ന്യൂഡൽഹി: യുവതിയെ അപമാനിച്ചെന്ന കേസിൽ, നോയിഡയിലെ ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിലായി. മീററ്റിൽ നിന്ന് യുപി പൊലീസാണ് നേതാവിനെ പിടികൂടിയത്. യുവതിയെ അപമാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ബിജെപിയും ശ്രീകാന്ത് ത്യാഗിയെ തള്ളിപ്പറഞ്ഞിരുന്നു.

നോയിഡയിലെ ഹൗസിങ് സൊസൈറ്റിയിൽ വച്ചാണ് ശ്രീകാന്ത് യുവതിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്. ശ്രീകാന്ത് ത്യാഗിക്കൊപ്പം മറ്റ് മൂന്ന് പേരെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ ഇദ്ദേഹത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനായി ശ്രീകാന്തിന്റെ ഭാര്യയെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ പോയ ശ്രീകാന്ത് ഭാര്യയെയും അഭിഭാഷകനെയും ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞ സ്ഥലത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഒളിവിൽ പോയ ശ്രീകാന്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. നോയിഡ പൊലീസ് ശ്രീകാന്ത് ത്യാഗിക്കെതിരെ ഗുണ്ടാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും അനധികൃതമായി നിർമ്മിച്ച വീട് പൊളിച്ചു നീക്കാനും സർക്കാർ ഉത്തരവിട്ടത്. നോയിഡ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനായ ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയിരുന്നു.

യുവതിയെ അപമാനിച്ച സംഭവം വിവാദമായതോടെ ത്യാഗി പാർട്ടി അംഗമല്ലെന്ന നിലപാടാണ് ബിജെപിയെടുത്തത്. അനധികൃത നിർമ്മാണത്തിന്റെ പേരിൽ 2020 ഫെബ്രുവരിയിൽ നോയിഡ അഥോറിറ്റി ശ്രീകാന്ത് ത്യാഗിക്ക് നോട്ടീസ് അയയ്ച്ചിരുന്നു. എന്നാൽ, ശ്രീകാന്ത് അത് അംഗീകരിക്കാതെ തന്റെ അധികാരം പ്രയോജനപ്പെടുത്തി നടപടി തടയുകയായിരുന്നുവെന്ന് നോയിഡ സൊസൈറ്റി ആരോപിച്ചു.

ബിജെപിയുടെ പോഷക സംഘടനയായ കിസാൻ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമെന്നാണു സമൂഹമാധ്യമങ്ങളിൽ ത്യാഗി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ, പാർട്ടിയുമായോ പോഷക സംഘടനകളുമായോ ത്യാഗിക്കു ബന്ധമില്ലെന്നാണു പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ നിലപാട്. ത്യാഗിക്കെതിരെ കേസെടുത്തതിനു പിന്നാലെ പരാതിക്കാരിയായ യുവതിയുടെ മേൽവിലാസം തേടി നിരവധി ബിജെപി പ്രവർത്തകരാണു സ്ഥലത്തെത്തിയത്. പരാതിക്കാരിയുടെ താമസസ്ഥലത്തേക്ക് എത്തിയ ത്യാഗിയുടെ 6 അനുയായികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ച നോയിഡയിലായിരുന്നു കേസിനാസ്പദമായ സംഭവം. സെക്ടർ-93 ബിയിലെ ഗ്രാൻഡ് ഒമാക്സ് സൊസൈറ്റിയിൽ ത്യാഗിയും യുവതിയും തമ്മിൽ തർക്കമുണ്ടായി. നോയിഡയിലെ സെക്ടർ 93 ബി സെക്ടറിലെ പാർക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്.

പൊതുസ്ഥലം കയ്യേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു സ്ത്രീയടക്കമുള്ളവരുടെ പരാതി. 2019ൽ ത്യാഗി തന്റെ വീടിന്റെ ബാൽക്കണി വലുതാക്കിയതെന്നും അപാർട്മെന്റിന്റെ കോമൺ ലോൺ ഏരിയയിൽ തൈകൾ നട്ടുപിടിപ്പിച്ചിരുന്നതായും യുവതിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ത്യാഗി നട്ട മരം സുരക്ഷാഭീഷണി ഉയർത്തുന്നതായി യുവതി ഉൾപ്പെടെയുള്ളവർ പരാതിപ്പെട്ടു. മരം മുറിച്ചു നീക്കണമെന്നുമായിരുന്നു സ്ത്രീ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

മരത്തിൽ തൊട്ടാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നു ഭീഷണി മുഴക്കിയതിനു ശേഷം ത്യാഗി കയ്യിൽ പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതായി സ്ത്രീ പരാതിപ്പെട്ടു. തന്നെയും ഭർത്താവിനെയും കുട്ടികളെയും വളരെ മോശം വാക്കുകൾ ഉപയോഗിച്ച് ത്യാഗി അധിക്ഷേപിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു.

ത്യാഗിക്കായി തിരച്ചിൽ തുടങ്ങിയതിന് പിന്നാലെ, ഇയാൾ വധശ്രമവും പിടിച്ചുപറയും അടക്കം 9 കേസുകളിൽ കുറ്റാരോപിതനാണെന്നും യുപി പൊലീസ് കണ്ടെത്തിയിരുന്നു. ത്യാഗിയുടെ പേരിലുള്ള നിരവധി വാഹനങ്ങളും കണ്ടെത്തി. അതിൽ ഒരു വാഹനത്തിന് എംഎൽഎമാർക്കുള്ള നിയമസഭാ പാസും, ബിജെപി കൊടിയും ഉണ്ടായിരുന്നു. മറ്റൊരു കാറിൽ ബിജെപി യുവമോർച്ച എന്നെഴുതിയിരുന്നു. ത്യാഗിയുടെ കുടുംബത്തിന് നോയിഡയിൽ 50 ഓളം കടകളുണ്ടെന്നും, ലക്ഷങ്ങൾ വാടകയായി കിട്ടുന്നുണ്ടെന്നും കണ്ടെത്തി. ഇതിൽ എന്തെങ്കിലും നിയമവിരുദ്ധമായി ഉണ്ടോയെന്നും ഭരണകൂടം അന്വഷിക്കുന്നുണ്ട്.