ഭോപ്പാൽ: ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്കും അട്ടിമറിക്കും ചരടുവലിക്കുന്ന പാക്കിസ്ഥാൻ ചാര സംഘടനനയായ ഐഎസ്‌ഐയുടെ ഏജന്റായി പ്രവർത്തിച്ചതിന് ബിജെപി നേതാവിന്റെ ബന്ധുവടക്കം 11 പേർ മധ്യപ്രദേശിൽ അറസ്റ്റിലായി. മധ്യപ്രദേശ് പൊലീസിന്റെ തീവ്രവാദവിരുദ്ധ സേനയാണ് ഇന്ന് ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ സൈനിക പ്രവർത്തനങ്ങൾ ചോർത്തിയിരുന്ന അന്താരാഷ്ട്ര കാൾ റാക്കറ്റിനെയാണ് തീവ്രവാദ വിരുദ്ധ സേന കുടുക്കിയത്. ഐടി, വാർത്താവിനിമയവുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു.

പിടിയിലായ ദ്രുവ് സക്‌സേന എന്നയാൾ ബിജെപിയുടെ ഐടി വിഭാഗത്തിൽ പ്രവർത്തിക്കുന്നയാളാണെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി അവകാശപ്പെട്ടു. ഇതിനു പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്ത ചടങ്ങിൽ കാവി ടീഷർട്ടും തൊപ്പിയും ധരിച്ച് ഇയാൾ നിൽക്കുന്ന ചിതങ്ങൾ പിന്നാലെ സോഷ്യൽ മീഡിയയിൽ പുറത്തുവന്ന്. ഈ ചിത്രം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അറസ്റ്റിലായ ജിതേന്ദർ സിങ് എന്ന മറ്റൊരാൾ ബിജെപിയുടെ മുതിർന്ന നേതാവിന്റെ ബന്ധുവാണെന്നും ആരോപിക്കപ്പെടുന്നു. ജിതേന്ദർ സിംഗിന് കേന്ദ്രമന്ത്രി നരേന്ദ്ര തോമറുമായും പാർലമെന്റ് അംഗം മായാ സിംഗുമായും ബന്ധമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.

അറസ്റ്റിലായവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. അതേസമയം, ഐഎസ്‌ഐ തങ്ങളുടെ ഐടി വിഭാഗത്തിൽ നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്ന് പേരു വെളിപ്പെടുത്താൻ തയാറല്ലാത്ത ഒരു മുതിർന്ന നേതാവ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

സമാന്തര ടെലികോം എക്‌സ്‌ചേഞ്ച് സംവിധാനം നടത്തിയാണ് ഐഎസ്‌ഐ ഏജന്റുമാർ സൈനിക രഹസ്യങ്ങൾ ചോർത്തിയിരുന്നത്. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കോളുകൾ കോളുകൾ കൈമാറുന്നതിനും സ്വീകരിക്കുന്നതിനും ഇവരുടെ സങ്കേതത്തിൽ സൗകര്യമുണ്ടായിരുന്നു. ഇന്റർനെറ്റ് കോൾ സൗകര്യം അടക്കം പ്രയോജനപ്പെടുത്തിയാണ് ചാരന്മാർ പ്രവർത്തിച്ചിരുന്നത്.