകാരുടെയും മയക്കുമരുന്ന് കടത്തുകാരുടെയും തീവ്രവാദികളുടെയും പാർട്ടിയായി മാറിയെന്നു തെളിഞ്ഞതായി ഹരിദാസ് ആരോപിച്ചു.

കാർ വാങ്ങുമ്പോൾ ഉടമയുടെ പശ്ചാത്തലം കൂടി അന്വേഷിക്കണം' ആ പ്രദേശത്തുള്ള എല്ലാവർക്കും അയാളെ കുറിച്ചറിയാം. ഇപ്പോൾ കണ്ടു പിടിച്ചപ്പോൾ ഒഴിഞ്ഞു മാറുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണെന്നും ഹരിദാസ് പറഞ്ഞു.കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പാർട്ടി കോൺഗ്രസിന് ജനറൽ സെക്രട്ടറിക്ക് സഞ്ചരിക്കുന്നതിനായി കാർ വാടകയ്‌ക്കെടുത്തു നൽകിയത്. ഇരിങ്ങണ്ണൂരിലെ പാർട്ടി പ്രവർത്തകർക്കറിയാം സിദ്ദിഖിന്റെ പശ്ചാത്തലമെന്തും ഹരിദാസ് പറഞ്ഞു.

എന്നാൽ പാർട്ടി കോൺഗ്രസ് വൻ വിജയമായതിനാൽ അസൂയ മൂത്ത് ബിജെപി അപവാദ പ്രചാരണം നടത്തുകയാണെന്നും
എയർപ്പോർട്ടിൽ ട്രാവൽ എജൻസി നടത്തുന്ന കാലക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസിൽ നിന്നാണ് വാഹനം ഏർപ്പാട് ചെയ്തതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അകമ്പടി വാഹനമായും യെച്ചൂരി ഉപയോഗിച്ച ഇതേ വണ്ടി ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ സൈനീക ഉദ്യോഗസ്ഥരും ഉപയോഗിച്ചിട്ടുണ്ടെന്ന് ഉടമ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. വാഹനത്തിന്റെ ഉടമയായ സിദ്ദിഖിനെ അറിയില്ലെന്നും എം വി ജയരാജൻ പറഞ്ഞു.

പന്തലും, സൗണ്ട് സിസ്റ്റവും , വാഹനങ്ങളും വാടകയ്ക്ക് എടുക്കുമ്പോൾ രാഷ്ട്രീയം നോക്കാറില്ല. വാഹനം റെന്റ് എ കാർ വ്യവസ്ഥയിലാവാം ട്രാവൽ ഏജൻസികാർക്ക് ലഭിച്ചത്. സിപി എമ്മിന് എസ് ഡി പി ഐയുമായി രഹസ്യ ധാരണയില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി ഉപയോഗിച്ച കാർ നിരവധി കേസിലെ പ്രതിയായ കളങ്കിത വ്യക്തിയുടെതാണെന്ന ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ ആരോപണവും അതിന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ മറുപടിയും നൽകിയതോടെയാണ് കാർ വിവാദം ചൂടുപിടിച്ചത്.

കണ്ണുരിൽ നടന്നപാർട്ടി കോൺഗ്രസിന് യെച്ചൂരി യാത്ര ചെയ്ത കെഎൽ 18 എ ബി-5000 ഫോർച്ച്യൂണർ കാർ വടകര ഇരിങ്ങണ്ണൂർ കുഞ്ഞിപ്പുര മുക്കിൽ മൊടവന്തേരിയിലെ ചുണ്ടയിൽ സിദ്ദിഖിന്റെതാണെന്നും ഇയാൾ നേരത്തെ നിരവധി കേസിൽ പ്രതിയാണെന്നുമായിരുന്നുവെന്നാണ് ബിജെപി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് ആരോപിച്ചത്. ഇയാൾക്ക് എസ്.ഡി.പി.ഐ ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപത്തും ഹരിദാസ് ഉന്നയിച്ചിരുന്നു. സംഭവം വിവാദമായതോടെ സംസ്ഥാന നേതൃത്വവും ഫോർച്യൂൺ കാർ വന്ന വഴിയെ കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.