- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വർണ്ണക്കടത്തിലെ പ്രോഗ്രസ് എന്തെന്ന് ചോദിച്ചു അന്വേഷണ ഉദ്യോഗസ്ഥർക്ക് വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഫോൺവിളി; റെയ്ഡിനായി ഉദ്യോഗസ്ഥർ എത്തുമ്പോൾ ഒന്നും കിട്ടുന്നുമില്ല; വിവരങ്ങളുടെ ചോർച്ചയിൽ പരസ്പ്പര വിശ്വാസം നഷ്ടപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ; ഭരണ നേതാക്കളുടെ ഇടപെടൽ ഗുണകരമാകുന്നത് പ്രതികൾക്ക് തന്നെ; മേലധികാരികൾക്ക് മുമ്പിൽ പരാതിയുമായി ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജൻസികൾ കേരളത്തിൽ സജീവമായ അന്വേഷണം നടത്തുകയാണ്. കസ്്റ്റംസിനെ കൂടാതെ എഎൻഐ, ഇഡി തുടങ്ങിയ ഏജൻികളാണ് സജീവ അന്വേഷണവുമായി രംഗത്തുള്ളത്. ഇത് കൂടാതെ രഹസ്യാന്വേഷണ ഏജൻസിഖളും അവരുടെ കടമകൾ നിർവ്വഹിക്കുന്നു. ഇതിനിടെ സിപിഎം അടിമുടി പ്രതിക്കൂട്ടിലായ കേസിൽ പരമാവധി മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി രംഗത്തുള്ളത്. ഇതിനായി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പുരോഗതി മനസ്സിലാക്കാൻ സംസ്ഥാന ബിജെപിയിലെ ഉന്നതരുടെ നിരന്തര ഫോൺവിളിയിൽ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരിൽ കടുത്ത അമർഷം രൂപപ്പെട്ടിരിക്കയാണ്.
കേരളത്തിൽ കോൺഗ്രസ് നേതാക്കളേക്കാൾ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ പുറത്തുവിട്ടത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു. അതുകൊണ്ട് തന്നെ സുരേന്ദ്രൻ ഇന്ന് പറയുന്ന കാര്യങ്ങൾ നാളെ അന്വേഷണ ഏജൻസികൾ ചെയ്യുന്നു എന്ന ആക്ഷേപവും സിപിഎം ഉന്നയിക്കുകയും ചെയ്തിരുന്നു. കേന്ദ്രം ഒരുക്കുന്ന തിരക്കഥക്ക് അനുസരിച്ചാണ് അന്വേഷണം പോകുന്നത് എന്ന വിധത്തിലേക്ക് പ്രചരണം നടത്താനും ഇതിലൂടെ ഇടയാക്കി.
സ്വർണ്ണക്കടത്ത് അടക്കമുള്ള കേസുകളിലെ ബിജെപി നേതാക്കളുടെ അമിതമായ ഉത്സാഹം അന്വേഷണ ഏജൻസികളെ ശരിക്കും സമ്മർദ്ദത്തിലും വിഷമ വൃത്തത്തിലുമാക്കുന്നു. കേന്ദ്ര മന്ത്രി കൂടിയായ വി മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥരുമായി സംസാറിക്കുന്നുണ്ട്. കേസിന്റെ പ്രോഗ്രസ് എന്താണെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ഇവരുടെ ഫോൺവിളികൾ. കേന്ദ്രം ഭരിക്കുന്നവർ എന്ന നിലയിൽ ഇവർക്ക് വിവരങ്ങൾ നൽകിയില്ലെങ്കിൽ തങ്ങളെ ബാധിക്കുമോ എന്ന ഭയത്തിൽ ഉദ്യോഗസ്ഥർ ഇവർക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്.
ഇങ്ങനെ വിവരങ്ങൾ കൈമാറുമ്പോൾ ഏജൻസികൾ നടപടി എടുക്കും മുമ്പ് സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തി വിവരം പുറത്താകുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. അതേസമയം രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങളും ഇത്തരത്തിൽ പുറത്തുപോയതോടെ അന്വേഷണ ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കും ഇടയിൽ അവിശ്വാസം വളർന്നിരിക്കയാണ്. പലപ്പോഴും റെയ്ഡുമായി മറ്റും ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും വിവരം ചോർന്ന് ആരോപണ വിധേയർ അറിയുന്ന അവസ്ഥ. തലസ്ഥാനത്ത് ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി റെയ്ഡിന് എത്തിയപ്പോഴും ഈ വിവരം ചോർന്നിരുന്നു. ഇത് ഉദ്യോഗസ്ഥരെ ശരിക്കും അലോസരപ്പെടുത്തുന്നുണ്ട്. എവിടെ നിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന അവിശ്വാസം കേന്ദ്ര ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ രൂപം കൊണ്ടിരിക്കയാണ്.
