ഇൻഡോർ: മധ്യപ്രദേശിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുടെ പ്രസ്താവന. മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ പ്രധാന പങ്ക് വഹിച്ചത് നരേന്ദ്ര മോദിയാണ് എന്ന വിമർശനമാണ് കൈലാഷ് വിജയ് വർഗിയ ഉയർത്തിയത്.

'ആരോടും പറയരുത്, ഇക്കാര്യം ഇതുവരെയും ആരോടും പറഞ്ഞിട്ടില്ല. ഈ വേദിയിലാണ് ഞാൻ ആദ്യമായി പറയുന്നത്. കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ സുപ്രധാന പങ്ക് വഹിച്ചത് നരേന്ദ്ര മോദിയാണെന്നും അല്ലാതെ ധർമേന്ദ്ര പ്രധാൻ അല്ല' എന്നും ഇൻഡോറിലെ പൊതു ചടങ്ങിൽ സംസാരിക്കവേ അദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തെ മിശ്രയും വേദിയിലിരിക്കെയാണ് കൈലാഷ് വിജയ്വർഗിയ പ്രസ്താവന നടത്തിയത്. മാർച്ചിലായിരുന്നു കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ മധ്യപ്രദേശിൽ രാജിവച്ചത്. കോൺഗ്രസിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ ഇറങ്ങിവന്നതോടെയാണ് കമൽനാഥ് സർക്കാരിന്റെ പതനത്തിന് കാരണമായത്. ഇതിന് രൂപം നൽകിയത് കേന്ദ്ര നേതൃത്വം ആയിരുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ പാർട്ടി പ്രവർത്തകരോട് നേരത്തെ പറഞ്ഞിരുന്നു.

22 എംഎൽഎമാരുമായി സിന്ധ്യ പാർട്ടിവിട്ടതോടെ ഉണ്ടായ വിശ്വാസവോട്ടെടുപ്പിൽ കമൽനാഥ് പരാജയപ്പെട്ടത്. 2018 ൽ അധികാരത്തിലെത്തിയ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് കമൽനാഥ് പറഞ്ഞിരുന്നു. കൂടാതെ സർക്കാരിന്റെ പതനത്തിനു പിന്നിൽ ബിജെപിയായിരുന്നുവെന്ന് തുടക്കം മുതലേ കോൺഗ്രസ് ആരോപിക്കുന്നുണ്ടായിരുന്നു.

ഭരണഘടനപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നരേന്ദ്ര മോദി ഭരണഘടന വിരുദ്ധമായാണ് താഴെയിറക്കിയതെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു എന്ന് കൈലാഷ് വിജയ്വർഗിയയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി കോൺഗ്രസ് വാക്താവ് നരേന്ദ്ര സാലുജ രംഗത്തെത്തി.