കൊൽക്കത്ത : നേതാക്കൾ തന്നെ വിവാദ പ്രസ്താവനകളിറക്കി വെട്ടിലാക്കുന്ന സംഭവം ബിജെപിയിൽ തുടർക്കഥയാകുന്നു. ഡിസംബറിൽ നടക്കാനിരിക്കുന്ന രഥയാത്രയെക്കുറിച്ചാണ് ഇപ്പോൾ പുത്തൻ വിവാദ പ്രസ്താവന ഉടലെടുത്തിരിക്കുന്നത്. രഥയാത്ര തടയാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ തലയിലൂടെ രഥത്തിന്റെ ചക്രം കയറ്റിയിറക്കുമെന്നാണ് ബിജെപി വനിതാ നേതാവിന്റെ ഭീഷണി.

ബിജെപി നേതാവും മുൻ നടിയുമായ ലോക്കറ്റ് ചാറ്റർജിയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ബിജെപി വനിതാ വിഭാഗം അധ്യക്ഷ കൂടിയാണിവർ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബിജെപി രഥയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 5,6,7 തീയതികളിലാണ് ബംഗാളിൽ ബിജെപിയുടെ രഥയാത്ര. സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും രഥയാത്ര സഞ്ചരിക്കും.

പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. കൊൽക്കത്തയിൽ നടക്കുന്ന സമാപനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ബിജെപി നേതാക്കൾ തന്നെ പ്രകോപനപരമായ പ്രസ്താവനകളിറക്കി സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർഥ ചാറ്റർജി പറഞ്ഞു. ബംഗാളിൽ വർഗീയ അജണ്ട നടപ്പിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയുടെ വിഭാഗീയ അജണ്ടയെ പരാജയപ്പെടുത്തുമെന്നും പാർഥ പറഞ്ഞു.