- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങൾക്ക് ഒരു രൂപയും വേണ്ട; എനിക്ക് ഒന്നര മണിക്കൂർ കൊണ്ട് ഗുരുവായൂരപ്പനെ കാണാൻ പോകണം, ജീവൻ പോയാലും നടപ്പാക്കും; വികസന നായകൻ പിണറായി വിജയൻ ജയ്': സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിന് എത്തിയ ബിജെപി നേതാക്കളെ അമ്പരിപ്പിച്ച് പ്രതികരണം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിരോധ യാത്രയിൽ അപ്രതീക്ഷിതമായ പ്രതികരണം നേതാക്കളെ വെട്ടിലാക്കി. കഴക്കൂട്ടത്താണ് സംഭവം. പ്രായമായ ദമ്പതികളാണ് തങ്ങളുടെ ഭൂമി കെ റെയിലിന് നൽകും, പദ്ധതി നാടിന് ആവശ്യമാണ് എന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരനോട് പറഞ്ഞത്.
സിൽവർ ലൈൻ ഇരകളെ നേരിൽ കണ്ട് പിന്തുണ അറിയിക്കാനാണ് ബിജെപിപ്രതിരോധ യാത്ര നടത്തിയത്. കെ റെയിൽ വിഷയത്തിൽ വിശദീകരണവുമായി നേരിട്ട് എത്തിയ വി മുരളീധരനോടും സംഘത്തോടും കുടുംബാംഗങ്ങൾ തങ്ങൾ പദ്ധതിക്കായി സ്ഥലം വിട്ട് നൽകാൻ തയ്യാറാണ് എന്ന് അറിയിക്കുകയായിരുന്നു. പിണറായി സിന്ദാബാദ് എന്ന മുദ്രാവാക്യവും കുടുംബാംഗങ്ങൾ മുഴക്കി. സ്ഥലം വിട്ട് കൊടുക്കുന്നതിൽ പ്രശ്നമില്ല, വികസനം വരണം എന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. സിപിഎം കൗൺസിലർ എൽ.എസ്. കവിതയും വീട്ടുകാരുമാണ് പ്രതിഷേധമുയർത്തിയത്.
'ഞങ്ങൾക്ക് ഒരു രൂപയും വേണ്ട. വികസന പദ്ധതിക്ക് ഭൂമി നൽകാൻ തീരുമാനിച്ചു. ഞങ്ങൾ സർക്കാറിനോടൊപ്പമാണ്. ഞങ്ങളുടെ സ്ഥലം നാളത്തെ തലമുറക്ക് വേണ്ടി നൽകും. ആരുടെ കൂട്ടും വേണ്ടാതെ എനിക്ക് ഒന്നര മണിക്കൂർ കൊണ്ട് ഗുരുവായൂരപ്പനെ കാണാൻ പോകണം. ഭൂമി പോകുന്നതിൽ സന്തോഷമേയുള്ളൂ. കാരണം നാളത്തെ തലമുറക്ക് വേണ്ടിയാണ് ഈ വികസനം. നിങ്ങൾ എതിർത്താലും ഞങ്ങൾ നടപ്പാക്കും. ജീവൻ പോയാലും നടപ്പാക്കും. രണ്ട് പെൺമക്കളുള്ള അമ്മയാണ് ഇത് പറയുന്നത്', വീട്ടമ്മ എൻ ലീലാകുമാരിവി. മുരളീധരനോട് പറഞ്ഞു.'വികസന നായകൻ പിണറായി വിജയൻ ജയ്' എന്ന് വിളിച്ചുകൊണ്ടാണ് ബിജെപി സംഘത്തോട് വീട്ടുകാർ പ്രതികരിച്ചത്.
അതേസമയം, സിപിഎം കൗൺസിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്നും മറ്റാരും നൽകുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കൗൺസിലറുടെ കുടുംബത്തിന് അങ്ങനെയല്ലാതെ പറയാനാകില്ല.
സിൽവർ ലൈൻ പദ്ധതിയോടുള്ള ജനങ്ങളുടെ വികാരം മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കണം. ബഫർ സോണിലുള്ളവർ എന്ത് ചെയ്യണമെന്ന് സർക്കാറാണ് വ്യക്തമാക്കേണ്ടത്' -വി. മുരളീധരൻ പറഞ്ഞു.
ശീതീകരിച്ച മുറിയിലിരിക്കുന്നവർ ഭൂമി നഷ്ടപ്പെടുന്നവരുമായി സംസാരിക്കണമെന്നും ഇടുന്ന കല്ല് അലൈന്മെന്റിന്റെ പേരിൽ മാറ്റിയാൽ ഇപ്പോൾ വായ്പ നിഷേധിക്കുന്നവർ എന്ത് ചെയ്യുമന്നും അദ്ദേഹം ചോദിച്ചു. കെ-റെയിൽ കല്ലിട്ടതിന്റെ പേരിലാണ് രാധാമണിക്ക് ബാങ്ക് വായ്പ നിഷേധിച്ചത്. ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനയാണ് കെ-റെയിൽ വിഷയത്തിൽ സർക്കാർ വൃത്തങ്ങൾ നടത്തുന്നതെന്നും പാർട്ടി കോൺഗ്രസിൽ വിഷയം സിപിഎം ചർച്ച ചെയ്യട്ടെയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ കഴക്കൂട്ടത്തെ കുടുംബം പ്രതികരിച്ച സംഭവം സിപിഐഎം സെറ്റിട്ട പ്രതിഷേധമാണെന്ന് ബിജെപിയുടെ അവകാശപ്പെട്ടു. പ്രാദേശിക സിപിഐഎം നേതാവിന്റെ വീട്ടുകാരാണ് മുരളീധരനെ പ്രതിഷേധം അറിയിച്ചത്. എന്നാൽ കവിതയുടെ സമീപവാസികൾ കേന്ദ്രമന്ത്രിയുടെ മുന്നിൽ കരയുകയായിരുന്നെന്ന് ബിജെപി അറിയിച്ചു.
ബിജെപി കുറിപ്പ് ഇങ്ങനെ: 'കേന്ദ്രമന്ത്രി വി.മുരളീധരന്റെ സന്ദർശനിത്തിനിടെ സിപിഎം കൗൺസിലറുടെ കുടുംബത്തിന്റെ നാടകീയ പ്രതിഷേധം. നഗരസഭ കഴക്കൂട്ടം ഒന്നാം വാർഡ് കൗൺസിലറും പ്രാദേശിക സിപിഎം നേതാവുമായ എൽ.എസ് കവിതയുടെ വീട്ടുകാരാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധം അറിയിച്ചത്. സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കാൻ തയാറാണെന്നായിരുന്നു വീട്ടുകാരുടെ വാദം. 'ജനനായകൻ പിണറായി വിജയൻ' എന്നായിരുന്നു ഗൃഹനാഥയുടെ മുദ്രാവാക്യം. പ്രതിഷേധ മുദ്രാവാക്യം വിളിയിലും അക്ഷോഭ്യനായി നിന്ന വി.മുരളീധരൻ എന്തുകൊണ്ട് സ്ഥലം വിട്ടുകൊടുക്കാൻ തയാറാണെന്ന് ചോദിച്ചു മനസിലാക്കി. അതേസമയം തൊട്ടടുത്ത വീടുകളിലെല്ലാം സ്ത്രീകളും പ്രായമായവരും കണ്ണീരോടെ കേന്ദ്രമന്ത്രിയോട് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു.''
മറുനാടന് മലയാളി ബ്യൂറോ