ബരാബങ്കി: വരുന്ന തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യക്ക് വോട്ട് നൽകാതിരുന്നാൽ നിങ്ങൾ വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും, ഇത് സമാജ് വാദി പാർട്ടിയുടെ സർക്കാർ അല്ല ബിജെപിയാണ്. ബിജെപിയുടെ പ്രാദേശിക നേതാവ് രഞ്ജീത് കുമാർ ശ്രീവാസ്തവ ആണ് മുസ്ലിങ്ങൾക്ക് എതിരെ ഭീഷണി മുഴക്കിയത്.

ബരാബങ്കിൽ ഭാര്യയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ ആണ് ശ്രീവാസ്തവ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ബരാബങ്കി ജില്ലയിൽ നഗരസഭ തെരഞ്ഞെടുപ്പിൽ ശ്രീവാസ്തവയുടെ ഭാര്യ മൽസരിക്കുന്നുണ്ട്.

ഞാൻ പറയുന്നത് മുസ്ലിങ്ങളോടാണ് നിങ്ങൾ തീർച്ചയായും എന്റെ ഭാര്യക്ക് വോട്ട് ചെയ്യണം, ഇത് ഞാൻ യാചിക്കുന്നതല്ല, ഇത് ചെയ്യാതിരുന്നാൽ ഇതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്കേണ്ടി വരും, നിങ്ങളെ സഹായിക്കാൻ ഇവിടെ ആരും വരില്ല കാരണം ഇവിടെ ഭരിക്കുന്നത് ബിജെപിയാണ്, ഒരു സമാജ് വാദി പാർട്ടിക്കാർക്കും നിങ്ങളെ രക്ഷിക്കാനാവില്ല, കാരണം ഇത് ബിജെപിയുടെ സ്ഥലമാണ് എന്നായിരുന്നു ശ്രീവാസ്തവയുടെ ഭീഷണി.

നവംബർ 13ന് ആയിരുന്നു വിവാദപ്രസംഗം. ഇദ്ദേഹം പ്രസംഗിക്കുന്ന സമയത്ത് ഉത്തർപ്രദേശിലെ സംസ്ഥാന സർക്കാരിലെ രണ്ട് മന്ത്രിമാരായ ദാരാ സിങ് ചൗഹാൻ, രാമപതി ശാസ്ത്രി എന്നിവർ വേദിയിൽ ഉണ്ടായിരുന്നു.എന്നാൽ ഇവർ ഇതിനെക്കുറിച്ച്പ്രതികരിക്കാനോ പറയാനോ നിന്നില്ല,

അതേസമയം, താൻ ഒരിക്കലും മുസ്ലിങ്ങളെ ഭയപ്പെടുത്തിയില്ലെന്നും ബിജെപിക്ക് അവരുടെ വോട്ട് ലഭിക്കാനുള്ള ശ്രമം നടത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ശ്രീവാസ്തവയുടെ വിശദീകരണം.