സമ്മർദ്ദത്തിന് അടിമപ്പെട്ടു അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്ന അവസ്ഥ ഉണ്ടായതോടെ നേതാക്കളുടെ ഫോൺവിളിയിൽ അതൃപ്തി പ്രകടിപ്പിച്ചു ഉദ്യോഗസ്ഥർ മേലധികാരികളോട് പരാതി ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയമായി ഏജൻസികൾ പ്രവർത്തിക്കുന്നു എന്ന ആരോപണം ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നു എന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തന്നെ അത്തരം ഫോൺവിളികൾ ഒഴിവാക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു.
അതേസമയം ബിജെപി നേതാക്കളുടെ ഫോൺവിളികൾ സിപിഎമ്മിനും സർക്കാറിനുമാണ് സങ്കേതികമായി സഹായിക്കുന്നത്. ഇവർ ഫോൺവിളിച്ചു ശേഖരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും വഴിയിൽ ആരോപണ വിധേയർ അറിയുന്നു എന്നതാണ് പുറത്തുവരുന്ന സൂചന. ഇങ്ങനെ കേസിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നത് സിപിഎമ്മിനെ സഹായിക്കാനുള്ള രഹസ്യനീക്കങ്ങളുടെ ഭാഗമാണെന്ന ആക്ഷേപങ്ങളും ഇതിനിടെ ബിജെപിക്കുള്ളിൽ ഉയരുന്നുണ്ട്. സിപിഎമ്മിനെ സഹായിക്കാനുള്ള നീക്കമെന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങളും ഇതോടെ പുറത്തുവന്നു.
നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിസിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് കള്ളക്കടത്തിന്റെ സൂത്രധാരനെന്ന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തുവന്നതോടെ, മറ്റു രണ്ട് അന്വേഷണ ഏജൻസികളും വിഷമഘട്ടത്തിലായിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും ദേശീയ അന്വേഷണ ഏജൻസിയുടെയും കസ്റ്റംസിന്റെയും അന്വേഷണത്തിൽ ഇത്തരമൊരു സൂചന പോലും ലഭ്യമായിട്ടില്ല. ഇതിനിടെയാണ് ഇഡി അത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്.
കള്ളക്കടത്തിന്റെ സൂത്രധാരനെന്ന് ഇഡി പറയുന്ന എം ശിവശങ്കർ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ പ്രതിയല്ല. 35 പേരെയാണ് സ്വർണക്കള്ളക്കടത്തു കേസിൽ എൻഐഎ പ്രതി ചേർത്തിട്ടുള്ളത്. യുഇഎ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫൈസൽ ഫരീദ് ആണ് സ്വർണക്കടത്തിന്റെ സൂത്രധാരൻ എന്ന് എൻഐഎ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ശിവശങ്കറിനെ ഇതുവരെ സ്വർണക്കടത്തുമായി ബന്ധപ്പെടുത്താനായിട്ടില്ലെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നത്. യുഎപിഎ ചുമത്തിയ ഭീകരവാദ കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്. അതിൽ ശിവശങ്കറിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. തെളിവില്ലാതെ ഭീകരവാദ കേസിൽ ഒരാളെ പ്രതി ചേർക്കാനാവില്ലെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണം തുടരുകയാണെന്നും, ഇഡി കോടതിയിൽ ഉന്നയിച്ച വാദങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം സ്വർണക്കടത്തിലൂടെ ലഭിച്ചതാണെന്നാണ് എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് ലൈഫ് മിഷൻ കരാർ നൽകിയതിലെ കമ്മിഷൻ ആണെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. ഈ പണം ശിവശങ്കറിനുള്ളതാണെന്നും ഇഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ പറഞ്ഞു. എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾക്കു വിരുദ്ധമാണ് ഇതെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ ബി രാമൻ പിള്ള കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കെടി റമീസ് ആണ് സ്വർണക്കടത്തിന്റെ സൂത്രധാരൻ എന്ന നിഗമനത്തിലാണ് കസ്റ്റംസ്. ശിവശങ്കറാണ് ആസൂത്രകൻ എന്ന ഇഡിയുടെ വെളിപ്പടുത്തലിന്റെ വെളിച്ചത്തിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. അതേസമയം സ്വർണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്ന ഇഡിയുടെ വെളിപ്പെടുത്തൽ കസ്റ്റംസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കസ്റ്റംസ് ഇതുവരെ ഇത്തരമൊരു വാദം ഉന്നയിച്ചിട്ടില്ല. വളരെ എളുപ്പത്തിൽ കണ്ടെത്താമായിരുന്ന ഇക്കാര്യം കസ്റ്റംസിന്റെ അന്വേഷണത്തിൽ എങ്ങനെ വിട്ടുപോയെന്ന ചോദ്യമാണ് അന്വേഷണ ഏജൻസിയെ പ്രതിസന്ധിയിലാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